ഇത് ശ്രീനിവാസന്‍ പറഞ്ഞ മീന്‍ അവിയല്‍ അല്ല, ചോറിനും ചപ്പാത്തിക്കും സൂപ്പറാണ്
Mail This Article
അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞ മീന്‍ അവിയല്‍ എല്ലാവര്‍ക്കും പരിചയം കാണും. കോമഡി ആയിട്ടാണ് പറഞ്ഞതെങ്കിലും മീന്‍ കൊണ്ട് കിടിലന്‍ അവിയല്‍ ഉണ്ടാക്കാമെന്ന് പിന്നീട് നമ്മുടെ യുട്യൂബ് പാചകക്കാര്‍ തെളിയിച്ചു! അതേപോലെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് മുട്ട കൊണ്ടുള്ള അവിയല്‍. പത്തോ പതിനഞ്ചോ മിനിറ്റ് മതി ഈ വിഭവം ഉണ്ടാക്കാന്‍. ചോറിനും ചപ്പാത്തിക്കുമെല്ലാം കൂട്ടി കഴിക്കാവുന്ന ഈ അടിപൊളി വിഭവം എങ്ങനെയാണു തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
പുഴുങ്ങിയ മുട്ട - അഞ്ച്
ഉരുളക്കിഴങ്ങ് - 1
സവാള - 1
മുരിങ്ങക്കായ - 1
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരവിയത് - അരക്കപ്പ്
ജീരകം - 1ടീസ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
പച്ചമുളക് - 4
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ എന്നിവ ഉപ്പും മഞ്ഞള്‍പൊടിയും അല്‍പം വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരച്ച് ചേര്‍ക്കുക. നന്നായി അരയരുത്. സാധാരണ അവിയലില്‍ ചേര്‍ക്കുന്ന പോലെ ചെറുതായി ചതച്ചെടുത്താല്‍ മതി.
ചെറുതീയില്‍ വേവിക്കുക. മുട്ടകള്‍ നാലായി മുറിക്കുക. ഇത് അവിയലിലേക്ക് ഇടുക. ചെറുതായി മിക്സ് ചെയ്യുക. വല്ലാതെ ഇളക്കരുത്. ശേഷം കറിവേപ്പില ചേര്‍ത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് അടച്ചുവെയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞ് ചോറിനോ ചപ്പാത്തിക്കോ ഒപ്പം ചൂടോടെ കഴിക്കാം.