നീലദോശയോ? നിറം ചേർത്തതല്ല, ഇതാണ് താരം

Mail This Article
നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വേലിയരികുകളിലെ വള്ളിപ്പടര്‍പ്പില്‍ നിന്നും തലനീട്ടുന്ന സുന്ദരിയാണ് ശംഖുപുഷ്പം. നീലയില്‍ വെള്ളഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന ശംഖുപുഷ്പത്തെക്കുറിച്ച് വാഴ്ത്തിപ്പാടിയ ഒട്ടേറെ കവികളുണ്ട്. കാണാനുള്ള ഭംഗിയില്‍ മാത്രമല്ല, ഗുണത്തിലും ഏറെ മുന്നിലാണ് ഈ പൂവ്. ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളുണ്ട് ശംഖുപുഷ്പത്തിന്. പല ആയുര്‍വേദ മരുന്നുകളിലും ഇത് ഉപയോഗിക്കാറുണ്ട്.
ശംഖു പുഷ്പം ഇട്ടുണ്ടാക്കുന്ന ഹെര്‍ബല്‍ ടീ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ്. ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്നാണിത്. കൂടാതെ, ഇതിലെ അസൈറ്റല്‍കൊളീന്‍ എന്ന ഘടകം ബ്രെയിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുവാനും ഇതുവഴി ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. കൂടാതെ, ഇതിലെ പെപ്‌റ്റൈഡുകള്‍, സൈക്ലോറ്റൈഡുകള്‍ എന്നിവ കാന്‍സര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ, ശരീരവേദന, ചെങ്കണ്ണു പോലുള്ള നേത്രരോഗങ്ങള്‍, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയ്ക്കെല്ലാം ഈ കുഞ്ഞുപൂവ് ഔഷധമായി ഉപയോഗിക്കാം എന്ന് തെളിഞ്ഞിട്ടുണ്ട്.
ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ശംഖുപുഷ്പം ഉപയോഗിച്ച് ദോശയോ ഇഡ്ഡലിയോ ഒക്കെ ഉണ്ടാക്കിയാല്‍ ആരെങ്കിലും കഴിക്കുമോ? ഈയിടെ ഇത്തരത്തിലൊരു വിഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു. ജ്യോതി കല്‍ബുര്‍ഗി എന്ന ഇന്‍സ്റ്റഗ്രാം ക്രിയേറ്ററാണ് ഈ വിഡിയോ പങ്കുവച്ചത്.
ശംഖുപുഷ്പം ഇട്ടു വെള്ളം തിളപ്പിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. അടുത്തതായി, ഈ ലായനി ഒരു പാത്രത്തിൽ അരിച്ചെടുത്ത് അതിൽ ദോശ മാവ് ചേർക്കുന്നു. മാവ് നീലനിറമായി വരുന്നത് കാണാം. ശേഷം, ഒരു തവയിലേക്ക് ദോശമാവ് ഒഴിച്ച് ദോശ ഉണ്ടാക്കുന്നു. ക്രിസ്പിയും കാണാന്‍ മനോഹരവുമായ ദോശയാണ് ഇത്.
ലക്ഷക്കണക്കിനാളുകള്‍ ഇതുവരെ ഈ വീഡിയോ കണ്ടു. വളരെ ആരോഗ്യകരമായ ഒരു വിഭവം എന്നാണു കൂടുതല്‍ ആളുകളും കമന്‍റുകളില്‍ അഭിപ്രായപ്പെട്ടത്. കാണാന്‍ നീലനിറമുണ്ടെങ്കിലും രുചിയില്‍ വലിയ വ്യത്യാസമൊന്നും കാണില്ലെന്ന് ജ്യോതി വിഡിയോയുടെ വിവരണത്തിൽ പറയുന്നുണ്ട്.
വിഡിയോ കാണാം