എട്ടു കിലോ സമൂസ, അഞ്ചു കിലോയുടെ പീത്സ; വോട്ടു ചെയ്യാന്‍ ഓര്‍മിപ്പിച്ച് ഭക്ഷ്യമേള
Mail This Article
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടികളും നടക്കുന്നുണ്ട്. രാജസ്ഥാനിലെ ബിക്കാനീറിൽ നടത്തിയ ഇത്തരമൊരു പരിപാടി ശ്രദ്ധിക്കപ്പെട്ടത് അതിനൊപ്പമുള്ള ഭക്ഷ്യമേളയിലൂടെയാണ്.
ജനപ്രിയ പലഹാരങ്ങളുടെ ഭീമന്‍ പതിപ്പുകള്‍ പ്രദര്‍ശിപ്പിച്ചാണ് ഈ മേള കൗതുകമായത്. 'മസ്റ്റ് വോട്ട്' എന്ന സന്ദേശത്തോടെ ഈ ഭക്ഷണ സാധനങ്ങൾ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്തു. എട്ട് കിലോ ഭാരമുള്ള സമൂസയും അഞ്ച് കിലോ വരുന്ന പീത്‌സയും 25 കിലോഗ്രാം ബ്രെഡുമെല്ലാം മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു.
കൂടാതെ, 20 കിലോ ബർഗറും 4 കിലോഗ്രാം ഹോട്ട് ഡോഗും 30 ഇഞ്ച് പപ്പടവുമെല്ലാം ഭക്ഷണപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. രാജസ്ഥാനി പലഹാരമായ ഘേവറില്‍ 'മസ്റ്റ് വോട്ട്' എന്ന സന്ദേശം എഴുതിയതും കൗതുകമായി.കൂടാതെ, 31 കിലോ ബംഗാളി മധുരപലഹാരങ്ങൾ കൊണ്ടുള്ള ത്രിവർണ പതാകയും അതിൽ പ്രദര്‍ശിപ്പിച്ച വോട്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളും വേറിട്ട കാഴ്ചയായി. ഒന്നരയടിയുള്ള ജിലേബിയും ഈ കാർണിവലിൽ വിളമ്പിയിരുന്നു.
ബിക്കാനീറിലെ മസാല ചൗക്കിലാണ് സ്വീപ്പ് ഫുഡ് കാർണിവൽ സംഘടിപ്പിച്ചത്. ബാബ രാംദേവ് അടക്കമുള്ളവരും ഫുഡ് കാർണിവലിൽ പങ്കെടുത്ത്, വോട്ടവകാശം ഉപയോഗിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.