കാസർകോട്ടും ഉണ്ട് ഉറുമ്പ് ചമ്മന്തി; ചിക്കൻപോക്സിന് മരുന്നായും കഴിക്കും
Mail This Article
ഒഡീഷയിലെ ഉറുമ്പ് ചമ്മന്തിക്ക് ഭൗമ പദവി (ജിഐ ടാഗ്) കിട്ടിയത് വാർത്തയായി. ആഹാ, നമ്മുടെ മുറ്റത്തെ ഉറുമ്പു ചമ്മന്തിക്ക് രുചിയില്ലെന്നോ? കേട്ടോളൂ നമ്മുടെ നാട്ടിലുമുണ്ട് ഈ ചമ്മന്തി. കാസർകോട് ജില്ലയിൽ മലയോര മേഖലയിൽ മലവേട്ടുവൻ, മാവിലൻ ഗോത്രക്കാരുടെ ഇഷ്ട ഭക്ഷണമാണ് ഉറുമ്പ് (നീറ്) ചമ്മന്തി. രോഗപ്രതിരോധ ശേഷിയാണ് ഇതിന്റെ പ്രത്യേകതയെന്നു പരപ്പ ക്ലീനിപ്പാറയിലെ ചിത്രകാരനും ഡാൻസറുമായ ശ്രീലേഷ് പറയുന്നു. ചിക്കൻപോക്സ് വന്നാൽ ഇവിടെയുള്ളവർ മരുന്നായി കഴിക്കുന്നത് ഉറുമ്പ് ചമ്മന്തിയാണ്.
ഉണ്ടാക്കി നോക്കിയാലോ?
കാഞ്ഞിരം ഒഴികെയുള്ള മരങ്ങളിൽ നിന്ന് ഉറുമ്പിൻകൂടുകൾ ശേഖരിക്കുന്നു. (കാഞ്ഞിരം കയ്ക്കും. വിഷാംശവും ഉണ്ടത്രേ). ചൂടാക്കിയ പാത്രത്തിൽ നേരിട്ട് ഉറുമ്പിനെ ഇടും. കരിയും മുൻപേ കോരിയെടുത്ത് കാന്താരി മുളക്, ഉപ്പ്, ഉള്ളി ഇവ ചേർത്ത് അരച്ചെടുക്കും. ഉറുമ്പിന്റെ മുട്ടയുള്ള കൂടെടുത്താൽ ഗുണവും രുചിയും കൂടും. ചോറിനും കപ്പയ്ക്കും കൂടുതൽ നല്ലത്.