ADVERTISEMENT

കെഎഫ്സിയിലെ നല്ല മൊരിഞ്ഞ ചിക്കന്‍ ലെഗ് കഴിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ത്തന്നെ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം വരും, അല്ലേ! എന്നാല്‍ അതേ രുചിയില്‍ ബീഫ് കൊണ്ട് നല്ല കിടിലം ലെഗ് ബ്രോസ്റ്റ് വീട്ടില്‍ ഉണ്ടാക്കിയാലോ? അവധിദിനത്തിൽ ചങ്ങാതിമാര്‍ക്കൊപ്പം പാടത്തോ പറമ്പിലോ കൂടി ഒരുമിച്ചുണ്ടാക്കുകയുമാവാം. ഇത്തരമൊരു ബീഫ് ലെഗ് ബ്രോസ്റ്റ് പങ്കുവച്ചത് വില്ലേജ് ഫുഡ് ചാനല്‍ എന്ന യുട്യൂബ് ചാനല്‍ ആണ്.

 

വളരെ എളുപ്പം ഈ വിഭവം തയാറാക്കാം. അതിനായി ആദ്യം വേണ്ടത് 20 കിലോയോളം ഉള്ള ബീഫ് ലെഗ് ആണ്. ആദ്യം ബീഫിനു മുകളിലുള്ള പാട പോലെയുള്ള ഭാഗം പൂര്‍ണമായും നീക്കം ചെയ്യുക. എന്നിട്ട് മസാല പിടിക്കാനായി ഇറച്ചിക്കു മുകളില്‍ കത്തി കൊണ്ട് കുത്തുകള്‍ ഇടുക. ഇത് കഴുകി എടുത്ത ശേഷം, മുളക്പൊടി, മീറ്റ്‌ മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, കുറച്ച് ഒറിഗാനോ, ആവശ്യത്തിനു ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ മസാല ബീഫിനു മുകളില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 

 

ബീഫ് അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ശേഷം, ഒരു ചെമ്പിനുള്ളില്‍ വെള്ളമൊഴിച്ച് അതിനുമുകളില്‍ ഒരു സ്റ്റാന്‍ഡ് വച്ച് അതില്‍ വയ്ക്കുക. മൂന്നു മണിക്കൂറോളം തീ കത്തിക്കണം. ശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വയ്ക്കുന്നു. മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്ലോര്‍, ഉപ്പ്, കുറച്ച് ഗരം മസാല, ഒറിഗാനോ, അല്‍പ്പം പാല്‍, 6 മുട്ട എന്നിവ മിക്സ് ചെയ്ത് മസാല ഉണ്ടാക്കുക. ശേഷം നേരത്തേ എടുത്തുവെച്ച ബീഫിനു മുകളില്‍ ഇത് നന്നായി പുരട്ടുക. അതിനു മുകളിലായി കോണ്‍ഫ്ലേക്സ് കൂടി പറ്റിച്ചു വയ്ക്കുക. ശേഷം, മുകളില്‍നിന്ന് ഒരു കപ്പി കെട്ടി ബീഫ് തൂക്കിയിട്ട് ചീനച്ചട്ടിയിലേക്ക് ഇറക്കണം.  

 

തിളയ്ക്കുന്ന എണ്ണ കോരിക്കോരി ഇതിന് മുകളിലേക്ക് ഒഴിക്കണം. ഏറ്റവും മുകള്‍വശത്തു നിന്നും താഴേക്ക് വേണം എണ്ണ ഇങ്ങനെ ഒഴിക്കാന്‍. കുറച്ചു നേരം ഇങ്ങനെ ബീഫ് കുളിപ്പിച്ച് കഴിയുമ്പോള്‍ ബീഫ് കെഎഫ്സി റെഡി! സോസും മയണൈസുമെല്ലാം കൂട്ടി കഴിക്കാന്‍ വളരെ നല്ലതാണ് ഇത്.

English Summary: Beef Leg of kfc Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com