ഇനി ചക്കയുടെ കാലം, വ്യത്യസ്ത രുചിക്കൂട്ടുകൾ ഒരുക്കാം

HIGHLIGHTS
  • ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം
Jackfruit
SHARE

ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം. ചക്ക ഉപ്പേരി ഏറെ പ്രശസ്തമായ ഒന്നാണ്. ചില ചക്ക വിഭവങ്ങളെ പരിചയപ്പെടാം.

∙ ചക്ക വറ്റൽ

ചക്കച്ചുളയിൽ നിന്നും കുരുനീക്കിയ ശേഷം തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം കോരിയെടുത്തു വെയിലത്ത് ഉണക്കി ചക്ക വറ്റലായി ഉപയോഗിക്കാം.

∙ ചക്ക ഉപ്പേരി

ചക്കച്ചുള ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം.

ചക്കവരട്ടി

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ആവി കയറ്റിയശേഷം ശർക്കര പാവുകാച്ചിയതിലിട്ടു വെള്ളം വറ്റുന്നതു വരെ ചൂടാക്കുക. വെള്ളം വറ്റുമ്പോഴേക്കും നെയ്യ് ചേർക്കണം. തുടർന്നു ഏലയ്ക്കാ പൊടിയും ചേർത്തു തണുപ്പിച്ചു ഉപയോഗിക്കാം.

∙ ചക്കപ്പൊരി

പഴുത്ത വരിക്ക ചക്കയുടെ ചുള രണ്ടായി മുറിച്ചു ഏത്തയ്ക്കാ അപ്പം ഉണ്ടാക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

∙ ചക്കപഞ്ചമി

ചക്കച്ചുള, ചക്കക്കുരു, അച്ചിങ്ങാ പയർ എന്നിവ ചെറിയ കഷണങ്ങളാക്കി ഉണ്ടാക്കുന്ന വിഭവം. ചക്കക്കുരു ആദ്യം വേവിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ളവയും ആവശ്യത്തിനു മസാലക്കൂട്ടുകളും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു കടുകു വറുത്ത് ഉപയോഗിക്കാം.

∙ ചക്ക എരിശേരി

ചക്കക്കുരുവും ചുളയും അരിഞ്ഞു വെള്ളത്തിൽ വേവിക്കണം. വറ്റൽമുളകും തേങ്ങാ തിരുമ്മിയതും ജീരകവും മഞ്ഞൾപ്പൊടിയും ഉപ്പും അരച്ചു ചേർക്കുക, തുടർന്നു ചെറുതായി ചൂടാക്കി കടുക് വറുത്ത് ഉപയോഗിക്കാം.

∙ ഇടിച്ചക്കത്തോരൻ

ചക്ക വലുതാകാൻ തുടങ്ങുന്നതിനു മുൻപുള്ള പരുവമാണ് ഇടിച്ചക്ക. ഇതിന്റെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കും. തുടർന്നു വെള്ളമൊഴിച്ചു അടുപ്പത്തു വച്ചു വേവിയ്ക്കും. വെള്ളം ഊറ്റി കളഞ്ഞ ശേഷം വെന്തകഷണങ്ങൾ അരകല്ലിൽ ഇടിച്ചു പൊടിയാക്കും. മാങ്ങാ, മുളക്, ജീരകം, വെളുത്തുള്ളി എന്നിവ അരച്ചെടുത്തതു ഇതോടൊപ്പം ചേർത്തു കടുകു വറത്തു തോരനായി ഉപയോഗിക്കും.

∙ ഇടിച്ചക്ക സാമ്പാർ

ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കി സാമ്പാർ വയ്ക്കാം.

∙ പച്ചച്ചക്ക പുഴുക്ക്

വിളഞ്ഞ പച്ചച്ചക്കയുടെ ചുള ചെറുതായി അരിഞ്ഞു വേവിച്ചു ഉപയോഗിക്കുന്നതാണ് പുഴുക്ക്. രുചി കൂടാൻ ചക്കക്കുരുവും അരിഞ്ഞു ഇതോടൊപ്പം ചേർക്കും.

∙ ചക്കപ്പായസം

ചക്ക ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് നെയ്യുമായി ചേർത്തു വഴറ്റിയെടുക്കും. ഇതിനൊപ്പം നെയ്യ്, ശർക്കര, കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർത്തു പായസമുണ്ടാക്കാം. ഇതു പോലെ പഴുത്ത ചക്ക ഉപയോഗിച്ചു ചക്ക പ്രഥമനും ഉണ്ടാക്കാം.

∙ചക്കപ്പുട്ട്

അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്തു പുട്ട് ഉണ്ടാക്കാം.

∙ ചക്കയപ്പം

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തു കൂട്ട് ഉണ്ടാക്കും. അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തിയ ശേഷം ചക്കക്കൂട്ട് അതിലേക്കു വാരി വച്ചു ഇലമടക്കി ആവിയിൽ പുഴുങ്ങിയെടുക്കും.

∙ ചക്ക അവിയൽ

ചക്കച്ചുള, ചക്കമടൽ, (ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞതിനു ശേഷമുള്ള ഭാഗം) മാങ്ങ, പടവലം, വെള്ളരിക്ക, ചക്കക്കുരു, മുരിങ്ങയ്ക്ക എന്നിവ ചേർത്തു അവിയൽ വയ്ക്കാം.

Content Summary : Jackfruit tales: ways to cook this seasonal wonder.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS