ADVERTISEMENT

തടി കുറയ്ക്കാന്‍ നോക്കുന്നവരുടെ ഏറ്റവും വലിയ സുഹൃത്താണ് സൂചി റവ. കുറഞ്ഞ കാലറിയും ഉയര്‍ന്ന പോഷകമൂല്യവും കാരണം, കുറ്റബോധമില്ലാതെ കഴിക്കാം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ദഹനം കൂട്ടാനും ഇതിനു കഴിവുണ്ട്. 

ഇരുമ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് സൂചി റവ. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, വയറു പെട്ടെന്ന് നിറഞ്ഞ പോലെ ഒരു അനുഭവമാണ്‌ സൂചി കൊണ്ടുള്ള വിഭവങ്ങള്‍ നല്‍കുന്നത്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ദഹനം കൂടുതല്‍ മികച്ചതാക്കാനും സഹായിക്കും.

ഉപ്പുമാവ്, ഇഡ്‌ഡലി, ഹൽവ, പായസം, കുറുക്ക് എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങൾ തയാറാക്കാൻ സൂചി റവ ഉപയോഗിക്കാം എന്നതാണ് മറ്റൊരു മേന്മ. അതുകൊണ്ടുതന്നെ, ഇത് ദിവസവും കഴിച്ചാലും മടുക്കില്ല. 

ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം തടയാനും സൂചി റവയ്ക്ക് കഴിയും. ഇതുവഴി, അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി ഒഴിവാക്കാനും സാധിക്കും.

upma-rava
Image Credit: Arundhati Sathe/Istock

പാന്‍കേക്കിന്‍റെ മാവില്‍ സൂചിറവയും, മല്ലിയില, കാരറ്റ്, ഉള്ളി മുതലായവയും ചേര്‍ത്ത് ഉണ്ടാക്കിയാല്‍ പോഷകമൂല്യവും രുചിയും കൂടും. മൈദകൊണ്ടുനടക്കുന്ന പാസ്തയേക്കാൾ മികച്ച ഓപ്ഷനാണ് റവ പാസ്ത, ഇത് കൂടുതല്‍ രുചികരവുമാണ്. കൂടാതെ റവ കൊണ്ട് കുക്കികളും സാലഡുമെല്ലാം തയാറാക്കാം. ദിവസവും വീട്ടില്‍ ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ, പുട്ട് മുതലായവയും റവ ഉപയോഗിച്ച് കൂടുതല്‍ പോഷകസമൃദ്ധവും രുചികരവുമാക്കാം.

കൂൺ സൂചി റവ ഉപ്പുമാവ് - വ്യത്യസ്തമായ രുചിയില്‍ ഒരു പ്രാതല്‍

ചേരുവകള്‍

1. സൂചി റവ - ഒരു കപ്പ്

2. വെജിറ്റബിൾ ഓയിൽ - ഒരു ചെറിയ സ്പൂൺ

3. ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു  ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ

4. മല്ലിയില - കുറച്ച്

കറിവേപ്പില - കുറച്ച്

5. കാരറ്റ് പൊടിയായി അരിഞ്ഞത് - കാൽ കപ്പ്

സവാള പൊടിയായി അരിഞ്ഞത് - കാൽ കപ്പ്

ബീൻസ് പൊടിയായി അരിഞ്ഞത് - കാൽ കപ്പ്

6. കൂൺ (രണ്ടായി പിളർന്നത്) - 150 ഗ്രാം

7. ഉപ്പ് - പാകത്തിന്

8. വെള്ളം - അരക്കപ്പ്

9. തേങ്ങ ചിരകിയത് - ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

സൂചിഗോതമ്പു റവ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റുക. വഴന്ന ശേഷം ഇതിലേക്കു കറിവേപ്പിലയും മല്ലിയിലയും ചേർത്തു വഴറ്റുക. വഴന്നശേഷം അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റണം. സവാള ചുവന്നു തുടങ്ങുമ്പോൾ ഇതിലേക്കു കൂൺ ചേർത്തു വീണ്ടും വഴറ്റുക. 

upma

പാകത്തിനുപ്പു ചേർത്തിളക്കി രണ്ടു മിനിറ്റ് അടച്ചുവച്ച് ചെറുതീയിൽ വേവിക്കണം. അടപ്പു തുറന്ന് സൂചിഗോതമ്പു റവ ചേർത്തിളക്കി വെള്ളവും ഒഴിച്ചു വേവിക്കുക. പാകമായ ശേഷം തേങ്ങയും ചേർത്തിളക്കി വാങ്ങി വിളമ്പാം.

English Summary:

Healthy and Delicious Sooji Upma Recipe for Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com