ADVERTISEMENT

ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് വാഴക്കൂമ്പ്. വാഴപ്പൂവ്, വാഴക്കുടപ്പൻ, വാഴച്ചുണ്ട് എന്നൊക്കെ പല പേരിൽ ഇത് അറിയപ്പെടുന്നു. പോഷകാഹാരമായതിനാൽത്തന്നെ ഡയറ്റ് നോക്കുന്നവർക്കും ഡയബറ്റിക് രോഗികൾക്കുമെല്ലാം കഴിക്കാവുന്നതാണിത്. എ, സി, ഇ തുടങ്ങിയ വൈറ്റമിനുകളുടേ സമ്പന്ന ഉറവിടമാണ് വാഴക്കൂമ്പ്. പൊട്ടാസ്യം, ഫൈബർ എന്നീ പോഷകങ്ങളും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു പച്ചക്കറിയാണ് വാഴക്കൂമ്പ്. വാഴക്കൂമ്പ് കൊണ്ട് സാധാരണ തോരൻ അല്ലെങ്കിൽ ഉപ്പേരി ഉണ്ടാക്കാറുണ്ട്. വാഴക്കൂമ്പ് കൊണ്ടുണ്ടാക്കാവുന്ന 3 വ്യത്യസ്ത വിഭവങ്ങൾ ഇതാ.

വാഴപ്പൂവ് കൊണ്ടാട്ടം

സാധാരണ വാഴക്കൂമ്പിലെ പൂക്കൾ കൂടി അരിഞ്ഞാണല്ലോ തോരൻ ഉണ്ടാക്കാറുള്ളത്. ആ പൂക്കൾ കൊണ്ടൊരു കൊണ്ടാട്ടം ഉണ്ടാക്കാം. കൂമ്പിൽനിന്നു പൂക്കൾ അടർത്തിയെടുക്കുക. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തൈരും കുറച്ച് വെള്ളവും ഒഴിച്ച് 10 മിനിറ്റ് മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിലേക്ക് കാൽകപ്പ് കടലമാവും രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും പാകത്തിന് ഉപ്പും മുളകുപൊടിയും അര ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറേശ്ശെ വെള്ളവും ഒഴിച്ചിട്ട് ഇതെല്ലാം കൂടി നന്നായി കലക്കി എടുക്കാം.

ദോശ മാവിനെക്കാൾ കുറച്ചു കൂടി കട്ടിയായിട്ടുള്ള മാവായിട്ടാണ് ഇത് കലക്കി എടുക്കേണ്ടത്. ഇതിലേക്ക് നമ്മൾ നേരത്തേ വെള്ളത്തിലിട്ടു വച്ച വാഴപ്പൂവ് ഇട്ടുകൊടുക്കാം. ഈ വാഴപ്പൂവിന്റെ എല്ലാ ഭാഗത്തും മാവ് എത്തുന്ന പോലെ മിക്സ് ആക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം കുറച്ചു കറിവേപ്പില ഒന്ന് വറുത്തു കോരാം. ഇനി ഇതിലേക്ക് മാവിൽ ഇട്ട് വച്ചിരിക്കുന്ന കൂമ്പിന്റെ പൂവ് ഓരോന്നായിട്ട് ഇട്ട് കൊടുക്കാം. വെറൈറ്റി കൊണ്ടാട്ടം റെഡി. 

വാഴക്കൂമ്പ് പരിപ്പ് തോരൻ

വാഴക്കൂമ്പ് ഉപയോഗിച്ചൊരു തോരൻ തയാറാക്കാം. അതിനായി ചെറുതായി അരിഞ്ഞെടുക്കാം. തുടർന്ന് നല്ലതുപോലെ തിരുമ്മിക്കഴുകി അതിന്റെ കറ കളഞ്ഞ്, ചെറുതായി അരിഞ്ഞ പച്ച മുളക്, കറിവേപ്പില, ഉള്ളി, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ച് കുറച്ച് സമയം വയ്ക്കാം. ഇനി ഒരു പിടി പരിപ്പ് കഴുകിയെടുത്ത് അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കാം.

കുക്കറിൽ ഒറ്റ വിസിൽ മതിയാകും. പരിപ്പ് കൂടുതൽ ഉടഞ്ഞുപോകാതെ നോക്കണം. ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ട് പൊട്ടിച്ച്, വറ്റൽ മുളകും കറിവേപ്പിലയും ഇട്ടുകൊടുക്കാം. ശേഷം തിരുമ്മിക്കൂട്ടിവച്ചിരിക്കുന്ന വാഴക്കൂമ്പ് ഇതിലേക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ആവിയിൽ വേവിക്കാം. പകുതി വേവാകുമ്പോൾ പരിപ്പുകൂടി ഇട്ടുകൊടുക്കാം. വെള്ളം പൂർണമായും പോയ പരിപ്പാണ് ചേർക്കേണ്ടത്. അല്ലെങ്കിൽ തോരൻ കുഴഞ്ഞുപോകാൻ സാധ്യതയുണ്ട്. കുറച്ച് തേങ്ങ ചിരകിയത് കൂടി ചേർത്തിളക്കിയാൽ അടിപൊളി വാഴക്കൂമ്പ് പരിപ്പ് തോരൻ റെഡി. 

വാഴക്കൂമ്പ് വട

വാഴക്കൂമ്പ് കൊണ്ടുള്ള നാലുമണി പലഹാരമാണ് വാഴക്കൂമ്പ് വട. വാഴക്കൂമ്പ് നല്ലതുപോലെ അരിഞ്ഞെടുത്തതിനുശേഷം മിക്സി ജാറിലിട്ട് ഒന്ന് ഒതുക്കിയെടുക്കാം. അങ്ങനെയാകുമ്പോൾ വട ഉണ്ടാക്കുന്ന സമയത്ത് കൃത്യമായ ആകൃതിയിൽ കിട്ടും. വല്ലാതെ അരഞ്ഞുപോകാതെ നോക്കണം. ഇനി  ഒരു 2-3 മണിക്കൂർ നേരം കുതിർത്ത കടലപ്പരിപ്പ്, വെളുത്തുള്ളി, വറ്റൽ മുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി എന്നിവ ചേർത്ത് മിക്സിയിലിട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കാം. പരിപ്പുവട ഉണ്ടാക്കുന്ന അതേ രീതി തന്നെയാണ് ഇതിനും. ഇങ്ങനെ ഒതുക്കിയെടുത്ത കടലപ്പരിപ്പ് നേരത്തേ തയാറാക്കി വച്ച വാഴക്കൂമ്പിലേക്ക് ചേർത്തുകൊടുക്കുക. അടുത്തതായി, പൊടിയായി അരിഞ്ഞുവച്ച സവാള, മല്ലിയില, ആവശ്യത്തിന് ഉപ്പ്, കുറച്ച് കായപ്പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കാം. എരിവ് ആവശ്യമുള്ളവർക്കു വേണമെങ്കിൽ പച്ചമുളക് ചേർക്കാം. പരിപ്പുവടയുടെ ആകൃതിയിൽ ആക്കിയ മാവ് ചൂടായ എണ്ണയിലേയ്ക്ക് ഇട്ട് വറുത്തുകോരിയെടുക്കാം. 

English Summary:

Banana Flower Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com