ഇത് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ വിഭവം; ഉണ്ടാക്കുന്നത് കല്ലുകൊണ്ട്!

Mail This Article
ചൈനീസ് ഭക്ഷണം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചൌമീന്‍, കംഗ് പാവ് ചിക്കന്‍, സ്പ്രിങ് റോള്‍സ്, ഹോട്ട് പോട്ട്, ഡംപ്ളിങ്സ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഇന്ത്യയിലെ തെരുവുകളില്‍പ്പോലും സുലഭമായി കിട്ടും. രുചികരമായ ഈ വിഭവങ്ങള്‍ ആസ്വദിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട മറ്റൊരു വിഭവമുണ്ട്. അതാണ് സുവോദുയി.
ലോകത്തിലെ ഏറ്റവും കഠിനമായ വിഭവം എന്നാണ് സുവോദുയി അറിയപ്പെടുന്നത്. എന്നാല്‍, ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടല്ല ഇവിടെ പറയുന്നത്, ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചാണ്. മറ്റൊന്നുമല്ല, കല്ലാണ് ഇതിലെ പ്രധാന ചേരുവ!
ആദ്യമായി കേള്‍ക്കുമ്പോള്‍ ഇത്തരമൊരു വിഭവമോ എന്ന് ആശ്ചര്യം തോന്നാം. മസാലകൾ, പച്ചക്കറികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ മിശ്രിതത്തിൽ ചെറിയ കല്ലുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവമാണ് സുവോദുയി. കല്ലുകള്‍ നദികളിൽനിന്ന് ശേഖരിക്കുന്നതിനാൽ, ഈ ഗ്രേവിക്കു മീന്‍രുചി നല്‍കണം അവയ്ക്കു കഴിയുമെന്ന് പലരും അവകാശപ്പെടുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനീസ് പ്രവിശ്യയായ ഹുബെയിലാണ് സുവോദുയിയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഇടമായതിനാല്‍, ഈ പ്രദേശത്തെ ജനങ്ങൾ പലപ്പോഴും ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. മത്സ്യത്തൊഴിലാളികൾ പലപ്പോഴും
മീന്‍ പിടിക്കാനായി വളരെയേറെ ദൂരം പോകേണ്ടി വന്നിരുന്നു. മീന്‍ കിട്ടാത്ത സമയങ്ങളില്‍, യാങ്ങ്സി നദിയിലെ കല്ലുകള്‍ പെറുക്കികൊണ്ടു വന്ന് അവര്‍ കറിയില്‍ ഇട്ടു.
വുളിങ് പർവതനിരകൾക്ക് സമീപം താമസിക്കുന്ന, ടുജിയ എന്ന് വിളിക്കപ്പെടുന്ന ജനവിഭാഗവും ഈ വിഭവം ഉണ്ടാക്കിയിരുന്നു. എന്നാല്‍, പിന്നീട് കാലക്രമേണ കൂടുതൽ സ്ഥിരതയുള്ള ഭക്ഷണ സ്രോതസ്സുകൾ കണ്ടെത്തിയതോടെ അവര്‍ സുവോദുയി ഉപേക്ഷിച്ചു.
സുവോദുയി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. നദീതീരത്തുനിന്ന് ആദ്യം നല്ല കല്ലുകള്‍ ശേഖരിക്കുന്നു. ഇത് പന്നിക്കൊഴുപ്പിലോ മറ്റേതെങ്കിലും തരത്തിലുള്ള കൊഴുപ്പിലോ വറുക്കുന്നു. ഇതില്‍ വെളുത്തുള്ളി, മുളക്, ഇഞ്ചി എന്നിവയും ഒപ്പം സ്പ്രിങ് ഒണിയന്‍, ഉള്ളി, കാബേജ്, കുരുമുളക്, കാരറ്റ് എന്നിവയും ചേര്‍ക്കുന്നു. കഴിക്കുമ്പോള്‍, കല്ലുകള്‍ മാറ്റി വച്ച ശേഷം, അവയുടെ സത്ത ഊറിയിറങ്ങിയ ചാറു മാത്രം കഴിക്കുന്നു. ദാരിദ്ര്യം മൂലമാണ് പണ്ട് ആളുകള്‍ ഈ വിഭവം കഴിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ രുചിയറിയുന്നതിനു വേണ്ടിയും സുവോദുയി പലരും കഴിക്കുന്നു. ചൈനയിലെ പല തെരുവോര കടകളിലും സുവോദുയി ലഭ്യമാണ്.