ഇൻജറി ടൈമിൽ മുഹമ്മദൻസിന്റെ വിജയഗോൾ; പടിക്കൽ വീണ് ഗോകുലം പുരുഷ ടീം
Mail This Article
കോഴിക്കോട്∙ സമനിലയിൽ അവസാനിക്കുമെന്നു കരുതിയ കളിയുടെ ഇൻജറി ടൈമിൽ (90+7 മിനിറ്റ്) ഡേവിഡ് ഹമർ നേടിയ ഗോളിലൂടെ മുഹമ്മദൻസിന് വിജയം (3–2). ഐ ലീഗ് ഫുട്ബോളിൽ ആദ്യാവസാനം പൊരുതിനിന്ന ഗോകുലം അവസാന നിമിഷത്തെ പ്രതിരോധവീഴ്ചയിലാണു കണ്ണീരണിഞ്ഞത്. കളി തുടങ്ങി ആദ്യ 20 മിനിറ്റിനകം മുഹമ്മദൻസ് 2 ഗോളുകൾ നേടി. എഡ്ഡി ഹെർണാണ്ടസ് 16–ാം മിനിറ്റിലും അലക്സിസ് ഗോമസ് 23–ാം മിനിറ്റിലുമാണ് മുഹമ്മദൻസിന്റെ ഗോളുകൾ നേടിയത്.
Read Also: സന്തോഷ് ട്രോഫി: കേരളം നാളെ ക്വാർട്ടറിൽ മിസോറമിനെതിരെ
46–ാം മിനിറ്റിൽ പി.എൻ.നൗഫൽ കുതിച്ചുകയറി നേടിയ ഗോളിലൂടെയാണ് ഗോകുലം ആശ്വാസം കണ്ടത്. 65–ാം മിനിറ്റിൽ നിധിൻ കൃഷ്ണ സമനില ഗോൾ നേടിയതോടെ ആരാധകർക്കു നേരിയ ആശ്വാസമായി. എന്നാൽ, ഇൻജറി ടൈമിന്റെ അവസാനം ഹമർ നേടിയ ഗോൾ ഗോകുലത്തെ നിരാശയിലാഴ്ത്തി. 17 കളികളിൽനിന്ന് 38 പോയിന്റുമായി മുഹമ്മദൻസ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 18 കളികളിൽനിന്ന് 32 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്ത്.
∙ ഗോകുലം വനിതാ ടീമിനു വിജയം; വീണ്ടും ടോപ്പിൽ!
സ്പോർട് ഒഡീഷയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള വീണ്ടും ഒന്നാമതെത്തി. 5-0 നാണ് ഗോകുലത്തിന്റെ ജയം. 4 ഗോളുകൾ നേടിയ ഫാസില ഇക്വാപുത്തിന്റെ മിന്നുന്ന പ്രകടനമാണ് ഗോകുലത്തിന്റെ വിജയത്തിനു കരുത്തായത്. അവസാന മൂന്നു മിനിറ്റിലാണ് ഫാസിലയുടെ 3 ഗോളുകൾ. ഇതോടെ 11 ഗോളുകളുമായി യുഗാണ്ടൻ താരം ലീഗിലെ ടോപ്സ്കോററായി. ജയത്തോടെ 10 കളികളിൽനിന്ന് ഗോകുലത്തിന് 23 പോയിന്റായി.
ആദ്യ പകുതിയിൽ ഗോകുലം 2-0ന് മുന്നിലായിരുന്നു. മൂന്നാം മിനിറ്റിൽ സന്ധ്യയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. 44–ാം മിനിറ്റിൽ ഫാസില ആദ്യഗോൾ കുറിച്ചു. 83,84,86 മിനിറ്റുകളിലാണ് ഫാസില തുടർച്ചയായി 3 ഗോളുകൾ നേടിയത്.