ADVERTISEMENT

കപ്പ കൊണ്ട് പല തരം വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരാണ് നമ്മൾ. പുഴുങ്ങുന്ന കപ്പ മുതൽ എല്ലും കപ്പയും ബോട്ടിയും കപ്പയും കപ്പ ബിരിയാണി അങ്ങനെ രുചിയൂറും നീണ്ട നിര തന്നെയുണ്ട്. ഇൗ രുചികൾക്കപ്പുറം മറ്റൊന്നുകൂടിയുണ്ട്. ഒരു പുത്തൻ താരോദയം. പാൽ കപ്പ. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ പാൽക്കപ്പ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക ഫുഡ് വ്ലോഗർമാരും ഇന്ന് പാൽക്കപ്പയുടെ ഫാൻസാണ്. എന്താണ് പാൽ കപ്പ. എങ്ങനെ തയാറാക്കാമെന്നു നോക്കാം.

നല്ല കൊഴുത്ത തേങ്ങാപ്പാലിൽ കുറാ കുറായെന്ന് ഇരിക്കുന്ന പാൽ കപ്പ കണ്ടാൽ തന്നെ വായിൽ കപ്പലോടും. പാൽക്കപ്പ ഉണ്ടാക്കുന്ന നിരവധി വിഡിയോകളും റീലുകളും കൊണ്ട് സമ്പന്നമാണിന്ന് സോഷ്യൽ ലോകം. ഫൈവ് സ്റ്റാർ ഹോട്ടൽ മുതൽ തട്ടുകടകളിൽ വരെ ഇന്ന് സൂപ്പർ സ്റ്റാർ മറ്റാരുമല്ല. മിക്ക ഹോട്ടലുകളും അവരുടെതായ സിഗ്നേച്ചർ കോമ്പോകളായും പാൽക്കപ്പ വിളമ്പുന്നുണ്ട്. നമ്മുടെ വീട്ടിൽ തന്നെ വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാന്തരം നാടൻ വിഭവമാണിത്. അതിനായി എന്തൊക്ക ചേരുവകൾ വേണമെന്ന് നോക്കാം. 

തയാറാക്കുന്ന വിധം 

ഒരു കിലോ കപ്പ നന്നായി കഴുകി ആവശ്യത്തിന് ഉപ്പും ചേർത്ത് ഉടഞ്ഞുവരുന്ന പരുവത്തിൽ വേവിക്കുക. തുടർന്ന് വെള്ളമൂറ്റി വയ്ക്കുക. ഇനി താഴെ കൊടുക്കുന്ന ചേരുവകൾ ഒരുക്കാം. 

 

ചുവന്നുള്ളി - 6-10 എണ്ണം 

വെളുത്തുള്ളി- ആറ് അല്ലി 

പച്ചമുളക്- നാല് എണ്ണം( നിങ്ങളുടെ എരിവിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയുമാകാം) 

വെളിച്ചെണ്ണ, കടുക്, ഉണക്കമുളക്, കറിവേപ്പില ഒന്നോ രണ്ടോ തണ്ട് എന്നിവ ആവശ്യാനുസരണം എടുക്കാം 

ജീരകം- അര ടീസ്പൂൺ 

 

 

ഇതിലെ പ്രധാന ചേരുവ തേങ്ങാപ്പാലാണ്. ഒരു മുറി തേങ്ങ ചിരകിയത് മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പാലു പിഴിഞ്ഞ് എടുക്കുക. വീണ്ടും ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അരച്ച് അരിച്ചെടുക്കണം. മൊത്തം രണ്ട് കപ്പ് തേങ്ങാപ്പാൽ വേണം. ഇനി മിക്സിയിലേക്ക് ചുവന്നുള്ളി, ജീരകം, വെളുത്തുള്ളി പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നന്നായി ചതച്ചെടുക്കണം. തുടർന്ന് വേവിച്ച് വച്ചിരിക്കുന്ന കപ്പയിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് വേണം തേങ്ങാപ്പാൽ ഒഴിക്കാൻ. നല്ലതുപോലെ തിളക്കണം. തിളച്ച് അത് കുറുകിവരുമ്പോൾ തീ ഓഫ് ചെയ്യുക. എന്നിട്ട് മറ്റൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, ഉണക്കമുളകും ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും വഴറ്റി തേങ്ങാപ്പാൽ ഒഴിച്ചുവച്ചിരിക്കുന്ന കപ്പയിലേക്ക് ചേർക്കാം. നന്നായി ഇളക്കിയെടുത്താൽ പാൽ കപ്പ റെഡി. ഇതൊടൊപ്പം നല്ല മുളകിട്ട മീൻ കറിയോ, ബീഫ് കറിയോ ചേർത്താൽ സംഭവം കുശാലാകും,. 

English Summary: Kerala Paal Kappa Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com