സന്തോഷ് ട്രോഫിയിൽ സർവീസസ്– ഗോവ ഫൈനൽ; രണ്ടാം സെമിയിൽ മണിപ്പുരിനെ വീഴ്ത്തി ഗോവ
Mail This Article
ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ഗോവ– സർവീസസ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ മണിപ്പുരിന്റെ വേഗപ്പോരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഗോവ ഫൈനലിൽ പ്രവേശിച്ചത്. ആദ്യ സെമിയിൽ മിസോറമിനെ വീഴ്ത്തിയാണ് സർവീസസ് ഫൈനലിൽ കടന്നത്. ശനിയാഴ്ച രാത്രി 7നാണ് ഫൈനൽ.
Read also: മിസോറമിനെ 2-1ന് വീഴ്ത്തി, സർവീസസ് സന്തോഷ് ട്രോഫി ഫൈനലിൽ
രണ്ടാം സെമി ഫൈനൽ മത്സരം തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ രണ്ടു തവണ മണിപ്പൂർ, ഗോവയുടെ ബോക്സിലെത്തി. ചില കൊടുക്കൽ വാങ്ങലുകൾക്കു ശേഷം പതിനെട്ടാം മിനിറ്റിൽ ഏകദേശം 26 വാര അകലെ നിന്ന് ഗാൻബം പച്ച സിങ്ങിന്റെ കിടിലൻ ഷോട്ട് ഗോവയുടെ ഹൃദയം തകർത്തു. മിസോറം ക്യാപ്റ്റൻ സനതോയ് മെയ് തെയിന്റെയും ടീമിന്റെയും വേഗത്തിനു മുൻപിൽ പിടിച്ചു നിൽക്കാനാകാതെ ഗോവൻ പ്രതിരോധം കുഴങ്ങുന്ന കാഴ്ചയാണു കാണാനായത്. മണിപ്പുരിന്റെ മിന്നൽ ആക്രമണങ്ങളും വീണു കിട്ടുന്ന അവസരങ്ങൾ മുതലാക്കി ഗോവയുടെ കൗണ്ടർ അറ്റാക്കുകളും നിറഞ്ഞ ആദ്യ പകുതി മണിപ്പുരിന് ലീഡ് സമ്മാനിച്ച് സമാപിച്ചു.
മണിപ്പൂർ പ്രതിരോധത്തിലേക്കു മാറിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോവയുടെ ആക്രമണങ്ങളായിരുന്നു കൂടുതലും. മണിപ്പൂർ വിജയമുറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ നെല്യോ മരിസ്റ്റോ ഫെർണാണ്ടസ് ഗോവയ്ക്കായി സമനില കണ്ടെത്തി. കിടിലൻ ബൈസിക്കിൾ കിക്കിലൂടെയായിരുന്നു നെഷ്യോയുടെ ഗോൾ. ഇതോടെ മത്സരം അധിക സമയത്തിലേക്കു നീണ്ടു. 117 -ാം മിനിറ്റിൽ നെഷ്യോ വീണ്ടും ലക്ഷ്യം കണ്ടതോടെ മണിപ്പുർ പരാജയം സമ്മതിച്ചു; ഗോവ സന്തോഷ് ട്രോഫി ഫൈനലിലേക്ക്.