മുഖക്കുരു ആണോ പ്രശ്നം! മാറാനായി ഈ ചായ കുടിച്ചാളൂ

Mail This Article
മുഖക്കുരു ചിലരെയെങ്കിലും അലട്ടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. രാവിലെ ഉറക്കമുണർന്നു കണ്ണാടിയിൽ നോക്കുമ്പോഴായിരിക്കും ചുവന്ന നിറത്തിൽ മുഖത്തു പ്രത്യക്ഷപ്പെട്ടിരിക്കുന്നു കുരു ശ്രദ്ധയിൽപ്പെടുന്നത്. കൗമാര പ്രായത്തിലുള്ളവരിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്നതാണെങ്കിൽ ചിലരിൽ എല്ലാക്കാലത്തും മുഖക്കുരുക്കൾ കാണാം. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിൽ ഉലുവയും കറുവപ്പട്ടയും ചേർന്ന ചായ ഉൾപ്പെടുത്തിയാൽ മുഖക്കുരുവിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താമെന്നാണ് ന്യൂട്രീഷനിസ്റ്റായ റിച്ച ഗാൻഗനിയുടെ അഭിപ്രായം.
ഹോർമോണുകളുടെ അസന്തുലിതാവസ്ഥമൂലമുണ്ടാകുന്ന മുഖക്കുരുക്കളെ പ്രതിരോധിക്കാനും ഉലുവയും കറുവപ്പട്ടയും ചേർന്ന ചായ ഏറെ നല്ലതാണ്. ഇരുപത്തിയൊന്ന് ദിവസം തുടർച്ചയായി ഈ ചായ കുടിച്ചാൽ മുഖത്തുണ്ടാകുന്ന കറുത്തപാടുകളെ വരെ ഇല്ലാതെയാക്കാൻ കഴിയും. ഉലുവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഡയോസ്ജെനിൻ എന്ന സംയുക്തം ആന്റി ബാക്റ്റീരിയൽ, ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ളമേറ്ററിയാണ്. ഇത് മുഖക്കുരുവിനെതിരെ പ്രവർത്തിക്കും. ആന്റിസെപ്റ്റിക് ഘടകങ്ങൾ കറുവപ്പട്ടയിലുമുണ്ട്. മുഖക്കുരുവിനെ മാത്രമല്ല, കറുത്തപാടുകളെ അകറ്റാനുമിതു സഹായിക്കുന്നു. ഈ ചായയിലെ മറ്റൊരു പ്രധാന ചേരുവ കറിവേപ്പിലയാണ്. ആന്റി മൈക്രോബിയൽ ഘടകങ്ങൾ കൊണ്ട് സമ്പന്നമായ കറിവേപ്പിലയിൽ വിറ്റാമിൻ എ യും സിയും അടങ്ങിയിരിക്കുന്നു. മുഖചർമത്തിലുണ്ടാകുന്ന അധികമുള്ള എണ്ണമയം, അഴുക്കുകൾ എന്നിവ ഇല്ലാതെയാക്കാനിതു മതിയാകും.
ചായ തയാറാക്കാം
ചായ തയാറാക്കാനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ ഉലുവ, കറുവപ്പട്ടയുടെ ഒരു കഷ്ണം, കുറച്ച് കറിവേപ്പില എന്നിവ കൂടി ചേർക്കണം. കുറച്ചു സമയം തിളപ്പിച്ചതിനു ശേഷം തീ അണയ്ക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം അരിച്ചെടുത്ത് മധുരം ആവശ്യമെങ്കിൽ മാത്രം തേൻ കൂടെ ചേർത്ത് കുടിക്കാവുന്നതാണ്. ചർമത്തിന്റെ ആരോഗ്യത്തിനു ഈ ചായ അത്യുത്തമമാണ്. രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കാം. ഇരുപത്തിയൊന്ന് ദിവസങ്ങൾ ഈ ചായ ഇതാവർത്തിച്ചാൽ മുഖക്കുരുവിനെ അകറ്റാമെന്നു മാത്രമല്ല, ചർമത്തിനു കൂടുതൽ മൃദുത്വവും കൈവരും.