ഹോ... എന്നാ ഉപ്പാ...ഇതെങ്ങനെ തിന്നും? അടുക്കളയിൽ നിന്നു കേൾക്കാവുന്നതിൽ വച്ച് ഏറ്റവും നിരാശാജനകമായ ഡയലോഗ്. പുത്തൻ പാചകരീതികൾ പരീക്ഷിച്ച് ഫിനിഷിങ് പോയിന്റിനടുത്തെത്തുമ്പോഴായിരിക്കും കാലിടറി വീണ് തകർന്നു തരിപ്പണമാകുന്നത്. റെസിപ്പിയും കറികളും ഓടയിലൊഴുകും. എന്നാൽ, അരുചികരവും അനാരോഗ്യകരവുമായ ഇത്തരം അവസ്ഥകളെ അതിജീവിക്കാൻ പലവഴികളും ഉണ്ടെങ്കിലും പലർക്കും അറിയില്ല. ഇതിനെതിരെ പണ്ടുമുതലേ നിലവിലുള്ളതും പ്രകൃതിദത്തവുമായ ചില നുറുങ്ങു പണികൾ പറയാം. ഈ വിദ്യകൾക്ക് മൊത്തത്തിൽ ഒരു പാകപ്പിഴയുള്ളത്, ഇതിന്റെ ആപ്ലിക്കേഷൻ ലെവൽ കറികളിൽ ഒതുങ്ങും. തോരൻ, പലഹാരങ്ങൾ, ഫ്രൈ തുടങ്ങിയവയിലൊന്നും രക്ഷയില്ല.
∙ ഉരുളക്കിഴങ്ങ് പച്ചയ്ക്കുള്ള പ്രയോഗം
തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ഉരുളക്കിഴങ് പല കഷണങ്ങളാക്കി ഉപ്പുകൂടിയ കറികളിൽ നിക്ഷേപിക്കുക. 20 മിനിറ്റ് അനക്കാതെ വച്ചേക്കണം. അധികമായ ഉപ്പെല്ലാം ഉരുളക്കിഴങ്ങ് വലിച്ചെടുത്തോളും. ഒന്നു കൂടി ഉപ്പുനോക്കി വിളമ്പാം.
∙ അരിപ്പൊടി ഉരുള
അരിപ്പൊടി കുഴച്ച് അഞ്ചോ ആറോ ചെറിയ ഉരുളകളാക്കി കറികളിൽ ഇടുക. ഉപ്പ് വലിച്ചെടുക്കാൻ പ്രത്യേക കഴിവാണ് അരിപ്പൊടി ഉരുളകൾക്ക്. ഉപ്പു കുറഞ്ഞു പോയാൽ വീണ്ടും ചേർക്കണം, സൂക്ഷിച്ച്.
∙ ന്യൂട്രലൈസിങ് ഫ്രഷ് ക്രീം
കറികളിലെ അധിക ഉപ്പ് രസത്തെ നിർവീര്യമാക്കുകയാണ് ഫ്രഷ് ക്രീം ചെയ്യുന്നത്. കറികളിൽ കൊഴുപ്പു കൂട്ടി ഉപ്പ് രസത്തെ ഇല്ലാതാക്കും ഫ്രഷ് ക്രീം.
∙ തൈര്
ഒരു ടീസ്പൂൺ സാധാരണ തൈര് കറിയിൽ ചേർത്ത് അൽപനേരം പാചകം ചെയ്യണം. അധിക ഉപ്പ് മാറും.
∙ പാൽ പ്രയോഗം
രണ്ടു ടീസ്പൂൺ പാൽ ഒഴിച്ച് പാകം ചെയ്താലും മതി ഉപ്പ് മാറാൻ. ഉപ്പുരസം മാറുമെന്നു മാത്രമല്ല, കറിയുടെ മൊത്തത്തിലുള്ള രുചികളെ ഒന്നു ബാലൻസ് ചെയ്തു നിർത്താനും പാൽ ഉപകരിക്കും.
∙ സവാള ഗിരിഗിരി
ഒരു ചെറിയ സവാള രണ്ടോ മൂന്നോ ആയി അരിഞ്ഞ് കറിയിൽ ചേർക്കുക. പച്ചയ്ക്കോ എണ്ണയിൽ വറുത്തു കോരിയോ സവാള ഇടാം. അഞ്ചു മിനിറ്റിനു ശേഷം സവാള മാറ്റണം. പെട്ടെന്നു മാറ്റിയെടുക്കാം അധിക ഉപ്പിനെ.
∙ വിനാഗിരിയും പഞ്ചസാരയും
വിനാഗിരിയും പഞ്ചസാരയും ഒരോ ടേബിൾ സ്പൂൺ വീതം ചേർത്തിളക്കിയേക്കണം. വിനാഗിരിയുടെ ചവർപ്പും പഞ്ചസാരയുടെ മധുരവും ചേർന്നുള്ള ആക്രമണത്തിൽ അധികം നിൽക്കുന്ന ഉപ്പുരസം പരാജയം സമ്മതിക്കും.
English Summary: Tricks to Reduce Excess Salt in Curries