ADVERTISEMENT

അടുക്കളയില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് കാബേജ്. വര്‍ഷം മുഴുവനും ലഭ്യമാകുന്നതിനാല്‍ അധികം വിലയുമില്ല. വേറൊന്നും ഇല്ലെങ്കില്‍ പെട്ടെന്ന് അരിഞ്ഞ് തോരനാക്കാന്‍ കാബേജ് പോലെ എളുപ്പമുള്ള മറ്റൊരു പച്ചക്കറി ഇല്ല. മാത്രമല്ല, ധാരാളം പോഷകഗുണങ്ങളും കാബേജിനുണ്ട്. 

പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലുമുള്ള കാബേജ് ആണ് സാധാരണയായി നമ്മുടെ നാട്ടില്‍ ലഭ്യമാകുന്നത്. വൈറ്റമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ തുടങ്ങിയവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. കാലറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ ഇത് ദഹനശേഷി കൂട്ടാന്‍ സഹായിക്കും. കാബേജില്‍ അടങ്ങിയ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കാബേജിലുള്ള ആന്‍റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസർ സാധ്യത കുറയ്ക്കുന്നു. 

ഇത്രയേറെ ഗുണങ്ങള്‍ ഉള്ള കാബേജ്, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തോരന്‍ അല്ലാതെ വേറെയും രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കാം. പെട്ടെന്ന് ഉണ്ടാക്കാവുന്ന അത്തരമൊരു കാബേജ് വിഭവമാണ് കാബേജ് 65. നാലുമണിച്ചായക്കും മറ്റും ഒപ്പം കഴിക്കാവുന്ന ഈ അടിപൊളി സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ
കാബേജ് 1 കപ്പ് നന്നായി അരിഞ്ഞ/ഗ്രേറ്റ് ചെയ്തത്
അരി മാവ് ½ കപ്പ് 
കടലപ്പൊടി ½ കപ്പ് 
കോണ്‍ ഫ്ലോര്‍ 1 ടീസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ½ ടീസ്പൂൺ 
ചുവന്ന മുളക്പൊടി  ½- ¾ ടീസ്പൂൺ 
ഗരം മസാല ½ ടീസ്പൂൺ 
ചുവന്ന ഫുഡ് കളർ (ഓപ്ഷണൽ) ¼ ടീസ്പൂൺ 
ബേക്കിങ് സോഡ
സോയ സോസ് (ഓപ്ഷണൽ) 1 ടീസ്പൂൺ 
ഉപ്പ് - പാകത്തിന്
ചെറുതായി അരിഞ്ഞ മല്ലിയില 2 ടീസ്പൂൺ
ഡീപ് ഫ്രൈ ചെയ്യാന്‍ എണ്ണ

തയാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ, എണ്ണയൊഴികെ ബാക്കിയുള്ള ചേരുവകളെല്ലാം അല്പം വെള്ളംചേർത്ത് മിക്സ് ചെയ്യുക. ഒരു ഫ്രയിങ് പാനിൽ ഇടത്തരം തീയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം, ഈ മാവ് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക. സ്വർണ നിറമാകുന്നതുവരെ വറുക്കുക. അധിക എണ്ണ ഒഴിവാക്കാന്‍ ഒരു പേപ്പര്‍ ടവ്വലിലേക്കോ ടിഷ്യു പേപ്പറിലേക്കോ കോരി വയ്ക്കാം.ചെറുതായി അരിഞ്ഞ സവാള, മല്ലിയില എന്നിവ വിതറി നാരങ്ങാനീരും മുകളില്‍ ഒഴിച്ച് ചൂടോടെ കഴിക്കാം.

English Summary:

Crispy cabbage 65 Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com