ADVERTISEMENT

വെജിറ്റേറിയൻസിന് മാത്രമല്ല എല്ലാവർക്കും ഇഷ്ടമുള്ളൊരു വിഭവമാണ് പനീർ ടിക്ക. പനീർ കൊണ്ടുള്ള ഒന്ന് രണ്ട് വിഭവങ്ങളൊക്കെ നമ്മൾ വീട്ടിൽ ഉണ്ടാക്കാറുണ്ടെങ്കിലും പനീർ ടിക്ക അങ്ങനെ പരീക്ഷിക്കാൻ ധൈര്യമില്ലാത്തൊരു വിഭവം തന്നെയാണ് പലർക്കും. റസ്റ്ററന്റിലെ പനീര്‍ ടിക്കയ്ക്കാണെങ്കിൽ കിടിലൻ രുചിയുമാണ്. അത് കഴിയ്ക്കുമ്പോഴൊക്കെ നമ്മൾ ആലോചിക്കാറില്ലേ ഇതിപോലെയൊന്ന് വീട്ടിൽ ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിലെന്ന്. പക്ഷേ കമ്പിയിൽ കോർത്ത് കനലിലൊക്കെ വച്ച് അത് തയ്യാറാക്കുക എന്നുവച്ചാൽ കുറച്ച് പ്രയാസമേറിയ കാര്യം തന്നെയാണ്. എങ്കിൽ ഇനി പനീർ ടിക്ക നമുക്ക് വീട്ടിൽ തയാറാക്കിയെടുക്കാം അത് വെറും പത്ത് മിനിറ്റുകൊണ്ട്. നോൺസ്റ്റിക് പാനിൽ അടിപൊളിയൊരു പനീർ ടിക്ക തയാറാക്കുന്ന വിധമാണ് താഴെ വിവരിക്കുന്നത്. 

ചേരുവകൾ

പനീർ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
തൈര് – രണ്ട് ടേബിൾസ്പൂൺ
ബട്ടർ – ഒരു ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്.

പാകം ചെയ്യേണ്ട വിധം

പനീർ ക്യൂബുകളേക്കാൾ മുഴുവനായിട്ടുള്ള പനീറാണ് ടിക്കയ്ക്ക് നല്ലത്. അതാകുമ്പോൾ നമുക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള വലുപ്പത്തിൽ മുറിച്ചെടുക്കാം. ആദ്യം പനീർ ആവശ്യമുള്ള നീളത്തിൽ കഷണങ്ങളായി മുറിക്കുക.  മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടണം. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല മഞ്ഞൾപാടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവയും തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി ഈ മിശ്രിതം പനീരിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക. ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി അതിലേയ്ക്ക് പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൌൺ നിറമാകുന്നവരെ മൊരിച്ചെടുക്കുക. രുചികരമായ പനീർ ടിക്ക തയാർ. 

English Summary:

Paneer Tikka Masala Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com