ADVERTISEMENT

ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലുള്ള ബ്രഹ്മനിഗാവ് ഗ്രാമത്തിലെ ജിഹോവ താസ തവ എന്ന ഹോട്ടൽ റോഡരികിലെ ഒരു സാധാരണ ഭക്ഷണശാലയാണ്. എന്നാൽ അവിടെ, ഉടമകളായ അനന്ത ബാലിയാർസിങ്ങും സഹോദരൻ സുമന്ത ബലിയാർസിങ്ങും സാമൂഹിക മാറ്റത്തിനുള്ള ഒരു മെനു കൊണ്ടുവന്നു. ഈ മെനുവിന്റെ ഹൈലൈറ്റ് നമ്മുടെ സ്വന്തം കേരളാ പൊറോട്ടയാണ്. ജാതി സംവാദങ്ങൾ കത്തിപ്പടരുന്ന ഈ കാലത്തും പക്ഷേ പൊറോട്ട അവിടെ തരംഗമായി. ബലിയാർസിങ് സഹോദരങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. ജാതിയുടെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് അവർ. പണ്ട് വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മലയോര മേഖലയിൽ ബലിയാർസിങ് സഹോദരന്മാരുടെ പൊറോട്ട ഇന്ന് ജാതിയുടെ അതിർവരമ്പുകൾ തകർത്ത് മുന്നേറുകയാണ്. എല്ലാ ജാതിയിൽപെട്ടവരും ജിഹോവ താസ തവയിലെ പൊറോട്ട തേടിയെത്തുന്നു. കോഴി, ചെമ്മീൻ, മട്ടൺ, മുട്ട, മീൻ തുടങ്ങിയ നോൺവെജ് കറികളാണ് പൊറോട്ടയ്ക്കൊപ്പം ഇവിടെ ജനപ്രിയമായത്. വെജിറ്റേറിയൻ വേണ്ടവർക്ക് അതുമുണ്ട്. 

പത്താം ക്ലാസിൽ തോറ്റതോടെ സ്‌കൂൾ പഠനം ഉപേക്ഷിച്ച അനന്തയും സുമന്തയും പല നാട്ടിലും ഹോട്ടലുകളിൽ പണിയെടുത്തിട്ടുണ്ട്. കുറച്ച് വർഷം മുൻപാണ് ഒരു ബന്ധു അവരെ ബെംഗളൂരുവിലെ ഒരു മൾട്ടി ക്യുസിൻ റസ്റ്ററന്റിൽ ജോലി ചെയ്യാൻ വിളിച്ചത്. റസ്‌റ്ററന്റിലെ പൊറോട്ട വിഭാഗത്തിന്റെ ചുമതലയായിരുന്നു ബന്ധുവിന്. സുമന്ത അയാളുടെ സഹായിയായി. അനന്ത നോൺ വെജിറ്റേറിയൻ പാചകവും പഠിച്ചു. ഹോട്ടൽനടത്തിപ്പിൽ പ്രതിസന്ധി ഉണ്ടായ സമയത്ത് ഇരുവരും കേരളത്തിലെത്തി. ഇവിടെ വച്ചാണ് പൊറോട്ട ഉണ്ടാക്കാൻ പഠിച്ചത്. രുചികരമായ നാടൻ പൊറോട്ടയുണ്ടാക്കുന്നതിൽ‌ അവർ വിദഗ്ധരുമായി. 

2018 ൽ അവർ നാട്ടിലേക്കു മടങ്ങാനും സ്വന്തമായി സംരംഭം‌ തുടങ്ങാനും തീരുമാനിച്ചു. അപ്പോഴേക്കും നാടു വിട്ടിട്ട് 18 വർഷം കഴിഞ്ഞിരുന്നു.

നാട്ടിലെത്തി അവർ ബ്രഹ്മിഗാവിലെ ഉപേക്ഷിക്കപ്പെട്ട പഞ്ചായത്ത് ഓഫിസിനു സമീപം ഒരു വഴിയോര ഭക്ഷണശാല തുറന്നു. വറുത്ത ചിക്കനായിരുന്നു ആദ്യ വിഭവം. അതിൽനിന്നു നല്ല വരുമാനം ലഭിച്ചു തുടങ്ങിയതോടെ, കഴിഞ്ഞ വർഷം അതൊരു ഹോട്ടലാക്കാൻ പദ്ധതിയിട്ടു. എന്നാൽ അപ്പോഴാണ്  ജാതി അവർക്കു വിനയായത്. ഹോട്ടൽ തുടങ്ങാൻ‌ പണവും ഏറെ സ്ഥലവും ആവശ്യമായിരുന്നുവെങ്കിലും ജാതിയുടെ പേര് പറഞ്ഞ് ബാങ്കുകളോ ഭൂവുടമകളോ സ്വന്തം കുടുംബമോ പോലും അവരെ സഹായിച്ചില്ല. താഴ്ന്ന ജാതിക്കാരുടെ കയ്യിൽനിന്ന് ആരും ഭക്ഷണം വാങ്ങിക്കഴിക്കില്ല എന്നു പറഞ്ഞ് സ്വന്തം കുടുംബാംഗങ്ങൾ പോലും  പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്ന് സഹോദരങ്ങൾ പറയുന്നു. പക്ഷേ പിന്മാറാനല്ല, ആ വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു അനന്തയുടെയും സുമന്തയുടെയും തീരുമാനം.

സുമന്തയുടെ ഭാര്യയും മരുമകനും ചേർന്ന് 35,000 രൂപ നൽകി. ഹോട്ടൽ തുടങ്ങാൻ ഒരു ചെറിയ സ്ഥലം ലഭിച്ചു. അവരുടെ കീഴിൽ ജോലി ചെയ്യാൻ ആരും തയാറാകാത്തതിനാൽ സഹോദരങ്ങൾ തന്നെ ആ ജോലിയും ഏറ്റെടുത്തു. ഇതിനുമുമ്പ് അവിടെ ആരും കേരള പൊറോട്ട രുചിച്ചിട്ടില്ലാത്തതിനാൽ, ഹോട്ടലിലെ മെനുവിന്റെ ഹൈലൈറ്റ് എന്ന നിലയിൽ അത് അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. പലതരം കറികൾക്കൊപ്പം അവിടെ വിളമ്പിയ പൊറോട്ട ആദ്യം നാട്ടുകാർ‌ക്കു കൗതുകമായിരുന്നു. അതിന്റെ രുചിയറി‍ഞ്ഞവർ പറഞ്ഞുകേട്ട് കൂടുതൽപേർ ഹോട്ടലിലെത്തി. ഇന്ന് ജിഹോവ താസ തവയിലെ പൊറോട്ടയുടെ ആരാധകരാണ് ബ്രഹ്മനിഗാവിലെയും അയൽഗ്രാമങ്ങളിലെയും മിക്കവരും. 

English Summary:

Kerala Parottas break caste barriers in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com