ADVERTISEMENT

ഹൈദരാബാദ് ∙ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിര്‍സ. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നും ഇമ്രാൻ മിര്‍സ പറഞ്ഞു. 2022 മുതൽ ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. 

പാക്ക് നടി സനാ ജാവേദുമായി വിവാഹിതനായ വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സനയുമായി മാലിക് ഡേറ്റിങ്ങിലാണെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. മാലിക്കും സാനിയയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ നേരത്തേ ഇരുവരും നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സാനിയ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് അഭ്യൂഹമുയർന്നു. 

2010 ഏപ്രിലിലാണ് മാലിക്കും സാനിയ മിർസയും തമ്മിൽ വിവാഹിതരായത്. മാതാചാരങ്ങൾ പ്രകാരം ഹൈദരാബാദിൽവച്ചായിരുന്നു വിവാഹം. പിന്നീട് ഇരുവരും ദുബായിൽ താമസമാക്കിയിരുന്നു. 2018ൽ ഇരുവർക്കും മകനായ ഇഷാൻ ജനിച്ചു. ഇതിനുശേഷവും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. നിലവിൽ സാനിയയ്ക്കൊപ്പമാണ് മകനുള്ളത്. 

‌‌‌‌മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. 'വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' എന്നായിരുന്നു സാനിയ കുറിച്ചത്.

20 വർഷം നീണ്ട ടെന്നിസ് കരിയറിൽ 43 ഡബിൾസ് കിരീട നേട്ടങ്ങളിൽ സാനിയ പങ്കാളിയായി. സിംഗിൾസിൽ ഒരു തവണയും കിരീടം സ്വന്തമാക്കി.

English Summary:

Sania Mirza's Father's First Reaction After Shoaib Malik Marries Pakistani Actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com