ADVERTISEMENT

ഐതിഹ്യമാലയിൽ, 108 കറികൾ കൂട്ടിയുള്ള ഊണു ചോദിച്ച വരരുചിക്ക് ഇഞ്ചിക്കറി നൽകിയ ബുദ്ധിമതിയായ പെൺകുട്ടിയുടെ കഥയുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. തണുപ്പുമൂലമുള്ള അസ്വസ്ഥതകളിൽ നിന്നും ആശ്വാസം പകരാൻ ഇഞ്ചി ചേർത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

 

ലോകത്തു തന്നെ ഏറ്റവും മികച്ച ഔഷധഗുണമുള്ള ഇഞ്ചിയാണ് അസമിലെ കർബി അങ്‌ലോങ് ജില്ലയിൽ കൃഷി ചെയ്യുന്നത്. കുറഞ്ഞ ഫൈബറും ഉയർന്ന പോഷക ഉള്ളടക്കവുമാണ് ഇതിനുള്ളത്. പേശീ വേദന, ദഹനക്കേട് എന്നിവയ്ക്കെല്ലാം മികച്ച ഔഷധമാണ്. 

 

ginger-lemon-tea

ഇഞ്ചി ചായ

രോഗപ്രതിരോധ ശേഷി കൂട്ടാൻ, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവയൊക്കെ കുറയ്ക്കാൻ ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ദിവസവും വീട്ടിൽ ഇഞ്ചി ചേർത്തു തയാറാക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്. രാവിലത്തെ ചായ, ചെറുതായി നുറുക്കിയ ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തയാറാക്കാം. ചുമ, ജലദോഷം എന്നിവയ്ക്കൊക്കെ ആശ്വാസം പകരും.

 

 

ജിഞ്ചർ മിൽക്ക്

ചായ ഇഷ്ടമല്ലാത്തവർക്ക് ചതച്ചെടുത്ത ഇഞ്ചി പാലിൽ ചേർത്തു തിളപ്പിച്ച് കുടിക്കാം.

 

 

ഇഞ്ചി മിഠായി

ഇഞ്ചിയും ശർക്കരയും നെയ്യും ചേർത്തു വീട്ടിൽ തന്നെ സൂപ്പർ ഇഞ്ചി മിഠായി തയാറാക്കാം.  എള്ള്, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവയും ഇതിൽ ചേർക്കാം.

 

ജിഞ്ചർ ബർഫി 

ഏലയ്ക്കയും പാലും ഇഞ്ചിയും ചേർത്തു യോജിപ്പിച്ച ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഈ കൂട്ട് ചേർത്തു വഴറ്റി നെയ്യ് തെളിഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാരയും ഡ്രൈ ഫ്രൂട്ട്സും ചേർത്തു യോജിപ്പിക്കാം. നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തി തണുപ്പിച്ച് എടുത്താൽ ഉഗ്രൻ ജിഞ്ചർ ബർഫി റെഡി

 

കാരറ്റ് – ഇഞ്ചി സൂപ്പ്

വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ, ആന്റി ഓക്സിഡന്റ്സ് എന്നിവ ധാരാളമുള്ള കാരറ്റിനൊപ്പം ഇഞ്ചി ചേർത്തു സൂപ്പ് തയാറാക്കി കുടിക്കുന്നത് ജലദോഷം, പനി എന്നിവയെ ശമിപ്പിക്കും.

 

നാടൻ രുചിയിലൊരു ഇ‍ഞ്ചിക്കറി

പാചകക്കുറിപ്പ്

ഇഞ്ചി – 500 ഗ്രാം, പച്ചമുളക് – 5 എണ്ണം, വെളുത്തുള്ളി – 10, തേങ്ങ– ഒരു മുറി, വാളംപുളി നീര്, ശർക്കര – 1, മുളകുപൊടി – 3 സ്പൂൺ, മല്ലിപ്പൊടി – 2 സ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, കായപ്പൊടി, ഉണക്കമുളക്, കടുക്, ഉലുവ, എണ്ണ, കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്.

 

പാകം ചെയ്യുന്ന വിധം

 

ഇ‍ഞ്ചി തൊലി കളഞ്ഞു കഴുകി ചെറുതാക്കി മുറിച്ചെടുക്കുക. പച്ചമുളക്, വെളുത്തുള്ളി, ഒരു കഷ്ണം തേങ്ങ എന്നിവ ചെറുതാക്കി അരിഞ്ഞെടുക്കുക. ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ വാളംപുളി 200 മില്ലിലീറ്റർ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ചു ചൂടാകുമ്പോൾ അരിഞ്ഞുവച്ച ഇ‍ഞ്ചി നല്ലപോലെ വറുത്തെടുക്കുക. ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിയതിനു ശേഷം കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർക്കുക. അതിനുശേഷം അരിഞ്ഞു വച്ച പച്ചമുളക്, വെളുത്തുള്ളി, തേങ്ങ എന്നിവ ഇടുക. ഇതു മൂത്തതിനു ശേഷം 3 ടീസ്പൂൺ മുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, കുറച്ചു മഞ്ഞൾപ്പൊടി എന്നിവ ഇട്ടു മൂപ്പിക്കുക. കുതിർത്തുവച്ച പുളി പിഴിഞ്ഞൊഴിക്കുക. അതു നല്ല പോലെ തിളപ്പിക്കുക. വറുത്തു വച്ച ഇ‍ഞ്ചി ഒരു മിക്സിയിൽ നല്ല പോലെ പൊടിക്കുക. തിളച്ചുവരുന്ന കൂട്ടിലേക്ക് ഇ‍ഞ്ചി ചേർക്കുക. നല്ലതുപോലെ കുറുകുമ്പോൾ ഒരു കഷണം ശർക്കരയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. അവസാനം തീ കെടുത്തിയതിനു ശേഷം കുറച്ച് കായപ്പൊടി ചേർത്ത് ഇറക്കിവയ്ക്കുക.

 

Content Summary : Yummy ginger-based recipes for winter season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com