ADVERTISEMENT

മാമ്പഴക്കാലം വര്‍ഷം മുഴുവനും നീണ്ടുനിന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? കണ്ണിമാങ്ങ മുതല്‍ പഴുത്തു ചുവന്ന തേന്‍മധുരമൂറുന്ന മാമ്പഴം വരെ നീണ്ടുനില്‍ക്കുന്ന കൊതിയാണ് മലയാളികള്‍ക്ക് മാങ്ങയോട്. പച്ചമാങ്ങ ധാരാളമായി കിട്ടുന്ന സമയത്ത്, ഉപ്പിലിട്ടും അച്ചാര്‍ ഉണ്ടാക്കിയും ഉണക്കിയുമെല്ലാം സൂക്ഷിച്ചാല്‍ അടുത്ത മാമ്പഴസീസണ്‍ ആകുന്നതുവരെ കഴിക്കാം. 

 

മാങ്ങ കേടാകാതെ സൂക്ഷിക്കാന്‍ ഏറ്റവും നല്ല വഴി അച്ചാര്‍ ഇടുക എന്നത് തന്നെയാണ്. അച്ചാറിനാണെങ്കില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നും തന്നെ ഇല്ല, ഓരോ നാട്ടിലും ഒന്നിനൊന്നു മികച്ച ഒട്ടേറെ പാചകരീതികളുണ്ട്.ഇന്‍റര്‍നെറ്റിലാകട്ടെ, വ്യത്യസ്ത തരം മസാലക്കൂട്ടുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഒട്ടേറെ അച്ചാറുകള്‍ കാണാം. മസാലകളും ചേരുവകളും ഏതായാലും, അച്ചാര്‍ കേടാകാതെ സൂക്ഷിക്കാന്‍ കാലങ്ങളായി മുത്തശ്ശിമാരും മുത്തശ്ശന്‍മാരുമെല്ലാം പിന്തുടരുന്ന കുറെ കുറുക്കുവഴികളുണ്ട്. ഇവ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

 

മാങ്ങ നന്നായി വൃത്തിയാക്കുക

അച്ചാര്‍ കേടാകാതിരിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം, അത് നന്നായി കഴുകുക എന്നതുതന്നെയാണ്. ഇത് ഏറെക്കാലം നിലനില്‍ക്കാന്‍  മാത്രമല്ല, അണുക്കളും ബാക്ടീരിയകളും ഇല്ലാതിരിക്കാനും സഹായിക്കും. 

 

വെയിലത്ത് ഉണക്കാം

നന്നായി കഴുകിയ ശേഷം, അധിക ഈര്‍പ്പം ഒഴിവാക്കാന്‍ അരിഞ്ഞ മാങ്ങാക്കഷ്ണങ്ങള്‍ ടെറസിനു മുകളില്‍ നല്ല വെയിലത്തിട്ടു രണ്ടോ മൂന്നോ ദിവസം ഉണക്കിയെടുക്കുന്നത് നല്ലതാണ്. 

 

മസാലകള്‍ ചെറുതായി ചൂടാക്കുക

അച്ചാറിടാന്‍ ഉപയോഗിക്കുന്ന മസാലയില്‍ ജലാംശം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അത് പൂപ്പലുണ്ടാകാന്‍ കാരണമാകും. അതിനാല്‍ മസാലക്കൂട്ട് എണ്ണയിലിട്ട് ചെറുചൂടില്‍ അല്‍പ്പനേരം ഇളക്കിയ ശേഷം മാത്രം അച്ചാറില്‍ ഉപയോഗിക്കുക. മാത്രമല്ല, ഇങ്ങനെ ചെയ്യുമ്പോള്‍ അച്ചാറിന് പ്രത്യേക സുഗന്ധവും ലഭിക്കും.

 

നന്നായി എണ്ണ ഉപയോഗിക്കുക

അച്ചാറിന്‍റെ കാര്യത്തിൽ, എണ്ണ ഒഴിക്കുന്നത് നിയന്ത്രിക്കേണ്ട ആവശ്യമില്ല. കൂടുതൽ എണ്ണ ഉപയോഗിക്കുമ്പോൾ, അച്ചാർ  മികച്ചതായിരിക്കും. മാത്രമല്ല, അച്ചാറിന്‍റെ ആയുസ്സ് വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കും.

 

ഉണങ്ങിയ പാത്രങ്ങളില്‍ സൂക്ഷിക്കുക

അച്ചാര്‍ ഇട്ടു കഴിഞ്ഞ്, അത് നന്നായി തണുത്ത ശേഷം മാത്രം ജാറുകളിലോ ഭരണികളിലോ ആക്കി സൂക്ഷിക്കാം. അതിനു മുന്‍പേ ഈ പാത്രങ്ങള്‍ നന്നായി വെയിലത്തിട്ടു ഉണക്കിഎടുക്കണം. മാത്രമല്ല, ഇവ ഒന്നിലധികം പാത്രങ്ങളില്‍ സൂക്ഷിക്കുക.  പാത്രത്തിൽ നിന്ന് അച്ചാർ എടുക്കാന്‍ എല്ലായ്പ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ ഉപയോഗിക്കണമെന്നും ഓർമ്മിക്കുക.

English Summary:How to keep  mango pickles fresh for a long time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com