ADVERTISEMENT

മീൻ വിഭവങ്ങൾ എല്ലാവർക്കും പ്രിയമാണ്. വറുത്തതും കറിവച്ചതും മപ്പാസും എന്നുവേണ്ട സകലതിനും ആരാധകരേറെയുണ്ട്. വെറൈററ്റി രുചിയിലും ഇന്ന് മീൻ വിഭവങ്ങൾ തയാറാക്കാറുണ്ട്. ഈ അടുത്ത കാലത്ത് ട്രെൻഡായ ഒന്നാണ് ഫിഷ് നിർവാണ. ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഡിഷായിരുന്നു അത്. കരിമീൻ തേങ്ങാപ്പാലിന്റെ രുചിയിൽ വേവിച്ചത്. അതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു രുചികൂട്ടാണ് ഷെഫ് സിനോയിയും ഷെഫ് ഷിബിനും തയാറാക്കിയിരിക്കുന്നത്. എന്തിലും വെറൈറ്റി കൊണ്ടു വരിക അതുതന്നെയാണ് ഇക്കൂട്ടരുടെ പ്രത്യേകത. കരിമീൻ അല്ല, കാളാഞ്ചിയാണ് ഇന്നത്തെ സൂപ്പർ താരം.

ക്രിസ്മസ് ഇങ്ങെത്തി, അപ്പവും ബീഫും ചിക്കനും മാത്രമല്ല, ഇത്തവണത്ത ക്രിസ്മസ് ആഘോഷത്തിന് മോടികൂട്ടാൻ മീനിന്റെ രുചികൂട്ട് ഒന്നു മാറ്റിപിടിക്കാം. സിംപിളും ടേസ്റ്റിയുമായ മീൻ പാൽതുള്ളി തയാറാക്കാം. പേര് കേൾക്കുമ്പോൾ ഇതെന്ത് ഐറ്റം എന്നാണോ ചിന്തിക്കുന്നത്? ഗംഭീര രുചിനിറച്ച മീൻവിഭവമാണിത്. ഒട്ടും സമയം കളയാതെ വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാം. തേങ്ങാപ്പാലിൽ രുചിമേളം തീർക്കുന്ന മീൻ മാത്രമല്ല, കൂട്ടായി ഒരു വെറൈറ്റി നോർത്തിന്ത്യൻ സ്റ്റൈൽ സാലഡും റെഡിയാക്കാം. ഏതൊക്കെ മീനുകൾ ഇതിന് ഉപയോഗിക്കാമെന്നും എങ്ങനെയാണെന്നുമൊക്കെ നോക്കാം.

മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കാം

അങ്ങേയറ്റം പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും, മീന്‍ പാചകം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വൃത്തിയാക്കുന്നത് മുതല്‍ തുടങ്ങി ശരിയായ രുചി ലഭിക്കുന്ന രീതിയില്‍ പാചകം ചെയ്യുന്നത് വരെ നല്ല ശ്രദ്ധ വേണം. ശരിയായ മീന്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ആദ്യത്തെ കടമ്പ. ചീഞ്ഞ മീന്‍ കണ്ടാല്‍ മനസ്സിലാക്കാന്‍ ചില എളുപ്പവഴികളുണ്ട്. ആദ്യത്തേത്, ദുര്‍ഗന്ധം തന്നെ. മീനിന്‍റെ ഉളുമ്പു മണം കൂടാതെ ചീഞ്ഞ മണം വരുന്നുണ്ടോ എന്ന് പരിശോധിക്കുക. മീനിന്‍റെ ദേഹത്ത് വിരല്‍ കൊണ്ട് അമര്‍ത്തി നോക്കുന്നതാണ് മറ്റൊരു വഴി. അമര്‍ത്തുമ്പോള്‍ കുഴിഞ്ഞു പോകുന്ന ശരീരഭാഗം, പെട്ടെന്ന് പഴയപടി ആകുന്നില്ലെങ്കില്‍ പഴകിയ മീനാണ് എന്നാണര്‍ത്ഥം. 

Image Credit: David Petrus Ibars/istock
Image Credit: David Petrus Ibars/istock

മീനിന്റെ കണ്ണുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിറവ്യത്യാസം ഒന്നും തന്നെയില്ലാതെ വെളുത്ത നിറത്തിലുള്ള കണ്ണുകൾ പഴക്കമില്ലാത്ത മൽസ്യമാണെന്ന സൂചന നൽകുമ്പോൾ, പഴക്കമുള്ളതിന്റെ കണ്ണുകളിൽ ചുവന്നനിറം കലർന്നതായി കാണാവുന്നതാണ്. അതുപോലെ തന്നെ ചെതുമ്പൽ ഇല്ലാത്ത വലിയ മൽസ്യം വാങ്ങുമ്പോൾ പുറമെയുള്ള ചർമത്തിന് തിളക്കമുണ്ടോ എന്നതും നോക്കണം. നല്ല തിളക്കമുള്ള മൽസ്യം, ഫ്രഷ് ആണെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കും. എന്നാൽ പഴക്കമുള്ളതിന്റെ പുറം ഭാഗത്തിനു തിളക്കം കുറവായിരിക്കും. മത്സ്യത്തിന്റെ ചെകിള പൊളിച്ചു നോക്കിയാലും പഴക്കമുള്ളതും അല്ലാത്തതും തിരിച്ചറിയാൻ സാധിക്കും. ഫ്രഷ് മീനിന്റെ ചെകിളയ്ക്ക് അടിഭാഗം നല്ലതു പോലെ ചുവന്നായിരിക്കും കാണപ്പെടുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴക്കമില്ലാത്ത മീനുകൾ നോക്കി വാങ്ങാൻ കഴിയും.

Image Credit: Santhosh Varghese/shutterstock
Image Credit: Santhosh Varghese/shutterstock

മീൻ വാങ്ങിയ ശേഷം ശരിയായി സൂക്ഷിക്കുകയും വേണം. പുറത്തുവച്ചാല്‍ മറ്റേതൊരു മാംസവും പോലെ മീനും വേഗത്തില്‍ കേടാകും. അതിനാല്‍ ഇത് വൃത്തിയാക്കിയ ശേഷം, ഒരു സിപ്ലോക്ക് ബാഗിലേക്കോ ടൈറ്റ് കണ്ടയ്നറിലേക്കോ മാറ്റി ഫ്രീസറില്‍ സൂക്ഷിക്കുക.

മീൻ പാൽതുള്ളി തയാറാക്കാം

ആവശ്യമായ ചേരുവകൾ

മീൻ കഴുകി വൃത്തിയാക്കിയത് (കളാഞ്ചി അല്ലെങ്കിൽ ഏതു മീനും എടുക്കാം)

പച്ച കുരുമുളക് 1ടീസ്പൂൺ
ചെറിയുള്ളി 5എണ്ണം 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വെളുത്തുള്ളി 5അല്ലി 
മഞ്ഞൾ പൊടി അര ടീസ്പൂൺ
മുളകു പൊടി 2 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
വിനാഗിരി 1 ടീസ്പൂൺ
കറിവേപ്പില 
വെളിച്ചെണ്ണ 
ഉപ്പ് –ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാളാഞ്ചി മാത്രമല്ല, പുഴമീൻ ഏതുവേണമെങ്കിലും ഈ രുചിക്കൂട്ടിൽ തയാറാക്കാവുന്നതാണ്. ആദ്യം തന്നെ മീൻ കഴുകി വൃത്തിയാക്കി വരഞ്ഞ് വയ്ക്കാം. ശേഷം മസാലകൂട്ട് റെഡിയാക്കാം. മിക്സിയുടെ ജാറിലേക്ക് ചെറിയുള്ളിയും പച്ചക്കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മഞ്ഞപൊടിയും 1 ടീസ്പൂൺ മുളക്പൊടിയും നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് ചതച്ചെടുക്കാം. അരച്ചെടുത്ത മസാലക്കൂട്ട് മീനിലേക്ക് പുരട്ടി കുറച്ച് സമയം ഫ്രിജിൽ വയ്ക്കാം. മസാല മീനിൽ പിടിയ്ക്കാനായാണ്. ശേഷം പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് കുറച്ച് കറിവേപ്പിലയും വെളുത്തുള്ളി അല്ലികളും വിതറി, മീൻ തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കാം. 

meen-palthulli

വാഴയില വാട്ടിയെടുത്ത് ബാക്കിവന്ന മസാല ഇത്തിരി ചേർത്ത് അതിനുമുകളിൽ പൊരിച്ചെടുത്ത മീൻ വയാക്കാം. മീനിനു മുകളിലും ഇത്തിരി മസാല പുരട്ടാം. ശേഷം തേങ്ങാപ്പാലും ഒഴിച്ച് വാഴയില മടക്കി പാനിൽ വേവിക്കാൻ വയ്ക്കാം. വാഴയിലയിൽ പൊതിഞ്ഞടുത്തത് പെട്ടെന്ന് തന്നെ വേവിച്ചെടുക്കാവുന്നതാണ്. വാഴയിലയുടെ മണവും തേങ്ങാപ്പാലിൽ വെന്ത മീനിന്റെ സ്വാദും ഹാ കിടിലൻ ഐറ്റമാണ് മീൻ പാൽതുള്ളി. മീനിന് സൈഡ് ഡിഷ് ലെച്ച സാലഡ് ആണ്. കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ സവാളയിലേക്ക് ഇത്തിരി കുരുമുളക് പൊടിയും കശ്മീരി മുളക്പൊടിയും കാൽസ്പൂണ്‍ വെടിയുപ്പും (ബ്ലാക്ക് സോൾട്ട്) ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി ചാട്ട് മസാലയും നാരങ്ങാനീരും അരിഞ്ഞെടുത്ത മല്ലിയിലയും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കാം. മീൻ പാൽതുള്ളിയ്ക്ക് കിടിലൻ കോമ്പിനേഷനാണ് ഈ സാലഡ്. സിംപിളായി ആർക്കും തയാറാക്കാം.

English Summary:

Meen Palthulli special fish fry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com