ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട്; വിവിധ നിക്ഷേപങ്ങളുടെ നേട്ടം ഒന്നിച്ച്
Mail This Article
കൂടുതൽ പേർ അറിയുകയും നിക്ഷേപിക്കുകയും ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റിഫണ്ടാണ്. മാസംതോറും നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് (SIP) ഏറ്റവും നല്ലത് ഉയർന്ന ലാഭസാധ്യതയുള്ള ഇക്വിറ്റി ഫണ്ടുകളാണ്. എന്നാൽ ബോണ്ടുകളടക്കം കടപത്രങ്ങളിലും സ്വർണത്തിലും ഒക്കെ നിക്ഷേപിക്കുന്ന ഫണ്ടുകൾ ലഭ്യമാണ്. അതിൽ ഏറ്റവും പ്രയോജനപ്രദമാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഈ ഫണ്ടുകൾ ഓഹരിക്കു പുറമെ കോർപ്പറേറ്റ് /സർക്കാർ ബോണ്ടുകൾ, മറ്റു ഡെറ്റ്–മണി മാർക്കറ്റ് ഇൻസ്ട്രമെന്റുകൾ തുടങ്ങിയ ഫിക്സഡ് ഇൻകം പദ്ധതികളിലും സ്വർണം, വിദേശ ഓഹരികൾ, ആർബിട്രേജ് എന്നിവയിലും നിക്ഷേപിക്കുന്നു.
5 തരം ഹൈബ്രിഡ് ഫണ്ടുകൾ
1. അഗ്രസ്സിവ് ഹൈബ്രിഡ് ഫണ്ട്- ആസ്തിയുടെ 65 ശതമാനവും ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ട്.
2. ബാലൻസ്ഡ് അഡ്വാന്റേജ്– ഡൈനാമിക് ഹൈബ്രിഡ് ഫണ്ട് എന്നും അറിയപ്പെടുന്ന ഇവയിൽ ഫണ്ട് മാനേജർക്ക് വിപണി സാഹചര്യം അനുസരിച്ച് ഓഹരിവിഹിതം മാറ്റാം.
3. മൾട്ടി അസറ്റ് ഫണ്ട്– ഓഹരി, കടപത്രം എന്നിവയ്ക്കു പുറമെ സ്വർണത്തിലും വിദേശ ഓഹരിയിലും നിക്ഷേപിക്കുന്നു.
4. ഇക്വിറ്റി സേവിങ്സ് ഫണ്ട്– 35 ശതമാനത്തിൽ താഴെ മാത്രം ഓഹരിയിൽ നിക്ഷേപിക്കുന്നു. ഓഹരിയുടെ ആദായനികുതി നിരക്കു ബാധകം.
5. കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട്– വളരെ കുറഞ്ഞ ശതമാനം മാത്രം ഓഹരി നിക്ഷേപം. ഉയർന്ന ആദായനികുതി ബാധകമാകാം.
ഹൈബ്രിഡ് ഫണ്ടുകളുടെ ഗുണങ്ങൾ
ദീർഘകാല നിക്ഷേപത്തിന് അനുയോജ്യം. വൈവിധ്യവൽക്കരണം, പ്രൊഫഷണൽ മാനേജ്‌മെന്റ് തുടങ്ങിയ മ്യൂച്വൽ ഫണ്ടിന്റെ പൊതുഗുണങ്ങൾക്കു പുറമെ ചില പ്രത്യേക മേന്മകളും ഇവയ്ക്കുണ്ട്.
1. റിസ്ക് ക്രമീകരിക്കാം– ഓരോരുത്തർക്കും എടുക്കാവുന്ന റിസ്ക് വ്യത്യസ്തമായിരിക്കുമല്ലോ? ഹൈബ്രിഡ് ഫണ്ടിലൂടെ ഇക്വിറ്റി, ഡെറ്റ്, സ്വർണം, ആർബിട്രേജ് നിക്ഷേപങ്ങൾ ക്രമീകരിച്ച് ഓഹരിയിൽ മാത്രം നിക്ഷേപിക്കുന്നതിനെക്കാൾ റിസ്ക് കുറയ്ക്കാം
2. ഓട്ടോ റീബാലൻസിങ്- ഇക്വിറ്റി, ഡെറ്റ്, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയുടെ അനുപാതം ശരിയായി നിലനിർത്തുന്ന അസറ്റ് അലോക്കേഷൻ നിക്ഷേപകരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഈ അനുപാതം നിലനിർത്താൻ വിപണി ചാഞ്ചാട്ടത്തിനനുസരിച്ച് റീ ബാലൻസിങ് വേണം. എന്നാൽ ഇത് എങ്ങനെ, എപ്പോൾ നടത്തണം എന്നത് സാധാ നിക്ഷേപകർക്ക് അറിയില്ല. ഹൈബ്രിഡ് ഫണ്ടാകട്ടെ ഇത് ഓട്ടോമാറ്റിക്കായി നടപ്പാക്കും. വിപണി ഉയരുമ്പോൾ ഓഹരി വിറ്റ് ലാഭമെടുത്തു മറ്റ് ആസ്തികളിൽ നിക്ഷേപിക്കാനും ഇടിവുകളിൽ ഓഹരി നിക്ഷേപം ഉയർത്തുവാനും ഈ ഫണ്ടുകൾക്കു കഴിയും.
3. നികുതി ലാഭം- സ്വയം റീബാലൻസിങ് ചെയ്യുമ്പോൾ, നിക്ഷേപകന് ആദായനികുതി ബാധ്യതയുണ്ടാകാം. അതേ സമയം മ്യൂച്വൽ ഫണ്ടുകൾ സ്വയം ചെയ്യുമ്പോൾ ഇടപാടുകൾ നികുതിരഹിതമാണ്. മിക്ക വിഭാഗങ്ങൾക്കും ഓഹരിയുടെ നികുതിയാണ് ബാധകം. അതുപ്രകാരം മൂലധനനേട്ടത്തിന് ഒരു വർഷംവരെ 15ഉം ഒരു വർഷത്തിനുമേൽ പത്തും ശതമാനമേ നികുതിയുള്ളൂ എന്നതും ഇവയെ ആകർഷകമാക്കുന്നു
ശ്രദ്ധിക്കാൻ
മ്യൂച്വൽ ഫണ്ടിനു പൊതുവായുള്ള വിപണി റിസ്ക് അതാതു ഫണ്ടിന്റെ സ്വഭാവമനുസരിച്ചു ഹൈബ്രിഡ് ഫണ്ടിലും ബാധകമാണ്. ഒരേ ഉപവിഭാഗത്തിലെ ഫണ്ടുകൾപോലും വ്യത്യസ്ത നിക്ഷേപ അനുപാതവും നികുതി നിരക്കുകളും ഉള്ളവയായതിനാൽ പഠിച്ചശേഷം മാത്രം നിക്ഷേപിക്കുക.
(സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറാണ് ലേഖകൻ. മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)