ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. കൂട്ടിനു പഴം ആയാലും പയർ ആയാലും എന്തിന് ബീഫോ ചിക്കനോ മീൻകറിയോ എന്തുതന്നെ ആയാലും പുട്ടിന്റെ രുചി കൂടുകയേയുള്ളൂ. ചിലർക്ക് ഏറെ ഇഷ്ടമുള്ള ഈ വിഭവത്തിനു പക്ഷേ അത്രയും തന്നെ വിരോധികളുമുണ്ട്. പ്രഭാതഭക്ഷണമായി വീട്ടിൽ തയാറാക്കിയ പുട്ട്  ഈ വിരോധികൾ കാരണം ചിലപ്പോൾ ബാക്കിയാകാനും സാധ്യതയുണ്ട്. അങ്ങനെ ബാക്കിയായ പുട്ട് കളയാതെ അതുകൊണ്ടു മധുരമൂറുന്ന ലഡു തയാറാക്കിയെടുക്കാം. രുചിയിലും നിറത്തിലുമൊക്കെ 'ഒറിജിനൽ' തോറ്റുപോകുന്ന ഈ മധുര പലഹാരം ഒരിക്കൽ ഉണ്ടാക്കി ഇഷ്ടപ്പെട്ടു പോയാൽ പിന്നെ വീണ്ടും ഉണ്ടാക്കുമെന്നതു ഉറപ്പാണ്.

 

ബാക്കിയായ രണ്ടു കഷ്ണം പുട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചതിനുശേഷം പൊടിച്ച പുട്ട് അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി റോസ്‌റ്റ് ചെയ്തെടുക്കണം. ഏകദേശം ഒരുമിനിറ്റ് ചെറിയ തീയിലിട്ടാണ് പുട്ട് റോസ്‌റ്റ് ചെയ്യേണ്ടത്. പാത്രത്തിൽ നിന്നും മാറ്റിയതിനു ശേഷം പഞ്ചസാരപ്പാനി തയാറാക്കിയെടുക്കാം. അതിനായി അര കപ്പ് പഞ്ചസാരയിലേയ്ക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കണം. പഞ്ചസാര നന്നായി അലിഞ്ഞു ചേർന്നതിനു ശേഷം രണ്ടോ മൂന്നോ ഏലക്കായയും ഗ്രാമ്പുവും പൊടിച്ചതും ഒരു ടീസ്പൂൺ നെയ്യും കുറച്ചു ഫുഡ് കളറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കാം. ശേഷം നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന പുട്ട് കൂടി ചേർക്കണം. നന്നായി ഇളക്കി, പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി, കുറച്ചു ബദാമും ഉണക്ക മുന്തിരിയും അണ്ടിപരിപ്പും ചേർക്കാം. ചൂടാറിയതിനു ശേഷം കുറേശ്ശേ എടുത്ത് ലഡുവിന്റെ രൂപത്തിൽ ഉരുട്ടിയെടുക്കണം. സ്വാദിഷ്ടമായ ലഡു തയാറായി കഴിഞ്ഞു.

 

കടലമാവ് കൊണ്ട് മാത്രമല്ല, ബാക്കി വന്ന പുട്ട് കൊണ്ടും സ്വാദിഷ്ടമായ ലഡു തയ്യാറാക്കാമെന്നു മനസിലായില്ലേ? ഇനി പുട്ട് ബാക്കി വരുമ്പോൾ ഇങ്ങനെ ചെയ്തു നോക്കാമെന്നു മാത്രമല്ല, കാലത്തു കഴിക്കാതെ ബാക്കി വെച്ചിട്ടു പോയവരെ കഴിപ്പിക്കുകയും ചെയ്യാം. ''അപ്പൊ എങ്ങനാ... ഉണ്ടാക്കി നോക്കുവല്ലേ പുട്ട് ലഡു?''

English Summary: Laddu with left over Puttu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com