ചക്കയുടെ മുള്ളു മാത്രം കളഞ്ഞാൽ മതി! അടിപൊളി വെറൈറ്റി ഐറ്റം ഉണ്ടാക്കാം
Mail This Article
ചക്കയും മാങ്ങയുമൊക്കെ സമൃദ്ധമായി വിളയുന്ന കാലമാണ് ഇപ്പോൾ. ചക്ക ഉപയോഗിച്ച് പലതരം വിഭവങ്ങളാണ് മിക്കവരും തയാറാക്കുന്നത്. അതിൽ തന്നെ ചക്ക പുഴുക്കും ചക്ക വറുത്തതും കുമ്പിളപ്പവുമൊക്കെയാണ് താരങ്ങൾ. എന്നാൽ ചക്കയുടെ മുള്ളുള്ള ഭാഗമൊഴിച്ച് ബാക്കിയെന്തും ഭക്ഷ്യയോഗ്യമാക്കാം എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്ന ഒരു വിഡിയോ ലീഫി കേരള എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുകയുണ്ടായി. വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാവുന്ന ഒരു ബജിയാണ് ചക്കയുടെ മുള്ളുചെത്തി കളഞ്ഞതിനു ശേഷമുള്ള മടല് കൊണ്ടുതയാറാക്കുന്നത്.
ആദ്യം തന്നെ ചക്കമടലിലെ മുള്ളുകൾ ചെത്തിക്കളഞ്ഞതിനു ശേഷം ഒരേ വലുപ്പവും നീളവുമുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഇതിലേക്ക് കുറച്ച് ഉപ്പ് കൂടിയിട്ട് നന്നായി തിരുമ്മി പിടിപ്പിക്കാം. ഇനി ഇഡ്‌ഡലി പാത്രത്തിൽ വച്ച് ആവി കയറ്റിയെടുക്കാം. കടലമാവിലേക്കു കുറച്ച് അരിപൊടിയും മഞ്ഞൾ പൊടി, കാശ്മീരി മുളകുപൊടി, അല്പം കായം പൊടി, ഉപ്പ്, കുറച്ച് സോഡാപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. പാകത്തിന് വെള്ളം കൂടിയൊഴിച്ചു നന്നായി കലക്കിയെടുത്ത മാവിലേക്കു നേരത്തെ ആവി കയറ്റി വച്ചിരിക്കുന്ന ചക്കമടലുകൾ ഓരോന്നായിട്ടു മുക്കിയെടുത്തതിന് ശേഷം നല്ലതു പോലെ ചൂടായ എണ്ണയിലേക്കിട്ടു വറുത്തു കോരാവുന്നതാണ്.
ചക്കമടൽ കൊണ്ടുള്ള ബജി തയാറായി കഴിഞ്ഞു. കഴിച്ചു നോക്കുന്ന ആർക്കും തന്നെയും ഇത് ചക്ക മടൽ ആണെന്ന് മനസിലാക്കാൻ സാധിക്കുകയില്ലെന്നും അതീവ രുചികരമാണ് ഈ നാലുമണി പലഹാരമെന്നുമാണ് വിഡിയോയിൽ പറയുന്നത്. ബജിക്കൊപ്പം തക്കാളി ചമ്മന്തി കൂടി ചേർത്ത് കഴിക്കാവുന്നതാണ്.