സ്മാർട് പ്ലാനിങ്: മധ്യവർഗ കുടുംബത്തിന് ഒരു നിക്ഷേപ പ്ലാൻ
Mail This Article
നവീൻ 36 വയസ്സുള്ള ഐടി പ്രഫഷനലാണ്. 50000 രൂപ ശമ്പളം ലഭിക്കുന്നു. ഭാര്യ പ്രിയ സ്വകാര്യ ആശുപത്രിയിൽ നഴ്സ്. ശമ്പളം 20,000 രൂപ. അഞ്ചു വയസ്സുള്ള മകൾ ഉണ്ട്. കുടുംബത്തിന്റെ ഭാവിയിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ താഴെ പറയുംവിധമാണ്.
1. മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഇന്നത്തെ 15 ലക്ഷം രൂപ ചെലവ്.
2. മകളുടെ വിവാഹത്തിനായി 20 ലക്ഷം രൂപ ചെലവ്.
3. അഞ്ചുവർഷം കഴിയുമ്പോൾ എട്ടു ലക്ഷം രൂപ വിലയുള്ള കാർ വാങ്ങുന്നതിനുള്ള ചെലവ്.
4. എട്ട് വർഷം കഴിയുമ്പോൾ 40 ലക്ഷം രൂപയുടെ വീട് നിർമിക്കാനുള്ള ചെലവ്.
5. അറുപതാം വയസ്സിൽ 25,000 രൂപ പ്രതിമാസം വരുമാനം ഉറപ്പിക്കുന്ന രീതിയിൽ റിട്ടയർമെന്റ് ആസൂത്രണം ചെയ്യണം.
പ്രതിമാസ ചെലവ് ഇപ്പോൾ 30,000 രൂപ. ഇതുവരെയുള്ള നിക്ഷേപം വീട് വയ്ക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിനായി കുറച്ചു മാസം മുൻപ് ഉപയോഗിച്ചു. ഈ വരുമാനത്തിൽ സാമ്പത്തിക ആസൂത്രണം ചെയ്ത്, അനുയോജ്യമായ നിക്ഷേപങ്ങൾ തിരഞ്ഞെടുത്ത്, ഭാവി ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാമെന്നു പരിശോധിക്കാം. നവീന്റെ കുടുംബത്തിന് 70,000 രൂപ പ്രതിമാസ വരുമാനവും 30,000 രൂപ ചെലവും ആയതിനാൽ 40,000 രൂപയുടെ മിച്ച വരുമാനം സാധ്യമാണ്. പ്രതിമാസ വരുമാനത്തിൽ നിന്ന് 40% ചെലവുകൾക്കായും, 30% ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവിനും, 25% നിക്ഷേപത്തിനും, 5% കരുതൽ ധനമായും മാറ്റിവയ്ക്കുന്നതാണ് അനുയോജ്യം.
നിർദേശങ്ങൾ
1. പ്രതിമാസ വരുമാനത്തിന്റെ 5% ആയ 3500രൂപ കരുതൽ ധനമായി(എമർജൻസി ഫണ്ട്) മ്യൂച്വൽ ഫണ്ടുകളിലെ ലിക്വിഡ് ഫണ്ടുകളിലോ സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മാറ്റിവയ്ക്കുക. ആറുമാസത്തെ വരുമാന തുകയാണ് അനുയോജ്യമായ കരുതൽ ധനം.
2. ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ വാർഷിക വരുമാനത്തിന്റെ 20 ഇരട്ടി തുക ടേം ഇൻഷുറൻസ് ആരംഭിക്കുക. ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസും ആവശ്യമാണ്
3. കുടുംബാംഗങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുക.
4. കാർ വാങ്ങുക, മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് പ്ലാനിങ് തുടങ്ങിയ ചെലവുകൾക്കായി 17500 രൂപ പ്രതിമാസം 10% ആദായം ലഭ്യമാകുന്ന പദ്ധതിയിൽ നിക്ഷേപിക്കുകയും, പ്രതിവർഷം 9% നിരക്കിൽ നിക്ഷേപ തുക വർധിപ്പിക്കുകയും ചെയ്താൽ ഈ ലക്ഷ്യങ്ങൾ അതത് സമയത്ത് സാധ്യമാകും. മ്യൂച്വൽ ഫണ്ടിലെ ഇക്വിറ്റി/ ഹൈബ്രിഡ് ഫണ്ടുകളിൽ എസ്‌ഐപി നിക്ഷേപം ഏറ്റവും അനുയോജ്യമാണ്.
5. റിട്ടയർമെന്റ് പ്ലാനിങ്ങിലൂടെ സ്വരൂപിക്കപ്പെടുന്ന റിട്ടയർമെന്റ് ഫണ്ട് (1.95 കോടി രൂപ) മ്യൂച്വൽ ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിച്ചാൽ പ്രതിമാസം ഇന്നത്തെ 25000 രൂപയുടെ അന്നത്തെ മൂല്യ തുകയായ ഒരു ലക്ഷം രൂപ പ്രതിമാസ വരുമാനമായി സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനിലൂടെ ലഭ്യമാക്കുന്നതിന് കഴിയും. പ്രതിവർഷം പെൻഷൻ തുകയിൽ വർധനയും ഉണ്ടാകും.
6. വീട് പണിയുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിന് ആദ്യ എട്ടു വർഷങ്ങളിൽ 19,000 രൂപ ഇക്വിറ്റി ഫണ്ടിൽ എസ്ഐപി ആയി നിക്ഷേപിച്ച് 28 ലക്ഷത്തോളം രൂപ 10% ആദായനിരക്കിൽ ലഭ്യമാക്കുന്നതിന് കഴിയും. ഇന്ന് 40 ലക്ഷം രൂപ ചെലവ് വരുന്ന വീട് നിർമിക്കുന്നതിന് പണപ്പെരുപ്പ നിരക്ക് പരിഗണിക്കുമ്പോൾ 64 ലക്ഷത്തോളം രൂപ അന്നു വേണ്ടിവരും. ആയതിനാൽ ബാക്കി തുകയ്ക്കായി അന്ന് ഭവന വായ്പ എടുക്കുന്നത് അനുയോജ്യമാണ്. മ്യൂച്വൽ ഫണ്ടിൽ കൂടുതൽ ആദായം ലഭ്യമായാൽ ലോൺ തുക കുറയ്ക്കാം. ഭവന വായ്പയുടെ അന്നത്തെ തിരിച്ചടവ് 31,000 രൂപ വരാമെന്ന് കണക്കാക്കുന്നു. പ്രതിവർഷം വരുമാന വർധന ഉണ്ടായാൽ അത് ബുദ്ധിമുട്ടില്ലാതെ നടക്കും.
ഫിനാൻഷ്യൽ പ്ലാൻ രൂപീകരിച്ചു കഴിഞ്ഞാൽ കൃത്യമായി നടപ്പിലാക്കുകയും ഓരോ വർഷവും പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര അനായാസമാകും.