അഭിനയം മാത്രമല്ല, പാചകവും ചെയ്യും; വിഡിയോ പങ്കിട്ട് ഐശ്വര്യലക്ഷ്മി
Mail This Article
അഭിനയം മാത്രമല്ല, പാചകവും തനിക്ക് വഴങ്ങുമെന്ന് വിഡിയോയിലൂടെ കാണിച്ചുതരികയാണ് നടി ഐശ്വര്യലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ഇന്തൊനീഷ്യന്‍ വിഭവമായ സാംബൽ മാതാ ഉണ്ടാക്കുന്ന നടിയെ കാണാം. ഏപ്രണും തലയില്‍ തൊപ്പിയും അണിഞ്ഞ്, ഉള്ളി അരിയുന്ന ഐശ്വര്യലക്ഷ്മിയെയാണ് ഈ വിഡിയോയില്‍ ആദ്യം കാണുന്നത്. അതിനുശേഷം, ലെമണ്‍ഗ്രാസും ചെറുതായി അരിയുന്നു. ഐശ്വര്യക്കൊപ്പം മറ്റൊരു ഷെഫും ഉണ്ട്. അതിനു ശേഷം മുളകും ചെറുതായി അരിയുന്നു. ഇതെല്ലാം കൂടി ഒരു പാത്രത്തില്‍ ആക്കിയ ശേഷം അതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുന്നു. എന്തു വൃത്തിയായി അരിഞ്ഞിരിക്കുന്നുവെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെ നിരവധി കമന്റുകള്‍ വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.കൂടാതെ നടി കീര്‍ത്തി സുരേഷും ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
വളരെ രുചികരവും പ്രശസ്തവുമായ ഒരു ബാലിനീസ് വിഭവമാണ് സാംബൽ മാതാ. മലേഷ്യയിലും സിംഗപ്പൂരിലുമെല്ലാം വളരെ ജനപ്രിയമാണ് ഇത്. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ ഇത് ഉണ്ടാക്കിയെടുക്കാനും പറ്റും. ഗ്രില്‍ ചെയ്ത മാംസവിഭവങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കുമെല്ലാമൊപ്പം ഇത് ഉപയോഗിക്കാറുണ്ട്. മാത്രമല്ല, സല്‍സ പോലെ ചിപ്സ് ഇതില്‍ മുക്കി കഴിക്കുന്നവരും ഉണ്ട്.
പച്ചയ്ക്ക് കഴിക്കാമെങ്കിലും സാംബല്‍ മാതാ ഉണ്ടാക്കാന്‍ സാധാരണയായി ചെറുതായി അടുപ്പും ഉപയോഗിക്കാറുണ്ട്. ബെലാക്കൻ എന്ന് വിളിക്കുന്ന ചെമ്മീൻ പേസ്റ്റ്, പാനില്‍ 2-3 മിനിറ്റ് ഡ്രൈ ടോസ്റ്റ് ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, എണ്ണ, നാരങ്ങാനീര്, സെസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക.
ഒരു വലിയ മിക്സിംഗ് പാത്രത്തിൽ ചെറുനാരങ്ങ, തക്കാളി, കുരുമുളക്, വെളുത്തുള്ളി, നാരങ്ങ എന്നിവ അരിഞ്ഞെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച കൂട്ട് ഇതിലേക്ക് ചേര്‍ത്തിളക്കിയാല്‍ സാംബല്‍ മാതാ തയാര്‍. ഇതില്‍, വേവിച്ച മാംസമോ മത്സ്യമോ ചേര്‍ത്തും ഉപയോഗിക്കാം.
English Summary: Aishwarya Lekshmi Shares Cooking Video