ADVERTISEMENT

എല്ലാവരും ഒത്തൊരുമിക്കുന്ന ദിവസങ്ങളാണ് വന്നുചേരുന്നത്. റമസാൻ ഇങ്ങെത്തി, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് രുചികരമായ ഭക്ഷണവും കൂടിചേരുമ്പോഴാണ്. 

ഇഫ്താർ വിരുന്നിന് പല വെറൈറ്റി വിഭവങ്ങളുമാണ് മിക്കവരും തയാറാക്കുന്നത്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി അടിപൊളി രുചിയിൽ ഒരു ഫ്യൂഷൻ വിഭവം തയാറാക്കിയാലോ? കുട്ടികൾക്കടക്കം എല്ലാവര്‍ക്കും ഇഷ്ടമാകുന്ന വിഭവം. ഇടിയപ്പത്തിൽ ചെമ്മീൻ നിറച്ചത്. വളരെ സിംപിളും നാവില്‍ അലിഞ്ഞിറങ്ങുന്ന സ്വാദുമാണ്. 

stuffed-idiyappam

കുമരകത്തെ ഗോകുലം ഗ്രാൻഡ് റിസോർട്ടിലെ ഷൂ ഷെഫ് മഹേഷ് ആണ് ഈ വെറൈറ്റി വിഭവത്തിന്റെ പാചകകുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇടിയപ്പം സ്റ്റഫ്ഡ് വിത്ത് പ്രോൺസ് എന്ന ഡിഷ് വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

പാൻ ചൂടാകുമ്പോൾ രണ്ട് സ്പൂൺ നാടൻ വെളിച്ചെണ്ണ ചേർക്കാം. അതിലേക്ക് ഇത്തിരി ഉലുവയും കടുകും ചേർത്ത് പൊട്ടിക്കണം. ശേഷം അര സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും അതേ അളവിൽ വെളിത്തുള്ളിയും എരിവിന് ആവശ്യത്തിന് പച്ചമുളകും രണ്ട് ചുവന്ന മുളകും കറിവേപ്പിലയും ചെറിയയുള്ളിയും ചേർത്ത് നന്നായി വഴറ്റണം. ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും ചേർത്ത് വഴറ്റാം. ശേഷം ഒരു ടീസ്പൂണ്‍ കശ്മീരി മുളക്പൊടിയും മല്ലിപൊടിയും ഇത്തിരി മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റാം. ശേഷം തക്കാളിയും ചെറുതായി അരിഞ്ഞത് ചേർക്കാം. മസാല കൂട്ട്  കൂടുതൽ മൂത്ത് പോകാതിരിക്കാൻ തക്കാളി ചേർക്കാം. തക്കാളിയില്‍ വെള്ളം ഉള്ളതിനാൽ മസാലക്കൂട്ട് പെട്ടെന്ന് കരിഞ്ഞുപോകില്ല.

stuffed-idiyappam-tasty

അതിലേക്ക് വ‍ൃത്തിയാക്കിയ കൊഞ്ച് ചേർത്ത് കൊടുക്കാം. ശേഷം മൂന്നു സ്പൂണ്‍ തേങ്ങയുടെ ഒന്നാംപാലും കുരുമുളകും പെരുംജീരകം ചതച്ചതും നുള്ള് ഉലുവപൊടിയും ഇത്തിരി വാളൻപുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റാം. ശേഷം ഒരുമിനിറ്റ് നേരം അടച്ച്‍‍വച്ച് വേവിക്കാം. വെന്ത് പാകമായ പ്രോൺസ് മസാല മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഇടിയപ്പം തയാറാക്കാം. നല്ല പരുവത്തിന് കുഴച്ചെടുത്ത അരിപ്പൊടി കൊണ്ട് ഇടിയപ്പം തയാറാക്കാം. തട്ടിലേക്ക് ആദ്യം തേങ്ങ ചിരവിയത് ചേർത്തിട്ട് ഇടിയപ്പം മാവ് പിഴിയാം. പകുതി പിഴിഞ്ഞിട്ട് അതിനുമുകളിലേക്ക് പ്രോൺസ് ഫില്ലിങ് വയ്ക്കാം, വീണ്ടും അതിന് മുകളിലേക്ക് ഇടിയപ്പം പിഴിയാം. ഇങ്ങനെ എല്ലാ തട്ടിലും ഇടിയപ്പം പിഴിയണം. ശേഷം ആവിയിൽ വേവിച്ചെടുക്കാം. നല്ല രൂചിയൂറും സ്പെഷൽ ഇടിയപ്പത്തിൽ ചെമ്മീൻ നിറച്ചത് റെഡി. തേങ്ങാപ്പാലിൽ മുക്കിവേണം ഈ ഇടിയപ്പം കഴിക്കാൻ, അസ്സൽ രുചിയാണ്. പെരുന്നാളിന് തയാറാക്കാൻ പറ്റിയ കിടിലന്‍ വിഭവമാണിത്.

English Summary:

Prawn Masala Stuffed Idiyappam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com