ADVERTISEMENT

ഗുവാഹത്തി∙ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് കിങ്സിനോടും തോറ്റ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് മോശം പ്രകടനം തുടരുന്നു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് രാജസ്ഥാനെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ഏഴു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജത്തിലെത്തി. ഈ സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യ ഒൻപത് മത്സരങ്ങളിൽ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം.

ബാറ്റിങ് ദുഷ്കരമായ പിച്ചിൽ പൊരുതി നേടിയ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ സാം കറനാണ് പഞ്ചാബിന്റെ വിജയശിൽപി. സാം കറൻ 41 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 63 റൺസുമായി പുറത്താകാതെ നിന്നു. കറനു പുറമേ ജിതേഷ് ശർമ (20 പന്തിൽ രണ്ടു സിക്സുകൾ സഹിതം 22), റൈലി റൂസോ (13 പന്തിൽ അഞ്ച് ഫോറുകളോടെ 22) എന്നിവരുടെ ഇന്നിങ്സുകളും പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായി. അശുതോഷ് ശർമ 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17 റൺസുമായി സാം കറനൊപ്പം പുറത്താകാതെ നിന്നു.

ജോണി‍ ബെയർസ്റ്റോ (22 പന്തിൽ ഒരു ഫോർ സഹിതം 14), പ്രഭ്സിമ്രാൻ സിങ് (നാലു പന്തിൽ ആറ്), ശശാങ്ക് സിങ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.  രാജസ്ഥാനായി ആവേശ് ഖാൻ 3.5 ഓവറിൽ 28 റൺസ് വഴങ്ങിയും യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോൾട്ട് മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

∙ രക്ഷകനായി പരാഗ്

നേരത്തെ, വെറും രണ്ടു റൺസിന് അർധസെഞ്ചറി നഷ്ടമായെങ്കിലും 34 പന്തിൽ 48 റൺസെടുത്ത റിയാൻ പരാഗിന്റെ കരുത്തിലാണ് രാജസ്ഥാൻ പഞ്ചാബ് കിങ്സിനു മുന്നിൽ 145 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ഒരിക്കൽക്കൂടി ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോൾ, നാലാം വിക്കറ്റിൽ പരാഗ് – രവിചന്ദ്രൻ അശ്വിൻ സഖ്യം നേടിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അശ്വിൻ 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്ത് പുറത്തായി.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ ഒ‍ൻപതു വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസെടുത്തത്. 34 പന്തിൽ ആറു ഫോറുകൾ സഹിതം 48 റൺസെടുത്താണ് പരാഗ് ടോപ് സ്കോററായത്. ഈ മത്സരത്തോടെ രാജസ്ഥാൻ റോയൽസിന്റെ രണ്ടു താരങ്ങൾ ഇതാദ്യമായി ഒരേ സീസണിൽ 500 റൺസ് നേട്ടം മറികടന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ, റിയാൻ പരാഗ് എന്നിവരാണ് ഇന്നത്തെ മത്സരത്തോടെ 500 റൺസെന്ന നാഴികക്കല്ലു പിന്നിട്ടത്.

ജോസ് ബട്‍ലറിന്റെ അഭാവത്തിൽ ഓപ്പണറായി എത്തിയ ടോം കോലർ കാഡ്മോർ ഐപിഎൽ അരങ്ങേറ്റത്തിൽ 23 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്ത് പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാൾ ആദ്യ പന്തിൽത്തന്നെ ഫോറടിച്ച് തുടങ്ങിയെങ്കിലും, നാലാം പന്തിൽ പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ മൂന്നു ഫോറുകളോടെ നേടിയത് 18 റൺസ്. ട്രെന്റ് ബോൾട്ട് ഒൻപതു പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി.

ധ്രുവ് ജുറൈൽ (0), റൂവ്മൻ പവൽ (അഞ്ച് പന്തിൽ നാല്), ഇംപാക്സ് സബ്ബായി എത്തിയ ഡൊണോവൻ ഫെറെയ്‌ര (എട്ടു പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. ആവേശ് ഖാൻ രണ്ടു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി രാഹുൽ ചാഹർ നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേൽ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ക്യാപ്റ്റൻ സാം കറൻ മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ എല്ലിസ് നാല് ഓവറിൽ 24 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

English Summary:

IPL 2024, Punjab Kings vs Rajasthan Royals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com