കറികൾക്ക് എരിവ് കൂടിയോ? ടെൻഷന് വേണ്ട, ഈ ട്രിക്ക് മതി
Mail This Article
കറികൾക്ക് അല്‍പം എരിവും പുളിയും ഉപ്പുമൊക്കെ മുന്നിട്ടു നിൽക്കുന്നത് ഇഷ്ടമുള്ളവരുണ്ടാകും. എന്നാൽ അധികമായാൽ അമൃതും വിഷമെന്നത് പോലെ തന്നെയാണ് കാര്യങ്ങൾ. മേൽപറഞ്ഞതിൽ എന്ത് കൂടിയാലും കഴിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. ഫലമോ കഷ്ടപ്പെട്ട് ഉണ്ടാക്കിയവ കളയേണ്ടി വരും. കറികളിൽ എരിവ് കൂടിയാൽ അത് കഴിക്കുന്നത് വയറിനും അസ്വസ്ഥതകൾ ഉണ്ടാക്കും. എന്നാൽ ഇനി എരിവ് കൂടിയെന്ന് പറഞ്ഞു കറി ഉപേക്ഷിക്കേണ്ടതില്ല. ചില ചേരുവകൾ ചേർത്താൽ കറിയിലെ എരിവിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും.
* പണ്ടുകാലം മുതൽക്കു തന്നെ കറികളിൽ എരിവ് കൂടിപ്പോയാൽ ചേർക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. കറിയിൽ ഉപ്പോ എരിവോ വർധിച്ചതായി കണ്ടാൽ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനു ശേഷം ചേർത്ത് കൊടുത്താൽ മതി. കൂടുതലായി നിൽക്കുന്നവയെ ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വലിച്ചെടുത്തു കൊള്ളും.
* കറികളുടെ രുചിയും ഘടനയും മികച്ചതാക്കുന്നതിൽ തൈരിന്റെ പങ്ക് ചെറുതല്ല. എരിവ് കൂടുതലുള്ള കറികളിൽ തൈര് ചേർക്കുന്നത് എരിവ് കുറയ്ക്കാൻ സഹായിക്കും. തൈര് മാത്രമല്ല, ഫ്രഷ് ക്രീം, മറ്റു ഡയറി ഉൽപ്പന്നങ്ങൾ എന്നിവ ചേർത്താൽ എരിവ് ഒരു പരിധി വരെ കുറയും.
* അല്പം മധുരവും പുളിയുമുള്ള ടൊമാറ്റോ കെച്ചപ്പ് കറികളിൽ എരിവ് കൂടിയാൽ ചേർക്കാവുന്നതാണ്. കറിയുടെ രുചി വർധിക്കുമെന്ന് മാത്രമല്ല, ഒരു മധുരം കൈവരുകയും ചെയ്യും. കെച്ചപ്പിനു പകരമായി കുറച്ച് പഞ്ചസാര ചേർത്താലും മതിയാകും.
* കറികളിൽ ഒരൽപം പുളി ചേർത്താൽ എരിവ് കുറയും. അതിനായി ചെറുനാരങ്ങയുടെ നീര് ഉപയോഗിക്കാവുന്നതാണ്. വളരെക്കാലം മുൻപ് തന്നെ പരീക്ഷിച്ചിരുന്ന ഒരു വിദ്യയാണിത്. ചെറുനാരങ്ങയ്ക്ക് പകരമായി വിനാഗിരിയോ തക്കാളിയോ ചേർത്താലും മതിയാകും.
* മേൽപറഞ്ഞവയൊന്നുമല്ലാതെ കറിയിലെ എരിവ് കുറയ്ക്കണമെന്നുണ്ടെങ്കിൽ പച്ചക്കറികൾ കൂടുതലായി ചേർത്ത് കൊടുത്താൽ മതിയാകും. എരിവ് കുറയുമെന്ന് മാത്രമല്ല, കൂടുതൽ ആരോഗ്യകരമാകുകയും ചെയ്യും. എന്നാൽ ശ്രദ്ധിക്കേണ്ടത് തയാറാക്കിയ കറിയ്ക്ക് അനുയോജ്യമായ പച്ചക്കറികൾ ചേർക്കണമെന്നു മാത്രം.
Ways to Reduce Spiciness in Curry