ADVERTISEMENT

ഇഡ്ഡലി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഏത് നേരത്താണെങ്കിലും കഴിക്കാൻ സാധിക്കുന്ന, ഇഡ്ഡലിയെ പൊതുവെ പ്രഭതഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്. നല്ല പഞ്ഞിപോലെ ഇരിക്കുന്ന ഇഡ്ഡലി ഉണ്ടാക്കിയാൽ എത്ര എണ്ണം വേണമെങ്കിലും നമ്മൾ കഴിയ്ക്കും. ദക്ഷിണേന്ത്യൻ അടുക്കളയിലാണ് ഈ വിഭവം ഉത്ഭവിച്ചതെങ്കിലും, ഇന്ന് ഇന്ത്യയിലുടനീളവും വിദേശത്തും ഇ‍ഡ്ഡലി ഇഷ്ടപ്പെടുന്നവരുണ്ട്. ദക്ഷിണേന്ത്യയിലെ പാചകരീതിയെ നിർവചിക്കുന്ന ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിഭവമാണ് ഇഡ്‌‍ഡലി -അപ്പോൾ ആദ്യത്തെ ഏതാണെന്നാണോ, അതു നമ്മുടെ ദോശ തന്നെ. എന്നും ദോശയും ഇഡ്ഡലിയും ഉണ്ടാക്കാത്ത ഒരു അടുക്കള പോലുമുണ്ടാകില്ല. അരിയും ഉഴുന്നും ചേർത്തരച്ച് പുളിപ്പിച്ചുണ്ടാക്കുന്ന ഇഡ്ഡലിയ്ക്കുമുണ്ട് ചില രുചിവ്യത്യാസങ്ങൾ. അത്തരത്തിലുള്ള ഒരു ഉദാഹരണമാണ് കാഞ്ചീപുരം ഇഡ്‌ലി. 

 

കാഞ്ചീപുരം പട്ടുപോലെയൊരു ഇഡ്ഡലി

 

ഈ വിഭവം തമിഴ്‌നാട്ടിലെ പുരാതന നഗരമായ കാഞ്ചീപുരത്തിന്റേതാണെന്ന് പേരിൽ നിന്നുതന്നെ നമുക്ക് മനസിലാകും. പ്രാദേശികമായി, ഇതിനെ കോവിൽ ഇഡ്‌ഡലി എന്നാണ്  വിളിക്കുന്നത്. ഇതിൽ ചേർക്കുന്ന ചേരുവകളുടെ രുചിയിലാണ് കാഞ്ചീപുരം ഇഡ്ഡലി വ്യത്യസ്തമാകുന്നത്. ജീരകം, കായം, കറിവേപ്പില ഉൾപ്പെടെ കുറച്ച് സുഗന്ധവ്യജ്ഞനങ്ങൾ ചേർത്താണ് ഈ ഇഡ്ഡലിയുടെ നിർമാണം.ഭക്ഷ്യ ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിൽ അർപ്പിക്കുന്ന പ്രശസ്തമായ നൈവേദ്യമായിരുന്നുവത്രേ കോവിൽ ഇഡ്ഡലി. പിന്നീടത് തമിഴ് അടുക്കളയിലെ തട്ടുകളിലേയ്ക്ക് പകർന്നുഒഴിച്ചുതുടങ്ങി. നല്ല ആവിപറക്കുന്ന ഇഡ്ഡലിയ്ക്കൊപ്പം തേങ്ങ ചുട്ടരച്ച ചമ്മന്തിയോ സാമ്പാറോ ഉണ്ടെങ്കിൽ ആഹാ… 

 

 

ഇഡ്ഡലിയും കോവിൽ ഇഡ്ഡ‌ലിയും തമ്മിലുളള വ്യത്യാസം 

 

സാധാരണ ഇഡ്ഡലിയിൽ നിന്നും കോവിൽ ഇഡ്ഡലിയെ വ്യത്യസ്തമാക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ് ഒന്ന് അതിന്റെ ചേരുവകൾ തന്നെ. മറ്റൊന്ന് അതിനായി സ്വീകരിക്കുന്ന പാചക രീതിയും. സാധാരണ ഇഡ്ഡലിയിൽ നിന്ന് വ്യത്യസ്തമായി, കോവിൽ ഇഡ്ഡലിയിൽ കൂടുതൽ മസാലയായിരിക്കും. കോവിൽ ഇഡ്ഡലി ഉണ്ടാക്കുന്നതിനുള്ള രീതി പതിവ് പരമ്പരാഗതമായ ഇഡ്ഡലിതട്ടിൽ വേവിയ്ക്കുന്നതിൽ നിന്നും വ്യത്യസ്തമാണ്. വാഴയിലയോ ഒരു പ്രത്യേക തരം ചെടിയുടെ (എബോണി ചെടി) ഇല നിരത്തി, ഒരു മുള കൊട്ടയിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുന്നു. 

 

കാഞ്ചീപുരം ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം 

 

 

ഇഡ്ഡലി മാവ്- ഒരു ബൗൾ 

 

ഉപ്പ്- ആവശ്യത്തിന്

 

നെയ്യ്- ഒരു ടീസ്പൂൺ 

 

കറിവേപ്പില്- അരിഞ്ഞെടുത്തത് ഒരു പിടി 

 

കായപ്പൊടി- അര ടീസ്പൂൺ 

 

ഉണങ്ങിയ ഇഞ്ചിപ്പൊടി- 1 ടീസ്പൂൺ 

 

ജീരകം- ഒരു ടീസ്പൂൺ 

 

കുരുമുളക്- 3-4  എണ്ണം 

 

പച്ചമുളക്- അരിഞ്ഞത് ഒറു ടീസ്പൂൺ 

 

 

തയാറാക്കുന്ന വിധം

 

അരിയും ഉഴുന്നും അരച്ച മാവിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നെയ്യിൽ മൂപ്പിച്ചെടുത്തിനു ശേഷം ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക. രാത്രി മുഴുവൻ പുളിപ്പിച്ചതിനുശേഷം വാഴയിൽ കോരിയൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. ഇനി ഇലയില്ലെങ്കിൽ നമ്മൾ സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്നതുപോലെ ഇഡ്ഡലിതട്ടിലും വേവിച്ചെടുക്കാം. 

English Summary: Kanchipuram Idli Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com