ഇനി അയലക്കറി ഇങ്ങനെ വയ്ക്കണം! വളരെ എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാം

Mail This Article
ഉൗണിന് മീൻകറി ഉണ്ടെങ്കിൽ കുശാലായി, മുളകിട്ടതെങ്കിൽ സംഭവം കലക്കി. ഇപ്പോൾ മാർക്കറ്റിൽ സുലഭമായി കിട്ടുന്ന മീനായ അയല തന്നെ മീൻകറിയ്ക്ക് എടുക്കാം. അയല മുളകിട്ടും തേങ്ങായരച്ചും വറുത്തരച്ചുമൊക്കെ കറിവയ്ക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി അടിപൊളി അയലക്കറി വച്ചാലോ? ചൂടുചോറിനൊപ്പവും ചപ്പാത്തിയ്ക്കുമൊക്കെ സൂപ്പറാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
അയല മീൻ വെട്ടിക്കഴുകി എടുക്കാം. ചെറുതായി കഷ്ണങ്ങളാക്കാതെ വറക്കുന്ന രീതിയിൽ വരഞ്ഞെടുക്കാം. മീനിന്റെ അളവ് അനുസരിച്ച് കൈപിടി ചെറിയ ഉള്ളിയും ഒരു തക്കാളിയും എടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിയും തക്കാളിയും ഒന്നു വാട്ടി എടുക്കാം. ശേഷം മിക്സിയിൽ അരച്ചെടുക്കണം. മൺച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും ഉലുവയും പച്ചമുളകും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം.
അതിലേക്ക് മഞ്ഞപൊടിയും മല്ലിപൊടിയും കശ്മീരി മുളകുപൊടിയും ആവശ്യാനുസരണം ചേർക്കാം. അരച്ചു വച്ച ഉള്ളിയും തക്കാളിയും ചേർന്ന കൂട്ട് ചേർക്കാം. നന്നായി വഴറ്റിയെടുക്കണം. ആവശ്യത്തിന് വെള്ളവും ചേർക്കാം. പുളിയും ചേർക്കണം. നന്നായി തിളയ്ക്കുമ്പോൾ മീൻ ഇട്ടുകൊടുക്കണം. നല്ലതുപോലെ മീൻകറി കുറുകി വരും. രുചിയോടെ ചോറിനൊപ്പം കൂട്ടാം. ഇനി അയല ഇങ്ങനെ വച്ച് നോക്കാം.
English Summary: Mackerel Fish Curry