എട്ടുലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ്; ഫൂഡ് ചാനലുമായി 85കാരി
Mail This Article
യൂട്യൂബ് ചാനലുകളുടെ കാലമാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സ്വന്തമായി ചാനലുകളുണ്ടിപ്പോൾ. പ്രായഭേദമെന്യേ എല്ലാവരും പലതരത്തിലുള്ള കണ്ടെന്റുകളുമായി യൂട്യൂബിൽ സജീവമാണ്. അത്തരത്തിൽ കഴിഞ്ഞ നാളുകളിൽ സോഷ്യൽ ലോകത്തു വൈറൽ ആയതു 85 വയസ് പ്രായമുള്ള ഒരു മുത്തശ്ശിയാണ്. യൂട്യൂബിൽ പാചക വിഡിയോകൾ പങ്കുവച്ചു കൊണ്ടാണ് മുത്തശ്ശി ആരാധകരെ നേടിയെടുത്തത്. വിജയ് നിശ്ചൽ എന്നാണ് ഈ എൺപത്തിയഞ്ചുകാരിയുടെ പേര്. ദാദി കി രസോയി എന്ന പേരിലാണ് മുത്തശ്ശി തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.
യൂട്യൂബ് ചാനലുകളെ കുറിച്ചുള്ള സ്ഥിരം പരാതി അവയുടെ ദൈർഘ്യമാണ്. എന്നാൽ ഈ ചാനൽ അധികസമയം നഷ്ടപ്പെടുത്തുകയില്ല, 90 സെക്കൻഡുകൾ മാത്രമാണ് ദാദി കി രസോയി യൂട്യൂബ് ചാനൽ പങ്കുവെയ്ക്കുന്ന പാചക വിഡിയോകളുടെ ദൈർഘ്യം. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളും കൂടെ കിടിലൻ അടികുറിപ്പുകളും നൽകിയിട്ടുള്ള മുത്തശ്ശിയുടെ വിഡിയോകൾ വളരെ കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യൽ ലോകത്തു തരംഗമായത്. പ്രായം വെറും അക്കം മാത്രമാണെന്ന് ഊട്ടിയുറപ്പിക്കുന്നുണ്ട് ഓരോ വിഡിയോകളും. തന്റെ പിതാവിൽ നിന്നുമാണ് പാചകത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചതെന്നും കൊച്ചു മകന്റെ നിർദ്ദേശപ്രകാരമാണ് ഈ എൺപത്തിയഞ്ചാം വയസിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും വിജയ് നിശ്ചൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ എട്ടുലക്ഷത്തിനു മുകളിൽ ഫോളോവേർസുമുണ്ട് ഇവർക്ക്. ഡ്രേക്കിന്റെ പാട്ടിന്റെ അകമ്പടിയോടെ അതിനു താളം പിടിച്ച് മുത്തശ്ശി തയാറാക്കുന്ന മുട്ട ചേർക്കാത്ത കേക്കിന്റെ വിഡിയോയ്ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. നവംബർ 17 നു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടത് 1.1 മില്യൺ ആളുകളാണ്. നിരവധി കമെന്റുകളും ഇതിനൊപ്പമുണ്ട്. ഇപ്പോഴത്തെ യുവതലമുറയെക്കാളും ഉഷാറാണ് മുത്തശ്ശിയെന്നും ഈ ദാദിയെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നുമെല്ലാം അർത്ഥമാക്കുന്ന നിരവധി കമെന്റുകൾ വിഡിയോയുടെ താഴെയുണ്ട്.
വിഡിയോ