ADVERTISEMENT

ചോറിനൊപ്പം മുളകിട്ട മീൻകറി ഉണ്ടെങ്കിൽ സംഗതി ജോറായി. കുടംപുളി ചേർത്ത് വറ്റിച്ചെടുത്ത നാടൻ മത്തിക്കറിയെങ്കിൽ രുചിയൂറും. കപ്പയ്ക്കും അപ്പത്തിനുമൊക്കെ അടിപൊളി കോമ്പിനേഷനാണ്. നല്ല ചുവന്ന് കുറുകിയിരിക്കുന്ന മീൻകറി ഹാ 

fish-curry1

ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. കറി വയ്ക്കുമ്പോൾ മീൻ പൊടിഞ്ഞു പോകാറുണ്ടെന്ന് മിക്കവരും പറയാറുണ്ട്. തവി ഉപയോഗിക്കാതെ ചട്ടി ചുറ്റിച്ചെടുത്താലും കറി വറ്റിച്ചെടുക്കുമ്പോൾ മീൻപൊടിയാറുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. മീൻപൊടിയാതെ നല്ല ക്രിസ്പിയായി മുളകിട്ട് വറ്റിച്ചെടുക്കണോ? ഇൗ രീതിയിൽ വയ്ക്കാം.

ചേരുവകൾ

∙മത്തി– അര കിലോ

∙വെളിച്ചെണ്ണ– 4 ടേബിൾ സ്പൂൺ

∙ഉലുവ– 1/4 ടീസ്പൂണ്‍

∙ഇഞ്ചി– ചെറിയ കഷ്ണം 

∙വെളുത്തുള്ളി ചതച്ചത്– 2 ടീസ്പൂൺ

∙പച്ചമുളക് – 2 എണ്ണം

∙കറിവേപ്പില– 2 തണ്ട്

∙മഞ്ഞൾപ്പെടി– 1/4 ടീസ്പൂണ്‍

∙കുരുമുളക് പൊടി 1/4 ടീസ്പൂൺ

∙കശ്മീരി മുളക്പൊടി–5 ടേബിൾ സ്പൂൺ

∙മല്ലിപൊടി– 2 ടേബിൾ സ്പൂൺ

∙കുടംപുളി – വലിയ കഷ്ണം

∙ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മത്തി വൃത്തിയായി കഴുകി എടുക്കാം. മീൻ മുഴുവനും വറക്കുന്ന പരുവത്തിന് വരഞ്ഞെടുക്കാം. ഇത്തിരി മുളകുപൊടിയും മഞ്ഞപൊടിയും കുരമുളക്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പുരട്ടിയെടുത്ത് നന്നായി വറുത്തെടുക്കാം. ശേഷം ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം, അതിലേക്ക് ഉലുവ ചേർത്ത് ചൂടാക്കാം. ശേഷം ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും  കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ചേർത്താൽ മീൻകറിയ്ക്ക് കൊഴുപ്പു കൂടും. അതിലേക്ക് കശ്മീരി മുളക്പൊടിയും മല്ലിപൊടിയും മഞ്ഞൾപൊടിയും കുടംപുളിയും ചേർത്ത് നന്നായി ചൂടാക്കാം. തീ കുറച്ച് വയ്ക്കണം. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. കാല്‍കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം. 

fish-curry

വെള്ളം മാറി എണ്ണം തെളിയുന്നിടം വരെ ഇളക്കിയെടുക്കാം. മുളക്പൊടിയും മല്ലിപൊടിയും മഞ്ഞൾപൊടിയും കുടംപുളിയും ചേർന്ന കൂട്ട് കുഴഞ്ഞ് വരുമ്പോൾ മൂന്നു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളയ്ക്കാൻ വയ്ക്കാം. നന്നായി തിളച്ചു വരുമ്പോൾ വറത്തു വച്ചിരിക്കുന്ന മീൻ ചേർക്കാം. ശേഷം അടച്ചു വയ്ക്കാം. 15 മിനിറ്റ് കഴിയുമ്പോൾ വെള്ളം വറ്റി നല്ല കൊഴുത്ത് മീൻകറിയാകും. ഗ്യാസ് ഒാഫ് ചെയ്തതിനു ശേഷം ഇത്തിരി വെളിച്ചെണ്ണ കൂടി മീൻകറിയ്ക്ക് മുകളിൽ ഒഴിച്ച് കൊടുക്കാം. ചാറ് വറ്റിച്ചെടുത്ത രുചിയൂറും മീൻകറി റെഡി. തലേ ദിവസം തയാറാക്കിട്ട് മീൻകറി പിറ്റേന്ന് എടുത്താൻ മീനിന് രുചിയേറും.

English Summary: Crispy Fish Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com