ADVERTISEMENT

കാഴ്ചയിലും രുചിയിലും വ്യത്യസ്തതയുള്ള മലബാർ സ്നാക്കുകളും വിഭവങ്ങളും നിരവധിയുണ്ട്. ഒപ്പം കൗതുകമുള്ള പേരുകളിൽ തിളങ്ങുന്നവയുമുണ്ട്. അങ്ങനയൊന്നാണ് മലബാർ  സ്പെഷല്‍ വിഭവമായ പഞ്ചാരപ്പാറ്റ. പണ്ട് കാലങ്ങളിലെ പുതിയാപ്ള സൽക്കാരങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരുന്നു ഇത്. പഴമയുടെ രുചിക്കൂട്ടായ പഞ്ചാരപ്പാറ്റ തയാറാക്കാൻ ചേരുവകൾ കുറച്ച് മതിയെങ്കിലും ഉണ്ടാക്കാൻ ഇത്തിരി പ്രയാസമാണ്. ക്രിസ്പിയായ പലഹാരമാണിത്. പണ്ടു കാലത്ത് ഡെസേർട്ട്, പുഡ്ഡിങ്ങ് എന്നൊന്നും നമ്മുടെ നാട്ടിൽ കേട്ടിട്ടില്ല. അക്കാലത്ത് വിരുന്നുകാരെ അമ്പരപ്പിക്കാൻ അമ്മമാർ ഒരുക്കിയിരുന്ന വിഭവമാണ് പഞ്ചാരപ്പാറ്റ.

പേരു കേൾക്കുമ്പോൾ ഇത് പഞ്ചസാര ചേർത്ത് തയാറാക്കുന്നതാണോയെന്ന് പലരും ചിന്തിക്കും, ഈ പലഹാരം എണ്ണയിൽ വറുത്തു കോരിയതിന് ശേഷം പഞ്ചാര പാറ്റിയിടും, കണ്ണൂർ സ്റ്റൈലിൽ പാറ്റുക എന്നാൽ വിതറുക എന്നാണ്. പഴവും പഞ്ചസാരയും ചേർത്താണ് ഇത് കഴിക്കുന്നതും. അതുകൊണ്ടാണ് പഞ്ചാരപ്പാറ്റ എന്നു പേരുവന്നത്.  ജീരകശാല അരി അര കപ്പ് നാലുമണിക്കൂർ നേരം കുതിർക്കാൻ വയ്ക്കാം. രണ്ടുമൂന്ന് ഏലയ്ക്കയും ഇത്തിരി വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. ശേഷം അരകപ്പ് അരിയ്ക്ക് രണ്ടുമുട്ട എടുക്കാം. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ടുമുട്ടയും പൊട്ടിച്ച് ഒഴിക്കാം. ഇത് നന്നായി അടിച്ച് പതപ്പിക്കണം ആ പത കൊണ്ടാണ് പഞ്ചാരപ്പാറ്റ തയാറാക്കുന്നത്. 

വിസ്ക് ഉപയോഗിച്ചോ അല്ലാതെയോ നന്നായി പതപ്പിക്കണം. പതഞ്ഞു വരുന്ന പത മാത്രം മറ്റൊരു ബൗളിലേക്ക് മാറ്റണം. പാൻ ചൂടാക്കിയ ശേഷം ഈ പത സ്പൂൺ കൊണ്ട് കോരി ഒഴിക്കണം. വൃത്താകൃതിയിൽ ഇത് എണ്ണയിൽ മൊരിഞ്ഞ് വരും. വളരെ നേർത്തതായതിനാൽ പൊട്ടിപോകാതെ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം. ഉണ്ടാക്കിയ പഞ്ചാരപ്പാറ്റയ്ക്ക് മുകളിൽ പഞ്ചസാര വിതറി പഴവും കൂട്ടി കഴിക്കാവുന്നതാണ്. അടിപൊളി രുചിയാണ്. 

English Summary:

Heritage Food of Malabar Pancharapatta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com