ADVERTISEMENT

ചൂടു പൊറോട്ട നല്ല ബീഫ് റോസ്റ്റിൽ മുക്കി കഴിക്കണം. ‘ഹാ, സ്വർഗീയം’ എന്നു ഭക്ഷണപ്രേമികൾ പറയും. സവാളയും വെളുത്തുള്ളിയും ഇഞ്ചിയും തേങ്ങാക്കൊത്തും മസാലയുമൊക്കെ ചേർത്ത് വെന്തുപാകമാകുന്ന ബീഫിന് ആരാധകർ ഒരുപാടുണ്ട്. എല്ലും കപ്പയും, ബീഫ് കറിയും കപ്പയും തുടങ്ങി ബീഫ് ആരാധകരുടെ ഇഷ്ട കോംബോകൾ ഏറെയാണ്. കാലങ്ങളായി ബീഫിന്റെ പ്രണയജോടി കപ്പയും പൊറോട്ടയും ആണെങ്കിലും ഇന്ന് അപ്പത്തിനും ഇടിയപ്പത്തിനും പുട്ടിനും പഴംപൊരിക്കും വരെ അവിടെ ഇടമുണ്ട്. ബീഫിനൊപ്പം പഴംപൊരി എന്ന രസകരമായ കൂട്ട് ഇന്നു പലർക്കും പ്രിയപ്പെട്ടതാണ്. 

ബീഫിന്റെ മറ്റൊരു കിടിലൻ വിഭവമാണ് ബീഫ് ഡ്രൈ ഫ്രൈ. ബീഫ് കറിയായും ഫ്രൈയായും റോസ്റ്റായുമൊക്കെ മിക്കവർക്കും പ്രിയമാണ്. നീളത്തിൽ മുറിച്ച ബീഫ് നന്നായി ഫ്രൈ ചെയ്തത് കാഴ്ചയിൽ മാത്രമല്ല കഴിക്കാനും സൂപ്പറാണ്. നല്ല മൊരിഞ്ഞ പൊറോട്ടയ്ക്കൊപ്പവും വെറുതെ കറുമുറെ കഴിക്കാനും അടിപൊളിയാണ്. 

എങ്ങനെയാണ് ബീഫ് പാകം ചെയ്യേണ്ടത്

വിഭവം ഏതായാലും രുചികരവും ഭക്ഷ്യയോഗ്യവുമാകുന്നത് വേണ്ട ചേരുവകളെല്ലാം ചേര്‍ത്ത് പാകം ചെയ്യുമ്പോഴാണ്. നിറവും മണവും രുചിയും മെച്ചപ്പെടുത്തുക മാത്രമല്ല പാചകത്തിന്റെ ഉദ്ദേശ്യം. സുരക്ഷിതമായി പാചകം ചെയ്യണം. പാചകം ചെയ്യുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ മാംസത്തിന്റെ രൂപത്തിലും രുചിയിലും മാറ്റങ്ങള്‍ ഉണ്ടാക്കും. ഏറ്റവും പ്രധാന മാറ്റം ജലാംശം നഷ്ടമാകുന്നു എന്നതാണ്. മാംസം ചൂടാകുമ്പോള്‍ മാംസപേശികളിലെ പ്രോട്ടീന്‍ ചുരുങ്ങുകയും അങ്ങനെ ജലാംശം നഷ്ടമാവുകയും ചെയ്യും.

kerala-style-beeef
Image Credit: Feroze Edassery/shutterstock

വേവിക്കാത്ത ബീഫിന്റെ ചുവപ്പുനിറം പാതി വേവാകുന്നതോടെ ഇളംപിങ്ക് നിറമാകുന്നു. വേവ് പാകമാകുന്നതോടെ പിങ്ക് നിറം മാറി തവിട്ടോ ചാരനിറമോ ആകുന്നു. തീ കുറച്ചിട്ട് പതിയെ വേവിക്കുമ്പോള്‍ മാംസത്തിലെ ചില സംയോജിതകലകള്‍ മയപ്പെടും. കൊഴുപ്പ് ഉരുകും. ഇറച്ചിയുടെ പുറമേ തവിട്ടുനിറം രൂപപ്പെടും. ഒപ്പം കൊതിപ്പിക്കുന്ന ഗന്ധവും പുറപ്പെടും. ബീഫ് പെട്ടെന്ന് വെന്ത് കിട്ടുവാനായി വേവിക്കുമ്പോൾ ഒരു കഷ്ണം പൈനാപ്പിൾ അല്ലെങ്കിൽ പപ്പായ ചേര്‍ത്ത് കൊടുക്കാം.

chilly-beef
Image Credit: EdgeRouter/shutterstock

ബീഫിന്റെ പല വെറൈറ്റി വിഭവങ്ങൾ ഉണ്ടെങ്കിലും ചുവന്ന മുളകും ചെറിയുള്ളിയും ചതച്ചുചേർത്ത ഒരു അടിപൊളി വിഭവത്തിന്റെ റെസിപ്പിയാണ് ഷെഫ് അരുണ്‍ വിജയൻ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പം വീട്ടിലുണ്ടാക്കാവുന്നതുമാണ്. ഇറച്ചി ഉണക്കമുളക് ചതച്ചതാണ് ഐറ്റം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്: 500 ഗ്രാം

ചെറിയ ഉള്ളി: 20 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം

മുളകുപൊടി: 5 ഗ്രാം

മഞ്ഞൾപ്പൊടി: 3 ഗ്രാം

ഉപ്പ് പാകത്തിന്

ഗരം മസാല: 10 ഗ്രാം

വെളിച്ചെണ്ണ: 100 മില്ലി

വെളുത്തുള്ളി ചതച്ചത്: 20 ഗ്രാം

മുഴുവനായും ചതച്ചത്: 20 ഗ്രാം

മുഴുവൻ ചുവന്ന മുളക് ചതച്ചത്: 20 ഗ്രാം

കറിവേപ്പില: 2 ഗ്രാം

പച്ചമുളക്: 5 എണ്ണം

കുരുമുളക് പൊടി: 5 ഗ്രാം

കടുക്: 2 ഗ്രാം

പെരുംജീരകം പൊടി: 6 ഗ്രാം

തയാറാക്കുന്ന വിധം

ബീഫ് കഷ്ണങ്ങൾ ഉപ്പ്, ചെറിയ ഉള്ളി, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് വേവിക്കാം. കുക്കറിൽ വയ്ക്കുന്നതിനെക്കാൾ നല്ലത് ഉരുളിയിൽ പാകം ചെയ്യുന്നതാണ്. നന്നായി വെന്തു കഴിയുമ്പോൾ വെള്ളം വറ്റി മസാലയുമായി ഒരുമിച്ച് ബീഫ് ഡ്രൈയാകും. 

beef-cooking

മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ചതച്ച ഉള്ളി, വെളുത്തുള്ളി, ചുവന്ന മുളക് എന്നിവ ചേർക്കുക. ഇത് നന്നായി വഴറ്റണം. ഇളം തവിട്ട് നിറമാകുമ്പോൾ വേവിച്ച ബീഫും പെരുംജീരകപ്പൊടി, കുരുമുളകു പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വീണ്ടും വഴറ്റണം. നല്ല കറുത്ത നിറം ആകുന്നതു വരെ 20 മിനിറ്റ് നേരം ബീഫ് വരട്ടിയെടുക്കണം. കറിവേപ്പിലയും പച്ചമുളകും ചേർത്ത് ഉണക്കമുളക് ചതച്ചുചേർത്ത ബീഫ് വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com