ADVERTISEMENT

മുംബൈ ∙ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും ഇടംപിടിച്ചത്. 5 മത്സരങ്ങളുടെ പരമ്പര 28 മുതൽ മേയ് 9 വരെയാണ്. ബംഗ്ലദേശ് പര്യടനത്തിൽ ഇരുവർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഈ വർഷം ബംഗ്ലാദേശ് വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം ലഭിച്ചേക്കാം.

അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിനിയായ സജന സജീവൻ മുംബൈ ഇന്ത്യൻസ് ടീമിലെ ഓൾറൗണ്ടറാണ്.

സീസണിലെ ആദ്യ മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ 5 വിക്കറ്റുമായി തിളങ്ങിയ ആശ ശോഭന അതോടെ ഡൽഹി ടീമിന്റെ സ്ട്രൈക്ക് ബോളറായി മാറി. ബെംഗളൂരുവിന്റെ കിരീടനേട്ടത്തിൽ ഫൈനലിൽ ഉൾപ്പെടെ നിർണായക പങ്കാണ് ആശ വഹിച്ചത്. ഡബ്ല്യുപിഎലിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ ആശ സീസണിൽ ആകെ 10 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളുമായി വിക്കറ്റ് നേട്ടത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. 

സീസണിലെ ഉദ്ഘാടന മത്സരത്തിൽ അവസാന പന്തിൽ സിക്സടിച്ച് മുംബൈയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ച സജന ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഇതോടെ മുംബൈയുടെ ബാറ്റിങ് ഓർഡറിൽ സജനയ്ക്കു പ്രമോഷൻ ലഭിച്ചു. സീസണിലെ ആദ്യ മത്സരത്തിൽ എട്ടാമതായി ബാറ്റിങ്ങിനിറങ്ങിയ സജന അവസാന ലീഗ് മത്സരത്തിൽ ഓപ്പണറായാണ് ഇറങ്ങിയത്. 9 മത്സരങ്ങളിൽ നിന്ന് 3 നോട്ടൗട്ട് സഹിതം 87 റൺസുമായി തിളങ്ങി. 2 മത്സരങ്ങളിൽ മാത്രം പന്തെറിഞ്ഞ താരം 2 വിക്കറ്റും നേടി. മാനന്തവാടി സ്വദേശിയായ മിന്നു മണിയാണ് ഇന്ത്യൻ വനിതാ ടീമിലെത്തിയ ആദ്യ മലയാളി. 

ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ഷെഫാലി വർമ, ഡി. ഹേമലത, സജന സജീവൻ, റിച്ച ഘോഷ്, യാസ്തിക ഭാട്യ, രാധാ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രാകർ, അമൻജ്യോത് കൗർ, ശ്രേയങ്ക പാട്ടീൽ, സെയ്ക ഇഷാഖ്, ആശ ശോഭന, രേണുക സിങ്, ടൈറ്റസ് സാധു. 

English Summary:

Asha Shobhana and Sajana Sajeevan in Indian Women's T20 squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com