ADVERTISEMENT

വാട്ടിയെടുത്ത വാഴയിലയിൽ ചൂട് വെള്ള അരി ചോറ് ഇട്ട് അതിലേക്കു മത്തിക്കറി (വാളം പുളിചേർത്തത്) , ഓംലറ്റ്, ചമ്മന്തി, കാബേജ് തോരൻ, അച്ചാർ, മീന്‍ വറുത്തത് എന്നിവ ചേർത്തു തയാറാക്കുന്ന പൊതിച്ചോർ. ഗായിക അമൃത സുരേഷിന്റെ അമ്മ ലൈലയാണ് കൊതിപ്പിക്കുന്ന രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭവവും തയാറാക്കുന്നതും വിഡിയോയിൽ കാണാം.

 

മത്തിക്കറി

ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉലുവ, കടുക് എല്ലാം കൂടി എണ്ണയിൽ വഴറ്റി പാകത്തിനു കാശ്മീരി മുളകു പൊടിയും സാധാരണ മുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്തു മൂടി വച്ച് വേവിക്കുക. വാളൻപുളി നന്നായി പിഴിഞ്ഞ വെള്ളം കൂടി ചേർത്താണ് മത്തി കറി റെഡിയാക്കിയത്. ഈ കറിയിൽ കുടംപുളി ചേർത്തിട്ടില്ല. മത്തി പാകത്തിന് വെന്ത് ചാറൊക്കെ വറ്റി വരുമ്പോൾ രണ്ടു മൂന്ന് പച്ചമുളക് നടുവേ കീറിയതും കുറച്ച് കറിവേപ്പിലയും കൂടി  ഇതിലേക്കിടുക. മത്തിക്കറി റെഡി. 

 

കാബേജ് തോരൻ

കാബേജും കാരറ്റും സവാളയും ചെറിയുള്ളിയും പച്ചമുളകും കൂടി അരിഞ്ഞ് കറിവേപ്പിലയും ചിരകിയ തേങ്ങയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും േചര്‍ത്ത് നന്നായി ഞെരടി വയ്ക്കുക. ശേഷം സ്റ്റൗ കത്തിച്ച് ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് രണ്ട് വറ്റൽ മുളക് മുറിച്ചിട്ട് മൂത്തു വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാബേജ് കൂടി ഇട്ട് തീ കുറച്ച് മൂടി വച്ച് അധികം വേവാകാതെ വാങ്ങാം. 

 

മത്തി വറുത്തത്

പാകത്തിന് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകു പൊടി, ഉപ്പ് എന്നിവ എടുത്ത് അര ടീസ്പൂണ്‍ നാരങ്ങാ നീരും കുറച്ച് ചെറിയുള്ളി ചതച്ചതും കൂടി ഇതിലേക്കിട്ട് നന്നായി യോജിപ്പിക്കുക. ഈ മിക്സ് വെട്ടി കഴുകി വൃത്തിയാക്കിയ മത്തിയിലേക്ക് പുരട്ടി പത്തു മിനിറ്റ് നേരം വയ്ക്കുക. ശേഷം സ്റ്റൗ കത്തിച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായ ശേഷം എണ്ണയുടെ മുകളിലായി രണ്ടു മൂന്നു തണ്ട് കറിവേപ്പില ഇട്ട് അതിനു മുകളിലായി മത്തി ഓരോന്നായി ഇട്ട് വറുത്തെടുക്കാം. 

 

മുട്ട ഓംലറ്റ്

മുട്ടയുടെ കൂടെ പച്ചമുളക്, ഉള്ളി, അല്പം സവാള എന്നിവ അരിഞ്ഞതും കുറച്ചു തേങ്ങ ചിരകിയതും അല്പം പാലും (ഓംലറ്റിന് നല്ല മയം കിട്ടാൻ വേണ്ടി) കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ഓംലറ്റ് റെഡിയാക്കാം. 

 

തേങ്ങാ ചമ്മന്തി

ആവശ്യത്തിനു തേങ്ങ ചിരകിയത്, ഒരു പച്ചമുളക്, അല്പം വാളൻപുളി, നാലു ചെറിയുള്ളി, മുളകു പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് (ഇഷ്ടമുള്ളവർക്ക് കറിവേപ്പില കൂടി ചേർത്ത് അരയ്ക്കാം) മിക്സിയുടെ ജാറിൽ ചമ്മന്തിയുടെ പാകത്തിന് അരച്ചെടുക്കുക. 

 

പൊതിച്ചോറിനുള്ള കറികളെല്ലാം റെഡിയാക്കിയ ശേഷം പൊതിച്ചോറിനുള്ള വാഴയില ഒന്നു വാട്ടിയെടുക്കുക. ഇതിലേക്ക് നല്ല ചൂടോടെ വേണം ചോറിടാൻ അല്ലെങ്കിൽ ഇലയുടെ ഫ്ലേവർ കിട്ടില്ല. ചോറിനൊപ്പം കാബേജ് തോരൻ, ചമ്മന്തി, മത്തി വറുത്തത്, മുട്ട ഓംലറ്റ്, അച്ചാർ, കുറച്ച് മത്തി കറി കൂടി വച്ച് ഇല പൊതിഞ്ഞെടുക്കാം. പൊതിച്ചോറ് റെഡി.
 

Content Summary : Pothichor recipe video by Pappu and Grandma Vlogs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com