ADVERTISEMENT

വെയിലേറ്റ് നട്ടുച്ചയ്ക്ക് നട്ടംതിരിഞ്ഞുനിൽക്കുമ്പോൾ ജൂസ് (Juice) എന്ന് കേൾക്കുമ്പോൾതന്നെ മനസ്സും ശരീരവും ഒന്നു തണുക്കും. പക്ഷേ, എല്ലാ ജൂസും ജൂസല്ല.ശുദ്ധമായ പഴങ്ങളിൽനിന്ന് ഉൗറ്റിപ്പിഴിഞ്ഞ ചാറിനെയാണ് ജൂസ് എന്ന് വിശേഷിപ്പിക്കുന്നത്. കൃത്രിമമായ യാതൊന്നും ചേർക്കാതെ തയാറാക്കുന്നതാവണം പഴച്ചാർ. ജൂസിനു പഴങ്ങളുടെ നിറവും മണവും ഗുണവും വേണമെന്നും അരിയും (കുരു) തൊലിയും പാടില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് ചട്ടങ്ങളിൽപ്പോലും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൃത്രിമമായി പഴുപ്പിക്കാതെ സ്വാഭാവികമായി പഴുത്തു പാകമായ പഴങ്ങൾ ഉപയോഗിച്ചു നിർമിച്ചതാവണം ജൂസ്. 

∙ ശീതള പാനീയങ്ങൾ

കുപ്പിയിലും കാനിലും പേപ്പർ പാക്കറ്റുകളിലും പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുന്ന ശീതള പാനിയങ്ങളെ ജൂസിന്റെ പരിധിയിൽ പെടുത്തരുതേ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇവയെയൊക്കെ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നു വിശേഷിപ്പിക്കുന്നതാവും കൂടുതൽ നന്ന്. അതുപോലെ പഴച്ചാറുകൾ എന്ന പേരിൽ ടിന്നുകളിലും മറ്റും ലഭിക്കുന്നവയും യഥാർഥ പഴച്ചാറുകളല്ല. ഇവയ്ക്കു യാതൊരുവിധ പോഷകാഹാരഗുണവും ഇല്ല. കൃത്രിമമായി പഴങ്ങളുടെ നിറവും മണവും ചേരുവയുമൊക്കെ ചേർത്ത വെറും പാനീയങ്ങളാണ് ഇവ. വിയർത്തൊലിച്ചു വരുമ്പോൾ തണുപ്പോടെ ഇവ വാങ്ങി കുടിക്കുന്നത് ഒട്ടും നന്നല്ല. ഇതു ദാഹത്തിന് താൽക്കാലിക ആശ്വാസം പകർന്നേക്കാം. എന്നാൽ, ഇവ കൂടുതൽ ക്ഷീണത്തിലേക്കും ദാഹത്തിലേക്കും മാത്രമേ നയിക്കൂ. ഇതിൽ അടങ്ങിയിരിക്കുന്ന അമിത മധുരം ശരീരത്തിന് ഒട്ടും നന്നല്ല. അരലിറ്റർ ഇത്തരം പാനീയങ്ങളിൽ ഏതാണ്ട് പത്തു ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. അതുപോലെ മധുരം കൂട്ടാനായി  ഇവയിൽ ചേർക്കുക ഹൈ ഫ്രക്ടോസ് കോൺ സിറപ്പാണ്. ഇതു മധുരത്തിന്റെ അളവ് നാലുമടങ്ങ് കൂട്ടും. അതുപോലെ ഇത്തരം പാനീയങ്ങളിൽ കഫീന്റെ അളവ് ഏറെയാണ്. കഫീന്റെ സാന്നിധ്യം ഇത്തരം പാനീയങ്ങൾ വീണ്ടും കുടിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും സ്വാഭാവികമായി നമ്മെ ഇവയുടെ അടിമയാക്കുകയും ചെയ്തേക്കാം. ഇത്തരം പാനീയങ്ങൾ കുടിച്ചാൽ കൂടുതൽ മൂത്രം പുറത്തുപോവുകയും ആവശ്യമായ ലവണങ്ങൾ ശരീരത്തിൽനിന്നു നഷ്ടപ്പെടുകയും ചെയ്യും. കൃത്രിമ പാനീയങ്ങൾ വയറിനു പ്രശ്നങ്ങൾ സൃഷ്ടിക്കും. വയറിനുള്ളിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതു വിശപ്പില്ലായ്മ, വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവയ്ക്കു വഴിവെയ്ക്കാം.

∙ ഡയറ്റ് ഡ്രിങ്ക്സ് – വേണ്ടേ വേണ്ട

‘ഷുഗർ ഫ്രീ’ എന്ന പേരിലോ ‘ഡയറ്റ് ഡ്രിങ്ക്സ്’ എന്ന പേരിലോ വിപണിയിലെത്തുന്ന കൃത്രിമ പാനീയങ്ങളും നല്ലതല്ല. ശരീരഭാരം കുറയ്ക്കുകയും ആരോഗ്യത്തിന് നല്ലതെന്നോ പറഞ്ഞാണ് ഇവ വിപണി കീഴടക്കിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കും എന്നതിനു ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല എന്ന് ഗവേഷണങ്ങൾ ചൂട്ടിക്കാട്ടിയിട്ടുണ്ട്. പഞ്ചസാര ചേർത്ത മധുര പാനീയങ്ങൾ ‘സമ്മാനിക്കുന്ന’ അതേ ദോഷഫലങ്ങൾ ഇവയ്ക്കുമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

∙ പ്രകൃതിയുടെ ജൂസ്

ഏറ്റവും മികച്ച ജൂസായി കണക്കാക്കുന്നതു കരിക്കിൻവെള്ളവും നാരങ്ങാവെള്ളവും. പഴത്തിൽനിന്നുള്ളതല്ലെങ്കിൽക്കൂടി പിന്നെ നമ്മുടെ സ്വന്തം കഞ്ഞിവെള്ളവും. വീട്ടിൽത്തന്നെ തയാറാക്കാവുന്ന നാടൻ സംഭാരമാണു മറ്റൊരു മികച്ച പാനീയം. ദാഹവും ക്ഷീണവും അകറ്റാൻ  ഉത്തമപാനീയമാണ് സംഭാരം. കിഡ്നി രോഗികളും ഹൃദ്രോഗികളും ഡോക്ടർമാരുടെ പ്രത്യേക സമ്മതത്തോടെ മാത്രമേ ഇവയൊക്കെ കുടിക്കാവൂ.

∙ പഴച്ചാറുകൾ

Sambharam

ഉപ്പോളം വരില്ല ഉപ്പിലിട്ടത്. അതുപോലെ പഴങ്ങളോളം വരില്ല പഴച്ചാറുകൾ. കാരണം പഴച്ചാറാക്കുമ്പോൾ പഴങ്ങളിലെ നാരുകളുടെ സ്വഭാവം നഷ്ടമാകുന്നു. എങ്കിലും ദാഹം അകറ്റാനും ക്ഷീണം മാറ്റാനും പഴച്ചാറുകളുടെ ശക്തി അപാരം തന്നെ. ജീവകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യവും, പോഷകാഹാര സമൃദ്ധിയും പഴച്ചാറുകളെ വ്യത്യസ്തമാക്കുന്നു. ജൂസിനായി തിരഞ്ഞെടുക്കുന്ന പഴങ്ങൾ, പ്രത്യേകിച്ചു തൊലിയോടുകൂടി ഉപയോഗിക്കുന്നവ നന്നായി കഴുകണം. പഴങ്ങൾ ഉപ്പ്, വിനാഗിരി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത വെള്ളത്തിലിട്ടു വയ്ക്കണം. നല്ല വെള്ളം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ജ്യൂസിൽ അധികം മധുരം വേണ്ട. ഉപ്പാവാം. തണുപ്പു നിർബന്ധമുള്ളവർക്ക് ഐസിനുപകരമായി മൺകലത്തിലെ വെള്ളം ഉപയോഗിക്കാം. തണ്ണിമത്തൻ, ഓറഞ്ച്, മാങ്ങ, മൂസംബി, ക്യാരറ്റ് എന്നിവ ലഭ്യതയനുസരിച്ചു വാങ്ങാം. പ്രമേഹവും രക്തിസമ്മർദവുമുള്ളവർ ഡോക്ടർമാരുടെ ഉപദേശത്തോടെ മാത്രമേ പഴച്ചാറുകൾ കുടിക്കാവൂ. പഴച്ചാറുകൾ രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. രാവിലെ പ്രാതലിനോ ഉച്ചയ്ക്ക് ഉൗണിനോ ഒരു മണിക്കൂർ മുൻപു കുടിക്കുന്നതാണു നല്ലത്. ദിവസവും രണ്ട് ഗ്ലാസിൽ കൂടുതൽ വേണ്ട. 

Content Summary : Healthy way to chill yourselves on a hot summer day 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com