ADVERTISEMENT

ലോകമെങ്ങും വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത് ഫെബ്രുവരി 14നുതന്നെ. പക്ഷേ ഒരോ ദേശത്തും ആഘോഷങ്ങൾ വ്യത്യസ്തമാണ്. പ്രണയത്തിന്റെ നിറം ചുവപ്പാണെങ്കിൽ വാലന്റൈൻസ് ദിനത്തിലെ ഇഷ്ടഭക്ഷണങ്ങൾക്കും നിറം ചുവപ്പാണ്. കടും ചുവപ്പുനിറത്തിലുള്ള എന്തിലും പ്രണയം കണ്ടെത്തിക്കളയും പ്രണയികൾ. സ്ട്രോബറി, തക്കാളി, റാസ്ബറി, മാതളനാരങ്ങ, മുന്തിരി തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്ന എന്തിനും ഈ ദിവസം ഡിമാന്റാണ്.

റെഡ് വെൽവെറ്റ് കേക്കുകൾ പ്രണയിക്കുന്നവരുടെ ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ്. കടുംചുവപ്പുനിറമുള്ള മുന്തിരി വൈനാണ് മറ്റൊരു ഇഷ്ടവിഭവം. ചോക്കലേറ്റിന്റെ സ്നേഹത്തിനും പഴക്കമേറെ. ഡാർക് ചോക്കലേറ്റ്, വൈറ്റ് ചോക്കലേറ്റ്, മിൽക് ചോക്കലേറ്റ്, പ്ലെയിൻ ചോക്കലേറ്റ് എന്നിങ്ങനെ എന്തിലും പ്രണയം നിറച്ചിരിക്കുന്നു.

പ്രണയികളുടെ ഇഷ്ടവിഭവങ്ങളുടെ ഒരു പട്ടിക തന്നെയെടുക്കാം: വാലന്റൈൻ നൈറ്റ് സ്ട്രോബെറി, ചോക്കലേറ്റ് കുക്കീസ്, റോൾഡ് ഷുഗർ കുക്കീസ്, കേക്ക് ബോൾ, ക്രീം ചീസ് ഷുഗർ കുക്കീസ്, ഒറിയോ ട്രിഫിൾസ് , ഫ്രഷ് സ്ട്രോബെറി അപ്സൈഡ് ഡൗൺ കേക്ക്, വൈറ്റ് ചോക്ക്്ലേറ്റ് റാസ്ബറി ചീസ് കേക്ക്, ക്രീമി പെസ്റ്റോ ഷ്രിമ്പ്, വാലന്റൈൻസ് സാൽമൻ, ബേക്ക്ഡ് ഡിജോൻ സാൽമൻ, മേപ്പിൾ സാൽമൻ, ചിക്കൻ പാസ്ത, ഫിലറ്റ് മിഗ്നൻ, സ്പഗറ്റി, സ്ട്രോബറി സാലഡ്, ഫ്രഞ്ച് ഒനിയൻ സൂപ്പ്.

അതിരുകളില്ലാത്ത ആഘോഷം

വാലന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട് ഭക്ഷണത്തിന് ഏറ്റവും കൂടുതൽ പണം മുടക്കുന്നത് അമേരിക്കക്കാരാണ്. അർജന്റീനയിൽ പ്രണയിക്കുന്നവരുടെ ദിനം ജൂലൈയിലാണ്. ചോക്കലേറ്റുകൾക്കൊപ്പം മധുരവും കൈമാറിയാണ് അവരത് ആഘോഷമാക്കുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്നതാണ് ഫ്രാൻസിലെ ആഘോഷം. മാസത്തിന്റെ എല്ലാ 14–ാം തീയതിയിലും ദക്ഷിണ കൊറിയയിൽ ആഘോഷമാണ്, പല പേരുകളിൽ.

ഘാനക്കാർക്ക് ഫെബ്രുവരി 14 ദേശീയ ചോക്കലേറ്റ് ദിനം കൂടിയാണ്. (ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന രാഷ്ട്രമാണ് ഘാന). പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വീഞ്ഞുകൊണ്ട് ആഘോഷം ലഹരിയാക്കുന്നവരാണ് ബൾഗേറിയക്കാർ. തടികൊണ്ട് മനോഹരമായി ഉണ്ടാക്കുന്ന സ്പൂൺ കൈമാറുന്നതാണ് വെയ്ൽസിലെ ജനതയുടെ സന്തോഷം. ജനുവരി 25നാണ് അവർ പ്രണയദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജപ്പാനിൽ ഫെബ്രുവരി 14 എന്നത് സ്ത്രീകൾക്ക് മാത്രം ആഘോഷിക്കാൻ വിധിക്കപ്പെട്ട ദിവസമാണ്. 

അന്നവർ ചോക്കലേറ്റും സമ്മാനങ്ങളും പുരുഷൻമാർക്ക് കൈമാറും. സമ്മാനിങ്ങൾ തിരികെ കൈമാറാൻ പുരുഷൻമാർ മാർച്ച് 14വരെ കാത്തിരിക്കണം. അന്നാണ് ‘വൈറ്റ് ഡേ’.

ബ്രസീലുകാർ ഫെബ്രുവരി 14 ലൗവേഴ്സ് ഡേയായി ആഘോഷിക്കുകയാണ് പതിവ്. വിവാഹിതരായവർ സമ്മാനങ്ങൾ കൈമാറുന്ന പതിവില്ല. ഇറ്റലിയിൽ അവിവാഹിതർ വധൂവരൻമാരെ കണ്ടെത്താൻ തിരഞ്ഞെടുത്തിരിക്കുന്നതും ഇൗ ദിവസമാണ്. ജർമനിയിൽ പന്നിക്കുട്ടിയുടെ രൂപത്തിലുള്ള ചോക്കലേറ്റുകൾ കൈമാറുന്ന പതിവുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രണയികൾ വിശ്വസിക്കുന്നു.

വാലന്റൈൻ ചോക്കലേറ്റ് സ്പെഷൽ

വൈറ്റ് ചോക്കലേറ്റ്
1 ബട്ടർ. - 2 ടേബിൾ സ്പൂൺ,
2. പഞ്ചസാര പൊടിച്ചത്- 8 ടേബിൾസ്പൂൺ,
3. പാൽപ്പൊടി - 8 ടേബിൾ സ്പൂൺ.
4. വെളിച്ചെണ്ണ- 6 ടേബിൾ സ്പൂൺ.

തയാറാക്കുന്ന വിധം:

ഒരു പരന്ന പാത്രത്തിൽ അര ലീറ്റർ വെള്ളം ഒഴിച്ച് നന്നായി തിളയ്ക്കുമ്പോൾ മറ്റൊരു പാത്രം തിളക്കുന്ന വെള്ളത്തിൽ ഇറക്കിവെച്ച് അതിൽ ആദ്യം ബട്ടറിട്ട് അലിയുമ്പോൾ രണ്ടും, മൂന്നും, ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക.ഇതിലേക്ക് നാലാമത്തെ ചേരുവയും ചേർത്തിളക്കുക. നന്നായി ആറിയ ശേഷം ഒരു മോൾഡിലേക്ക് ഒഴിച്ച് ഫ്രീസറിൽ 2 മണിക്കൂർ തണുക്കാൻ വയ്ക്കുക. (സിലിക്കൺ മോൾഡ് ആണെങ്കിൽ വേഗം ഇളകി വരും.)

ഡാർക്ക് ചോക്കലേറ്റ്
1. പാൽപ്പൊടി - 5 ടേബിൾ സ്പൂൺ.
2. ബട്ടർ - 6 ടേബിൾ സ്പൂൺ,
3. പഞ്ചസാര പൊടിച്ചത് - 10 ടേബിൾ സ്പൂൺ.
4. കൊക്കോ പൗഡർ - 3 ടേബിൾ സ്പൂൺ.
5. വനിലാ എസൻസ്- അര സ്പൂൺ.

തയാറാക്കുന്ന വിധം:

ഒരു പാനിൽ അര ലീറ്റർ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ മറ്റൊരു പാത്രം ഇറക്കി വച്ച് അതിൽ ബട്ടർ ഇട്ട് ഉരുക്കുക.ഇതിലേക്ക് പാൽപ്പൊടിയും 3, 4, ചേരുവകളും ചേർത്ത് ചെറുതീയിൽ കട്ട ഇല്ലാതെ ഇളക്കുക. നന്നായി ചൂടാകുമ്പോൾ വനിലാ എസൻസ് ചേർത്തിളക്കുക. ആറിയ ശേഷം മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക

ചോക്കലേറ്റ് മിൽക്ക് ഷെയ്ക്ക്
1. പാൽ- ഒരു കപ്പ്, (ഫ്രീസറിൽ വച്ച് തണുപ്പിച്ച് കട്ടയാക്കി പൊടിച്ചത്)
2. കൊക്കോപൗഡർ - ഒരു ടേബിൾ സ്പൂൺ.
3. ഡാർക്ക് ചോക്കലേറ്റ് പൊടിച്ചത്- 3 സ്പൂൺ
4. പഞ്ചസാര-5 ടേബിൾ സ്പൂൺ,
5. ഐസ് ക്രീം- 3 സ്കൂപ്പ്,
6 കശുവണ്ടി നന്നായി പൊടിച്ചത്- ഒരു സ്പൂൺ

തയാറാക്കുന്ന വിധം: 

ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക.ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ്ക്രീമും, കുറച്ച് ഡാർക്ക് ചോക്കലേറ്റും, കശുവണ്ടി പൊടിച്ചതും മുകളിൽ വിതറി ഉപയോഗിക്കുക.

പചകക്കുറിപ്പുകൾ തയാറാക്കിയത് : പത്മ സുബ്രഹ്മണ്യം, കാലടി.

 

Content Summary : Rich and delicious recipes infused with love for V-Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com