ചെക്കിൽ പരമാവധി എത്ര രൂപ എഴുതാം? എന്താണ് പോസിറ്റീവ് പേ?
Mail This Article
ഒരു ചെക്കിൽ എത്ര തുക വരെ എഴുതാം എന്നതിന് പ്രത്യേക പരിധിയൊന്നും ഇല്ല. എന്നാൽ ചില തരം അക്കൗണ്ടുകളിൽ ബാങ്കുകൾ ഒരു ചെക്കിൽ എഴുതാവുന്ന തുകയിൽ ചില നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ഇത് അതത് ബാങ്കുകളിൽ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ തുക എഴുതുന്ന ചെക്കാണെങ്കിൽ ചെക്ക് എഴുതികൊടുക്കുന്ന വിവരം ബാങ്കിൽ അറിയിക്കണമെന്ന് ഇപ്പോൾ നിർദ്ദേശമുണ്ട്. പോസിറ്റിവ് പേ കൺഫർമേഷൻ (positive pay confirmation - PPC) എന്നാണു ഇതിനെ പറയുന്നത്. മിക്കവാറും ബാങ്കുകൾ ഈ നിബന്ധന നടപ്പിലാക്കി കഴിഞ്ഞു.
അടുത്ത മാസം മുതൽ വായ്പയ്ക്ക് ചെലവേറുമോ? Read more ...
എന്താണ് ക്രോസിങ്?
ചെക്കിന്റെ മുൻവശത്ത് സമാന്തരമായി ആയി അടുത്തടുത്ത് രണ്ടു വര വരച്ചാൽ അതിനർത്ഥം ഈ ചെക്ക് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ മാറി കൊടുക്കാവൂ എന്നാണ്. ഇങ്ങനെ രണ്ടു വരകൾ വരയ്ക്കുന്നതിനെ ജനറൽ ക്രോസ്സിങ് (general crossing) എന്ന് പറയും. ചിലപ്പോൾ ഈ രണ്ടു വരകൾക്കു ഉള്ളിൽ & CO എന്നും എഴുതും. അത്തരം ചെക്കുകൾക്ക് ബാങ്കുകൾ നേരിട്ട് ക്യാഷ് ആയി പണം നൽകില്ല. ചെക്കിന്റെ തുക ആദ്യം അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയിടുക. പണം വേണമെങ്കിൽ ആ അക്കൗണ്ടിൽ നിന്ന് അയാൾക്ക് പിൻവലിക്കാം. ഇത്തരം ചെക്കുകൾ ആരാണോ കൊണ്ടുവരുന്നത്, അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക അടയ്ക്കും.
എന്നാൽ ചെക്കിൽ പേരെഴുതിയിരിക്കുന്ന ആളുടെ ബാങ്ക് അക്കൗണ്ടിൽ തന്നെ പണം അടയ്ക്കണമെങ്കിൽ രണ്ട് സമാന്തര വരകൾക്കുള്ളിൽ അക്കൗണ്ട് പെയീ (Account payee) എന്നെഴുതിയാൽ മതി. ഇങ്ങനെയുള്ള ക്രോസ്സിങ്, സ്പെഷ്യൽ ക്രോസ്സിങ് (special crossing) ആണ്. അപ്പോൾ ചെക്കിൽ പേരെഴുതിയിരിക്കുന്ന ആൾക്ക്, അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ചെക്ക് മാറി തുക നൽകുക. ചെക്കുകൾ നൽകുന്നതിൽ ഏറ്റവും സുരക്ഷിതമായ മാർഗം ഇതാണ്.
സ്റ്റോപ്പ് പേയ്മെന്റ്
ഒരാൾക്ക് ചെക്ക് എഴുതി കൊടുത്തതിന് ശേഷം ആ ചെക്ക് മാറി പണം കൊടുക്കേണ്ടതില്ല എങ്കിൽ ബാങ്കിൽ അത് കാണിച്ച് ഒരു കത്ത് കൊടുത്താൽ മതി. ഇങ്ങനെ കൊടുക്കുന്ന കത്തിനെ സ്റ്റോപ്പ് പേയ്മെന്റ് (stop payment) എന്നാണ് പറയുന്നത്. സ്റ്റോപ്പ് പേയ്മെന്റ് ചെയ്ത ചെക്ക് ആ നിർദ്ദേശം പിൻവലിക്കാത്തിടത്തോളം കാലം പാസ്സാക്കില്ല.
ചെക്ക് മടങ്ങിയാൽ
ചെക്ക് എഴുതുന്ന സമയത്ത് തന്നെ അത് പാസ്സാക്കാനുള്ള തുക ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരിക്കണം എന്നാണ് നിയമം. അക്കൗണ്ടിൽ തുക ഇല്ലാതെ ചെക്ക് എഴുതി മറ്റൊരാൾക്ക് നൽകാൻ പാടില്ല. ചെക്ക് ബാങ്കിൽ നൽകുമ്പോൾ, അല്ലെങ്കിൽ, ചെക്ക് ക്ലിയറിങ്ങിൽ എത്തുമ്പോൾ അക്കൗണ്ടിൽ പണം അടച്ചാൽ പോരാ. അക്കൗണ്ടിൽ തുക ഇല്ലാതെ ചെക്ക് മടങ്ങിയാൽ ചെക്ക് നൽകിയ ഇടപാടുകാരൻ ക്രിമിനൽ കുറ്റമാണ് ചെയ്തത്. രണ്ടു വർഷം വരെ തടവും മറ്റു സാമ്പത്തിക പെനാൽറ്റിയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
English Summary : Know These Thing About Cheques