എം.ശ്രീശങ്കർ മനോരമ സ്പോർട്സ് സ്റ്റാർ 2023; സ്പോർട്സ് ക്ലബ് പുരസ്കാരം വയനാട് പാപ്ലശേരി ദർശന ക്ലബ്ബിന്
Mail This Article
കൊച്ചി ∙ കായികകേരളത്തിന്റെ അഭിമാനതാരങ്ങൾ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി എം.ശ്രീശങ്കർ പൊൻതാരമായി ഉദിച്ചുയർന്നു. ഇന്ത്യയുടെ ലോകോത്തര ലോങ്ജംപ് താരത്തെ ‘മനോരമ സ്പോർട്സ് സ്റ്റാർ–2023’ ആയി പ്രഖ്യാപിച്ചത് പുരുഷ ഡബിൾസിലെ ലോക ഒന്നാം നമ്പർ താരം രോഹൻ ബൊപ്പണ്ണ. ശ്രീശങ്കർ 5 ലക്ഷം രൂപയും ട്രോഫിയും ബൊപ്പണ്ണയിൽനിന്നു സ്വീകരിച്ചു. സാന്റാമോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ അവതരിപ്പിക്കുന്ന സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിൽ കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബി രണ്ടാം സ്ഥാനവും പാരാ ഷൂട്ടിങ് താരം സിദ്ധാർഥ ബാബു മൂന്നാം സ്ഥാനവും നേടി. ഇവർക്കു ട്രോഫിയും യഥാക്രമം 3, 2 ലക്ഷം രൂപ വീതവും സമ്മാനിച്ചു.
‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരം വയനാട് പാപ്ലശേരി അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനാണ്. 3 ലക്ഷം രൂപയും ട്രോഫിയുമാണു പുരസ്കാരം. രണ്ടാം സമ്മാനമായ 2 ലക്ഷം രൂപയും ട്രോഫിയും കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമിക്കും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്ററിനും ലഭിച്ചു. യുഎസിലെ മയാമി ഓപ്പൺ ടെന്നിസിലെ ഡബിൾസ് കിരീടനേട്ടത്തിനു തൊട്ടടുത്ത ദിവസമാണ് രോഹൻ ബൊപ്പണ്ണ ചടങ്ങിനെത്തിയത്. മികവിലേക്ക് ഉയരാൻ ഏറ്റവും വേണ്ടത് സ്വന്തം കഴിവിലുള്ള വിശ്വാസമാണെന്നു പുരസ്കാരങ്ങൾ സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായികപ്രതിഭകളെ മികവിലേക്കു നയിക്കാനുള്ള മനോരമയുടെ ദൃഢനിശ്ചയവും ദൗത്യവും തുടരുമെന്നു മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു പറഞ്ഞു.
എം. ശ്രീശങ്കർ
ലോക അത്‌ലറ്റിക്സ് വേദികളിൽ സമീപകാലത്തായി സ്ഥിരം സാന്നിധ്യമാണ് പാലക്കാട്, യാക്കര സ്വദേശി എം.ശ്രീശങ്കർ. പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ പുരുഷ ലോങ്ജംപിൽ മൂന്നാംസ്ഥാനം നേടിയതിലൂടെ ഡയമണ്ട് ലീഗ് മീറ്റിൽ മെഡൽനേടുന്ന ആദ്യ മലയാളിയും മൂന്നാമത്തെ ഇന്ത്യക്കാരനുമായി ശ്രീ മാറി. 2023 മേയിൽ യുഎസിലെ ചുലാ വിസ്റ്റയിൽ നടന്ന ഹൈ പെർഫോമൻസ് അത്‍ലറ്റിക് മീറ്റിലൂടെയാണ് സീസണിലെ ആദ്യ രാജ്യാന്തര സ്വർണം (8.29 മീറ്റർ) ശ്രീ നേടിയത്. ഈ പ്രകടനത്തോടെ ഹാങ്ചോ ഏഷ്യൻ ഗെയിംസിനും യോഗ്യത നേടുകയും പിന്നാലെ ഗെയിംസിൽ വെള്ളി (8.19 മീറ്റർ) ഉറപ്പിക്കുകയും ചെയ്തു.
ഗ്രീസിലെ ആതൻസിൽ നടന്ന ഇന്റർനാഷനൽ ജംപിങ് മീറ്റ് (8.18 മീറ്റർ), ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ അത്‍ലറ്റിക്സ് (കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ– 8.41 മീറ്റർ) എന്നിവയിൽ ഒന്നാമതെത്തി. ഇതോടെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് തുടർച്ചയായ രണ്ടാം തവണയും യോഗ്യത ഉറപ്പിച്ചു. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 3 സെന്റിമീറ്റർ (8.37 മീറ്റർ) വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വർണം നഷ്ടമായത്. ഈ പ്രകടനത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റായി ശ്രീ മാറി. ഇതിനു പിന്നാലെ അർജുന പുരസ്കാരവും ശ്രീയെ തേടിയെത്തി.