ആദ്യ കളിയിൽ ഞങ്ങളുടെ ലക്ഷ്യം ഒന്നു മാത്രം, ഇഷ്ടം ഫിസിക്കൽ ഗെയിം: ബ്ലാസ്റ്റേഴ്സിന്റെ ഘാന സ്ട്രൈക്കർ പെപ്ര
Mail This Article
കൊച്ചി ∙ ‘ഐഎസ്എൽ ആദ്യ കളിയിൽ ഞങ്ങളുടെ ലക്ഷ്യം ഒന്നു മാത്രം; 3 പോയിന്റ്. പിന്നീടുള്ള കളികളിലും അതു തന്നെ!’ – കുസൃതി കലർന്ന പതിഞ്ഞ താളത്തിൽ ക്വാമെ പെപ്രയുടെ വാക്കുകൾ. കളത്തിൽ ആഫ്രിക്കൻ കരുത്തിന്റെ പ്രതീകമായ ഘാന സ്ട്രൈക്കർ പെപ്ര കളത്തിനു പുറത്ത് ഒതുങ്ങിയ പ്രകൃതക്കാരൻ. ഇരുപത്തിരണ്ടുകാരൻ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രയേൽ ലീഗുകളിലെ അനുഭവ സമ്പത്തുമായാണ്. ക്വാമെ പെപ്ര സംസാരിക്കുന്നു.
എന്തു കൊണ്ട് ഇന്ത്യ?
എനിക്കു മുന്നിൽ മൂന്നോ നാലോ ഓപ്ഷൻസ് ഉണ്ടായിരുന്നു. ഞാൻ ഇന്ത്യയെയും ഐഎസ്എലിനെയും തിരഞ്ഞെടുത്തു. ഇന്ത്യൻ ഫുട്ബോൾ വളരുകയാണെന്ന് എനിക്കറിയാം. ഐഎസ്എലാകട്ടെ വലിയ സാധ്യതയാണ്.
പ്രീ സീസൺ, ഫാൻസ്
നല്ല പ്രീ സീസൺ ടൂർ ആയിരുന്നു യുഎഇയിലേത്. ടീമുമായി വളരെ എളുപ്പത്തിൽ ഇണങ്ങാൻ കഴിഞ്ഞു. ഫാൻസിനെക്കുറിച്ചും അറിഞ്ഞു. ഗംഭീരം എന്നു പറയാം, ഒറ്റ വാക്കിൽ..
പെപ്രയെന്നാൽ കരുത്ത്?
എന്നു പറയാം. ഞാൻ ഫിസിക്കൽ ഗെയിം ഇഷ്ടപ്പെടുന്നു. എന്റെ കഴിവുകളും ശൈലിയും ബ്ലാസ്റ്റേഴ്സിനു ഉപകാരപ്പെടുമെന്നു കരുതുന്നു. ലീഗ് തുടങ്ങാൻ ആവേശത്തോടെ കാത്തിരിക്കുന്നു.
കൊച്ചിയിലെ കാലാവസ്ഥ
ഒരാഴ്ച മാത്രമാണു കൊച്ചിയെ പരിചയം. പക്ഷേ, കാലാവസ്ഥ സാധാരണ പോലെ തോന്നി. വലിയ ചൂടില്ല, വലിയ തണുപ്പുമില്ല. ഫുട്ബോൾ സീസണു പറ്റിയ നല്ല കാലാവസ്ഥ.
ആഫ്രിക്ക–ഇന്ത്യ താരതമ്യം
ഫുട്ബോളിൽ അത്തരമൊരു താരതമ്യം എളുപ്പമല്ല. അവിടെയും ഇവിടെയും കളിക്കാൻ അവസരം ലഭിച്ചു. ഗ്രേറ്റ് ഫീലിങ്! പിന്നെ, ഐഎസ്എൽ ആരാധകരുടെ ഉത്സവമാണ്. അവർ വലിയ ഊർജം നൽകും. പ്രത്യേകിച്ചും ബ്ലാസ്റ്റേഴ്സ് ഫാൻസ്.
ടീമിലെ ബെസ്റ്റ് ഫ്രണ്ട്
അങ്ങനെ ഒരാളെപ്പറ്റി പറയാൻ കഴിയില്ല. എല്ലാവരും നല്ല സുഹൃത്തുക്കളായി വരുന്നു. അയാളാണ്, ഇയാളാണ് ഏറ്റവും നല്ല സുഹൃത്ത് എന്നു പറയാനാവില്ല.
ഫ്രണ്ട്‌ലി കോച്ച്
സൗഹൃദത്തോടെ, ആത്മവിശ്വാസം പകരുന്ന കോച്ച് വളരെ പ്രധാനമാണ്. ഇവാൻ വുക്കൊമനോവിച്ച് അങ്ങനെയാണ്. മാനേജ്മെന്റ് എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു. കോച്ചിങ് സ്റ്റാഫ് ഈസ് സ്പെഷൽ. വെരി ഹാപ്പി!
English Summary : Kerala Blasters player Kwame Peprah Interview