ADVERTISEMENT

ചോദ്യം: 24 വയസ്സുള്ള എൻജിനീയറിങ് ബിരുദധാരിയായ എനിക്ക് അടുത്തിടെയാണ് ജോലി ലഭിച്ചത്. 25,000 രൂപയാണ് ശമ്പളം. അച്ഛൻ, അമ്മ, അനിയൻ  എന്നിവർ അടങ്ങുന്നതാണ് കുടുംബം.  

സാമ്പത്തിക സ്ഥിതി

ജോലിസ്ഥലത്തെ താമസം, ഭക്ഷണം എന്നിവയ്ക്കായി 10,000 രൂപ നീക്കിവച്ചാൽ മറ്റു ചെലവുകൾ ഒന്നുമില്ല. ഇപ്പോഴേ ഒരു വിഹിതം നിക്ഷേപിക്കണം എന്നാഗ്രഹിക്കുന്നു. മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപങ്ങളെക്കുറിച്ച് യുട്യൂബിൽ നോക്കി മനസ്സിലാക്കിയെങ്കിലും എങ്ങനെ, എന്തു ചെയ്യണം എന്നു തീരുമാനിക്കാനാകുന്നില്ല. കെഎസ്എഫ്ഇയിൽ ചിട്ടി ചേരാനാണ് വീട്ടിൽനിന്നുള്ള നിർദേശം. സുഹൃത്തുക്കൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് ആവശ്യങ്ങൾ ഒന്നും ഇല്ലാതെ ക്രെഡിറ്റ് കാർഡ് എടുക്കേണ്ടതുണ്ടോ ?

ലക്ഷ്യങ്ങൾ

1. ഗാഡ്ജറ്റുകളും ബ്രാന്‍ഡഡ് ആക്സസറീസും ആഗ്രഹിക്കുമ്പോൾ അപ്ഡേറ്റ് ചെയ്യണം. 

2. വിവാഹം അടുക്കുമ്പോഴേക്കും ഒരു കാർ വാങ്ങണം (10 ലക്ഷം രൂപ).

3. 28–ാം വയസ്സിൽ വിവാഹത്തിന് ആവശ്യമായ പണം സ്വയം കണ്ടെത്തണം. 

4. 10–15 വർഷത്തിനുള്ളിൽ സ്വന്തം വീട് വയ്ക്കണം (ഭൂമി ഉണ്ട്).

5. രണ്ടു വർഷം കൂടുമ്പോൾ യാത്ര പോകാനുള്ള തുക. വിദേശയാത്രകളാണ് ആഗ്രഹം.

money-4-

മറുപടി: കരിയറിന്റെ തുടക്കത്തിൽ തന്നെ സാമ്പത്തികാസൂത്രണം നടത്തണമെന്ന ചിന്ത വളരെ നല്ലതാണ്. വളരെ കുറച്ചുപേർക്കു മാത്രമേ ഈ പ്രായത്തിൽ ഇത്തരം തോന്നൽ ഉണ്ടാവൂ. നിക്ഷേപം നേരത്തേ തുടങ്ങിയാൽ, ഭാവിയിൽ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾക്കുള്ള സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും. 24 വയസ്സുള്ള താങ്കൾക്ക് ധാരാളം സമയം മുന്നിലുണ്ട്. അച്ചടക്കത്തോടെ, ഇടയ്ക്കു പിൻമാറാതെ കാര്യങ്ങൾ ചെയ്യണമെന്നു മാത്രം. കരിയറിന്റെ തുടക്കത്തിൽ ആയതിനാൽ ഭാവിയിൽ ന്യായമായ ശമ്പളവർധന ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഈ പ്ലാൻ തയാറാക്കിയിരിക്കുന്നത്. പ്ലാനിങ്ങിലേക്കു കടക്കും മുൻപ് ഒരു കാര്യം പറയട്ടെ. 3–4 വർഷം കൂടുമ്പോൾ മാത്രം ഗാഡ്ജറ്റുകൾ അപ്ഡേറ്റ് ചെയ്യുന്നതാവും യുക്തി. 

25,000 രൂപയിൽനിന്നു ചെലവുകളൊക്ക കഴിഞ്ഞ് മിച്ചമുള്ളത് 15,000 രൂപയാണ്. വിവാഹത്തിനു മുൻപ് 10 ലക്ഷം രൂപയുടെ കാർ വാങ്ങുകയാണല്ലോ ഒരു ലക്ഷ്യം. ഇതിനായി 4 വർഷം 4,500 രൂപ പ്രതിമാസം എസ്ഐപിയായി അഗ്രസീവ് ഹൈബ്രിഡ് ഫണ്ടിലോ മൾട്ടി അസെറ്റ് ഫണ്ടിലോ നിക്ഷേപിക്കാം. എല്ലാ വർഷവും എസ്ഐപി തുക 10% വർധിപ്പിക്കുകയും വേണം. നാലു വർഷം കൊണ്ട് 3.08 ലക്ഷം രൂപയോളം സമാഹരിക്കാം. ബാക്കി തുകയ്ക്ക് വാഹന വായ്പയെ ആശ്രയിക്കാം.

വിവാഹത്തിന് എത്ര രൂപ വേണ്ടിവരും എന്നു പറഞ്ഞിട്ടില്ല. വിവാഹത്തിന് ഇന്നത്തെ കണക്കിൽ 3 ലക്ഷവും 4 വർഷത്തിനുശേഷം 3.64 ലക്ഷവും വേണ്ടിവരും എന്നു  കണക്കാക്കാം. ഈ ലക്ഷ്യത്തിലേക്കും നേരത്തേ പറഞ്ഞതിനു സമാനമായി അഗ്രസീവ് ഹൈബ്രിഡ് ഫണ്ടിലോ മൾട്ടി അസെറ്റ് ഫണ്ടിലോ മാസം 5,300 രൂപ നിക്ഷേപിക്കുക. ഓരോ വർഷവും നിക്ഷേപം 10% വർധിപ്പിച്ചാൽ നാലു വർഷംകൊണ്ട് ഈ തുക ഉറപ്പാക്കാം. ബാക്കിയുള്ള 5,200 രൂപയിൽനിന്ന് 2,700 രൂപ ലാർജ് ക്യാപ്/ഇൻഡെക്സ് ഫണ്ടുകളിൽ നിക്ഷേപിക്കാം. വർഷാവർഷം ഈ നിക്ഷേപവും 10% വീതം വർധിപ്പിച്ചാൽ രണ്ടു വർഷംകൊണ്ട് 2.61 ലക്ഷം സമാഹരിക്കാനാവും. ഈ തുക കൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ വിനോദയാത്രകൾ നടത്താം. മിച്ചം 2,500 രൂപയാവും കയ്യിലുണ്ടാവുക.

happy-6-

ആദ്യം എടുക്കണം ഇൻഷുറൻസ്

നിക്ഷേപങ്ങൾ തുടങ്ങും മുൻപ് നിർബന്ധമായും ടേം ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും എടുത്തിരിക്കണം എന്നു പ്രത്യേകം ഓർമിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ യഥാക്രമം 50 ലക്ഷം രൂപ, 10 ലക്ഷം രൂപ ആനുകൂല്യമുള്ള പോളിസി പരിഗണിക്കാം. എന്നാൽ, വിവാഹശേഷം ലൈഫ് ഇൻഷുറൻസ് ഒരു കോടിയായും  ഹെൽത്ത് ഇൻഷുറൻസ് 25 ലക്ഷമായും ഉയർത്തണം. ഇനി കുടുംബത്തിനു കമ്പനിയുടെ ഹെൽത്ത്  കവറേജ് ഉണ്ടെങ്കിലും ചെറിയ പോളിസി സ്വന്തമായി എടുക്കുന്നതു നല്ലതാണ്. ജോലിക്ക് പ്രശ്നമുണ്ടായാലും ചികിത്സാ ചെലവിനു കവറേജ് ഉറപ്പാക്കാം.

ഭാവി പദ്ധതികൾ

ഹ്രസ്വകാല നിക്ഷേപങ്ങൾക്കൊപ്പം എമർജൻസി ഫണ്ട്, റിട്ടയർമെന്റ് എന്നിവയും പരിഗണിക്കണം. യുവാക്കൾ ഇത് അവഗണിക്കുകയാണു പതിവ്. നിങ്ങളുടെ 6–9 മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി കരുതണം. ജോലിനഷ്ടം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ  ഈ തുക  സഹായിക്കും. 

നിക്ഷേപം നേരത്തേ തുടങ്ങിയാൽ റിട്ടയർമെന്റ് പ്ലാനിങ് എളുപ്പമാകും. ശമ്പളം ഉയരുന്ന മുറയ്ക്ക് 30 വയസ്സിൽ ഇതിനായി നിക്ഷേപം തുടങ്ങാം. 2,500 രൂപ വീതം എസ്ഐപി ചെയ്താൽ പോലും ഓരോ വർഷവും നിക്ഷേപത്തുക 10% കൂട്ടിയാൽ 60 വയസ്സ് എത്തുമ്പോൾ 2.30 കോടി രൂപയോളം സമാഹരിക്കാം. ഇപിഎഫ്/എൻപിഎസ് കൂടാതെ ഈ തുക കൂടി ആകുമ്പോൾ റിട്ടയർമെന്റ്  ജീവിതം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം.

FP1

ചിട്ടിയോ മ്യൂച്വൽ ഫണ്ടോ എനിക്ക് അനുയോജ്യം ?

ഉത്തരം മൂച്വൽ ഫണ്ട് എന്നു തന്നെയാണ്. ദീർഘകാല നിക്ഷേപത്തിനും താങ്കളുടെ ലക്ഷ്യങ്ങൾ നേടാനും ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപം അനിവാര്യമാണ്. 

card2

ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗപ്പെടുത്താം

ജോലി കിട്ടിയ സമയമായതിനാൽ മികച്ച ക്രെഡിറ്റ് സ്കോർ നേടാനുള്ള മാർഗമായി ക്രെഡിറ്റ് കാർഡിനെ ഉപയോഗിക്കാം. വൈകാതെ  വാഹന–ഭവന വായ്പകൾ വേണ്ടിവരും. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്കായി വിലപേശാൻ കഴിയും. കാർഡ് വഴി പർച്ചേസുകൾ നടത്തി അവ കൃത്യമായി തിരിച്ചടയ്ക്കുകയാണ് ഇതിനു വേണ്ടത്. ഗാഡ്ജറ്റുകളും മറ്റും ഇടയ്ക്കിടെ മാറുന്ന ശീലമുള്ളതിനാൽ ഓഫറുകളും റിവാർഡുകളും നേടാനും ക്രെഡിറ്റ് കാർഡ് സഹായിക്കും. അതേസമയം ക്രെഡിറ്റ് കാർഡ് ഉപയോഗം അമിത ചെലവിലേക്കു നയിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. 

ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത് സിബിൻ പോൾ CFP (വെൽത്ത് മെട്രിക്സ്). മനോരമ സമ്പാദ്യം ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. 

English Summary:

Financial Plan To Save Money For Travel, New Car And Gadgets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com