ADVERTISEMENT

എരിവുള്ള കറികളോട് പൊതുവേ മലയാളികള്‍ക്കല്‍പ്പം ഇഷ്ടക്കൂടുതലുണ്ട്. അതില്‍ത്തന്നെ പച്ചമുളകരച്ച കറികള്‍ കുറച്ചു കൂടുതല്‍ ജനപ്രിയമാണ്. പച്ചമുളക് ഭക്ഷണത്തിനു പ്രത്യേക സ്വാദ് നല്‍കുന്നു എന്ന് മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, മലബന്ധം ഒഴിവാക്കുക, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക എന്നിവയുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. വീട്ടില്‍ പച്ചക്കറികള്‍ ഒന്നും ഇരിപ്പില്ലെങ്കില്‍ വെറും മുളക് കൊണ്ടും കറി ഉണ്ടാക്കാം. പച്ചമുളകുകളുടെ കൂട്ടത്തില്‍ എരിവു കുറഞ്ഞ ചില്ലി പെപ്പർ കൊണ്ടാണ് ഈ കറി ഉണ്ടാക്കുന്നത്. വേണമെങ്കില്‍ സാധാരണ കിട്ടുന്ന ഏതു മുളകും ഉപയോഗിക്കാവുന്നതാണ്. ചപ്പാത്തി, പറാത്ത, നാൻ, പൂരി ചോറ് മുതലായവയ്ക്കെല്ലാമൊപ്പം കഴിക്കാന്‍ പറ്റുന്ന രുചികരമായ ഈ കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. 

ചേരുവകൾ

6 പച്ചമുളക്

അര ടീസ്പൂൺ ജീരകം

അര ടീസ്പൂൺ പെരുംജീരകം

ഒരു നുള്ള് കായം

ഒരു ബേ ലീഫ്

അര ടീസ്പൂൺ മഞ്ഞൾപ്പൊടി

1 ടീസ്പൂൺ മല്ലിപ്പൊടി

ഉപ്പ് പാകത്തിന് 

1 ടീസ്പൂൺ കടലപ്പൊടി

1 ടീസ്പൂൺ തൈര്

1/4 ടീസ്പൂൺ മാംഗോ പൌഡര്‍

അര ടീസ്പൂൺ ഗരം മസാലപ്പൊടി

എണ്ണ അല്ലെങ്കിൽ നെയ്യ് 

 

പാകം ചെയ്യുന്ന വിധം

പച്ചമുളക് കഴുകി, നടുകീറി വിത്തുകള്‍ കളയുക. ചെറു തീയിൽ കടലപ്പൊടി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാനിൽ നെയ്യ് അല്ലെങ്കിൽ എണ്ണ ചൂടാക്കുക, കായം, ബേ ലീഫ്, പെരുംജീരകം, ജീരകം എന്നിവ ചേർക്കുക. ഇത് പൊട്ടി വരുമ്പോള്‍ പച്ചമുളക് ചേർത്ത് ഇളക്കുക. 2-3 മിനിറ്റ് വഴറ്റുക. മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മുളക് നന്നായി വേവുന്നത് വരെ 5 മിനിറ്റ് പാൻ അടച്ച് വയ്ക്കുക.വറുത്ത് വെച്ചിരിക്കുന്ന കടലപ്പൊടി ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഗ്രേവിക്ക് നല്ല കട്ടി ഉണ്ടാകാനാണ് കടലപ്പൊടി ചേര്‍ക്കുന്നത്. കട്ടി വേണ്ടാത്തവര്‍ക്ക് ഈ ഘട്ടം ഒഴിവാക്കാം. തൈര് ചേർത്ത്  മറ്റൊരു 2 മിനിറ്റ് വേവിക്കുക. ഗ്രേവിക്കായി കുറച്ച് വെള്ളം ചേർക്കുക, വീണ്ടും പാൻ മൂടി, 2-3 മിനിറ്റ് വേവിക്കുക. ഗരം മസാലയും മാംഗോ പൌഡറും ചേർക്കുക. നന്നായി ഇളക്കി വിളമ്പുക.

English Summary: Green chilli curry recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com