ഇത്രയും വെറൈറ്റിയിൽ സാമ്പാർ ഉണ്ടായിരുന്നോ? പല രുചിയിൽ എളുപ്പം തയാറാക്കാം
Mail This Article
സാമ്പാർ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല നല്ല ചൂടുചോറിനും സാമ്പാർ ഉണ്ടെങ്കിൽ സംഗതി ജോറായി. സാമ്പാർ പല നാടുകളിൽ പലരീതിയിൽ വയ്ക്കാവുന്നതാണ്. പരിപ്പ് ഇല്ലാതെയും വറത്തരച്ചതും അങ്ങനെ വെറൈറ്റികൾ ഒരുപാടുണ്ട്. വളരെ എളുപ്പത്തിലും രുചിയിലും എങ്ങനെ സാമ്പാറ്‍ തയാറാക്കുമെന്ന് നോക്കാം.
വറുത്തരച്ച സാമ്പാർ
വറുത്തരച്ച സാമ്പാറും മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. ഇത്തവണ സ്പെഷലായി മത്തങ്ങ സാമ്പാർ തയാറാക്കാം. പരിപ്പ് കഴുകി വൃത്തിയാക്കി വെള്ളം ഒഴിച്ച് വെയ്ക്കുക. മത്തങ്ങ , ഉരുളകിഴങ്ങ് കഴുകി വൃത്തിയാക്കി നുറുക്കുക. സാമ്പാർ പൊടി വറുത്ത് പൊടിച്ച് നാളികേരം ചേർത്ത് അരയ്ക്കുക. വേവിച്ചുവച്ച ഭക്ഷണത്തിലേക്ക് അരച്ച് ചേർത്തത് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് തിളപ്പിക്കുക.അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. െറിയ തീയിൽ വച്ച് തിളപ്പിക്കുക.അവസാനം വറുത്തെടുക.നല്ല ഒരു സ്വാദിഷ്ടമായ വറുത്തരച്ച സാമ്പാർ.
ബോംബെ സാമ്പാർ
കടലമാവ് ചെറിയ തീയിൽ എണ്ണയില്ലാതെ പച്ചമണം മാറുന്നതു വരെ 5 മിനിറ്റ് വറക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, ഉലുവ, വറ്റൽ മുളക് എന്നിവ ചേർക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ കറിവേപ്പിലയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്തു വഴറ്റുക.സവാള ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റി നിറം മാറുമ്പോൾ തക്കാളി ചേർക്കുക.
തക്കാളി വെന്ത് ഉടയുമ്പോൾ സാമ്പാർ പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക.പച്ചമണം മാറുമ്പോൾ നാല് കപ്പ് വെള്ളം, പുളി പിഴിഞ്ഞ വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.
നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ മത്തങ്ങ ഒഴികെയുള്ള പച്ചക്കറികൾ ചേർത്ത് അടച്ചുവച്ച് അഞ്ചു മുതൽ 10 മിനിറ്റ് വരെ വേവിക്കുക. (ഇഷ്ടമുള്ള പച്ചക്കറികൾ ഏത് വേണമെങ്കിലും ചേർക്കാം)ഇതിലേക്കു വറുത്ത കടലമാവ് ഒരു കപ്പ് വെള്ളത്തിൽ കലക്കിയതും മത്തങ്ങയും ചേർക്കുക. വീണ്ടും അടച്ചുവച്ച് വേവിക്കുക. കുറുകി വരുമ്പോൾ അൽപം മല്ലിയില കൂടി വിതറി തീ ഓഫ് ചെയ്യാം. രുചികരമായ ബോംബെ സാമ്പാർ തയാർ.
പാലക്കാടൻ സാമ്പാർ
സാമ്പാർ രുചികൾ പലവിധത്തിലുണ്ട്. പാലക്കാടൻ രുചിയിലൊരു രുചികരമായ സാമ്പാർ പരിചയപ്പെടാം. ഒരു പാനിൽ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, ഉലുവ എന്നിവ ചേർത്ത് വഴറ്റുക. പരിപ്പ് നിറം മാറി തുടങ്ങുമ്പോൾ നാളികേരം ചേർക്കുക ഒപ്പം കുറച്ച് കറിവേപ്പിലയും. നാളികേരം വഴന്നു വരുമ്പോൾ മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. കായം ചേർത്ത് വാങ്ങി വെയ്ക്കുക. തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.
ചുവട് കട്ടിയുള്ള പാത്രത്തിൽ വേവിച്ച പരിപ്പും, മുരിങ്ങക്കായ, വേവിച്ച ഉരുളകിഴങ്ങും ചേർത്ത് മുരിങ്ങക്കായ വേവുന്ന വരെ തിളപ്പിക്കുക. വെന്തു വരുമ്പോൾ തക്കാളി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. (ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ് )ശേഷം പുളി വെള്ളം ചേർത്ത് 8-10 മിനിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അരപ്പ് ചേർത്ത് 3-4 മിനിറ്റ് തിളപ്പിച്ച ശേഷം മല്ലിയില ചേർക്കുക. വറുത്തിടാൻ :ചെറിയ ചീന ചട്ടിയിൽ 2 ടീ സ്പൂൺ എണ്ണയിൽ കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ സാമ്പാറിലേക്ക് ഒഴിക്കുക.
പരിപ്പും പച്ചക്കറികളും വേണ്ട സിംപിളായി തയാറാക്കാം
തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും സാമ്പാർ പൊടിയും ഇത്തിരി വെള്ളവും ചേർത്ത് കുക്കറിൽ വച്ച് വേവിക്കാം. വെന്ത് പാകമായ തക്കാളിയും ഉള്ളിയും ചേർന്ന കൂട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ അരച്ചെടുക്കാം.
ശേഷം അടുപ്പിൽ പാൻ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവായും കറിവേപ്പിലയും ഉണക്കമുളകും വേണമെങ്കിൽ മുളക്പൊടി ചേർക്കാം. നന്നായി മൂക്കുമ്പോൾ അരച്ച് വച്ച തക്കാളി കൂട്ടിലേക്ക് ചേർക്കാം. നന്നായി ഇളക്കി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കറി ചെറിയ തീയിൽ ചൂടാക്കാം. ഇഡ്ഡലിയ്ക്കും ദോശയ്ക്കും സൂപ്പറാണ്.
സ്വാദൂറും വെണ്ടയ്ക്ക സാമ്പാർ
പരിപ്പു വെള്ളം ചേർത്തു വേവിക്കുക. ഉലുവ, കായം, ജീരകം എന്നിവ കുറച്ച് എണ്ണയിൽ വറത്തു പൊടിച്ചെടുക്കുക. ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കടുക്, വറ്റൽമുളക്, കറിവേപ്പില, ഉള്ളി എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു വെണ്ടയ്ക്ക ചേർത്തു വഴറ്റുക. തക്കാളി, പരിപ്പ്, പുളിവെള്ളം എന്നിവ ചേർത്തിളക്കിയ ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി അടച്ചുവച്ചു 5 മിനിറ്റു വേവിക്കുക. ഇതിലേക്കു പൊടിച്ച കായം, ശർക്കര, മല്ലിയില എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.