ADVERTISEMENT

വീശിയടിച്ചെടുത്ത പൊറോട്ട ചുട്ടുപഴുത്ത് കിടക്കുന്ന കല്ലിലേക്ക് ഇടുന്നു. മൊരിഞ്ഞ പൊറോട്ടയെ പിന്നെ കൈകൊണ്ട് കടുത്ത ചൂടിനെ വകവെയ്ക്കാതെ അടിച്ചെടുത്ത് പാത്രത്തിൽ വയ്ക്കുന്നു. പത്തനതിട്ടയിലെ ഒരു തട്ടുകടയിൽ ചെന്നാൽ നിങ്ങൾ കാണുന്ന കാഴ്ച പൊറോട്ട ഉണ്ടാക്കുന്ന ഒരു കൊച്ചുമിടുക്കിയെയായിരിക്കും. അച്ഛനെ സഹായിക്കാനായി ചുമ്മാ ഒന്ന് ചെയ്തുനോക്കിയതാണ് എട്ടാം ക്ലാസുകാരി ഗ്രീഷ്മ. ഇപ്പോൾ കടയിലെ എല്ലാ കാര്യത്തിലും ഈ മിടുക്കിയുടെ മേൽനോട്ടമുണ്ട്. സ്കൂൾ വിട്ടുവന്നാൽ ഈ പെൺകുട്ടി നേരേ പൊറോട്ട ഉണ്ടാക്കാനായിട്ടാണ് പോകുന്നത്. തമാശയായി തുടങ്ങിയ പൊറോട്ടയടി ഗ്രീഷ്മ ഇന്ന് സ്ഥിരം ചെയ്യുന്നു. പത്തനംതിട്ടയിലെ ഇലന്തൂരിലുള്ള തട്ടുകടയിലാണ് അച്ഛനൊപ്പം ഗ്രീഷ്മയെന്ന മിടുക്കി പൊറോട്ട മേക്കറുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലാണിന്ന് ഗ്രീഷ്മയും അവളുടെ പൊറോട്ട നിർമാണവും. 

porotta

വീടിനോട് ചേർന്ന് മാതാപിതാക്കൾ നടത്തുന്ന തട്ടുകടയിലാണ് പ്രഗത്ഭരായ പൊറോട്ട നിർമാതാക്കളെപ്പോലെ വളരെ അനായാസേന ഈ പെൺകുട്ടി പൊറോട്ട ഉണ്ടാക്കുന്നത്. അച്ഛനെ സഹായിക്കാനായിട്ടാണ് ഗ്രീഷ്മ ആദ്യമിത് ചെയ്തു തുടങ്ങിയത്. എന്നാലിന്ന് അവൾ ഏറ്റവും സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് ഈ പൊറോട്ട ഉണ്ടാക്കുന്നത്.  മാവ് കുഴയ്ക്കുന്നതുമുതൽ അത് ചുട്ടെടുത്ത് ചൂടോടെ വെറും കൈ കൊണ്ട് അടിച്ചെടുക്കുന്നതുവരെയുള്ള പ്രോസസ് ഒരു സാധാരണക്കാരൻ ചെയ്യുമ്പോൾ പോലും നമ്മൾ നോക്കി നിന്നുപോകും. അപ്പോഴാണ് വെറും എട്ടാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കി തൻമയത്വത്തോടെ ചെയ്യുന്നത്. പൊറോട്ട നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ഗ്രീഷ്മ കൃത്യമായി ചെയ്യുന്നത് വിഡിയോയിൽ കാണാം. പൊറോട്ട ഉണ്ടാക്കിക്കഴിയുമ്പോൾ അത് ചൂടോടെ അടിയ്ക്കുന്ന ഒരു പ്രക്രിയയുണ്ട്. അത് വലിയ ആളുകളുടെ കൈകൾക്കുപ്പോലും താങ്ങാനാകാത്ത വിധം ചൂട് തട്ടുന്ന ഒന്നാണ്. പക്ഷേ ഗ്രീഷ്മ അതും അനായാസേന ചെയ്യുന്നതുകാണാം. ഒരു ദിവസം ഏകദേശം 100 പൊറോട്ടയെങ്കിലും ഗ്രീഷ്മ ഉണ്ടാക്കുന്നുണ്ട്. 

സ്കൂൾ വിട്ടുവന്ന് അഞ്ചുമണിയോടെ ഗ്രീഷ്മ പാചകത്തിലേക്ക് കടക്കും. പൊറോട്ടയടി മാത്രമല്ല, കടയിലെ മറ്റെല്ലാ കാര്യങ്ങളിലും ഈ കൊച്ചുമിടുക്കിയുടെ കണ്ണെത്തും. എല്ലായിടത്തും ഓടിനടന്ന് അച്ഛനേയും അമ്മയേയും അവൾ സഹായിയ്ക്കും. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ താൻ ഏറെ ഇഷ്ടപ്പെട്ടാണ് ഇത് ചെയ്യുന്നതെന്ന് ഗ്രീഷ്മ പറയുന്നു. പൊറോട്ട നിർമ്മാണത്തിൽ അച്ഛനാണ് ഗുരു. ഗ്രീഷ്മയുടെ സഹോദരിയെ പഠിപ്പിക്കാനുള്ള വരുമാനം കണ്ടെത്താനും കൂടിയാണ് ഈ തട്ടുകട അവർ നടത്തുന്നത്. മാതാപിതാക്കളെ തന്നാൽ ആകുംവിധം സഹായിക്കുക എന്നതുമാത്രമാണ് ഈ കൊച്ചുമിടുക്കിയുടെ ലക്ഷ്യം, ഒപ്പം വലുതാകുമ്പോൾ പൊലീസ്കാരിയാകണമെന്ന ആഗ്രഹവും. 

English Summary:

Kerala ilanthoor girl porotta making video viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com