ADVERTISEMENT

'എത്ര മേക്കപ്പിട്ട് മറച്ചാലും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറി കിട്ടില്ല' പലരുടെയും ദിനംപ്രതിയെന്നോണമുള്ള പരിഭവമാണിത്. ഉറക്കക്കുറവും സ്ട്രെസുമെല്ലാം കൊണ്ട് സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ് നിറം. കണ്ണിന് ചുറ്റുമുള്ള ചർമം വളരെ നേർത്തതും ലോലവുമാണ്. അതുകൊണ്ട് തന്നെ പ്രായമാകുന്നതിനനുസരിച്ച് കൺതടത്തിലെ ചർമം വരണ്ടതാകാനും ചുളിവ് വീഴാനും സാധ്യതയുണ്ട്. അതിന് എന്ത് ചെയ്യുമെന്നോർത്ത് ടെൻഷനടിക്കേണ്ട, മുഖത്തോടൊപ്പം കൺതടവും തിളങ്ങാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ..

 

1. ടീബാഗ്

കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ ഏറ്റവും ഫലപ്രദവും വളരെ എളുപ്പവുമായ മാർഗമാണ് തണുത്ത ടീ ബാഗുകൾ. ടീ ബാഗുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം കണ്ണിന് മുകളിൽ വെക്കാം. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. നന്നായി തണുത്ത കട്ടൻ ചായയിൽ പഞ്ഞി മുക്കി കണ്ണിന് മുകളിൽ വെച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണകരമാണ്. 

 

2. ഉരുളക്കിഴങ്ങ്

ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകളടങ്ങിയതാണ് ഉരുളക്കിഴങ്ങുകൾ. ഇത് കൺതടങ്ങളിലെ തടിപ്പും കരിവാളിപ്പും കുറയ്ക്കാൻ സഹായിക്കും. ആദ്യം ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ച് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെക്കാം. ഇത് ദിവസവും കൺപോളകൾക്ക് മുകളിൽ വെച്ച് 10 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ശേഷം നല്ലൊരു അണ്ടർ ഐ ക്രീം പുരട്ടാം. 

 

3. കുക്കുമ്പർ

കുക്കുമ്പർ വട്ടത്തിൽ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷം കണ്ണിന് മുകളിൽ വെക്കുന്നതും ജ്യൂസാക്കി പഞ്ഞിയിൽ മുക്കി വെച്ചാലും മതി. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 

 

4. തണുത്ത പാൽ

തണുത്ത പാൽ കണ്ണിന് ഏറ്റവും മികച്ചൊരു ക്ലെൻസറാണ്. തണുത്ത പാലിലെ ലാക്ടിക് ആസിഡ് ച‌ർമത്തിന് തിളക്കം നൽകാൻ സഹായിക്കും. കൂടാതെ പാലിലെ പൊട്ടാസ്യം ചർമത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിന്റെ വശങ്ങളിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ആവർത്തിക്കുക. 

 

5. കറ്റാർവാഴ

വളരെ ഫലപ്രദമായൊരു മോയ്സ്ചറൈസറാണ് കറ്റാർവാഴ. കൂടുതൽ കാലം ചര്‍മം ആരോഗ്യത്തോടെയിരിക്കാൻ കറ്റാർവാഴ സഹായിക്കും. കറ്റാർവാഴയുടെ ജെൽ എടുത്തതിന് ശേഷം അത് കണ്ണുകൾക്ക് താഴെ പുരട്ടി 5 മുതൽ 7 മിനിറ്റ് വരെ മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. 

 

6. റോസ് വാട്ടർ

റോസ്‌വാട്ടർ ഉന്മേഷദായകമാണ്. എല്ലാ ചർമ സംബന്ധമായ പ്രശ്നങ്ങൾക്കും റോസ് വാട്ടർ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ഫലപ്രദമായ സ്കിൻ ടോണറായും ഇത് ഉപയോഗിക്കാം. കോട്ടൻ പഞ്ഞി റോസ് വാട്ടറിൽ മുക്കി കൺപോളകൾക്ക് മുകളിൽ 10 മുതൽ 15 മിനിറ്റ് വരെ വെക്കാം. മികച്ചഫലത്തിനായി ഒരുമാസത്തേക്ക് രാത്രികളിൽ ഇതുചെയ്യാം.

 

7. തക്കാളി

കണ്ണിന് ചുറ്റുമുള്ള നിറവ്യത്യാസം ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ടീസ്പൂൺ തക്കാളി നീര്, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ കലർത്തി കണ്ണിന്റെ രണ്ട് ഭാഗങ്ങളിലും പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

 

ഓർക്കുക...

 

കണ്ണിന് കറുപ്പ് നിറം വരുന്നത് പൂർണമായും തടയാൻ നമ്മൾ കൂടി സൂക്ഷിക്കണം. ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കം ചെയ്യാത്തതും മൊബൈൽ സ്ക്രീനിൽ രാത്രി ഒരുപാട് സമയം നോക്കി നിൽക്കുന്നതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വർധിപ്പിക്കും. കൃത്യസമയത്ത് ഉറങ്ങാനും സമ്മർദ്ദങ്ങൾ കുറയ്ക്കാനും ശ്രദ്ധിക്കണം. 

 

Sparkling Eyes: 7 Home Remedies to Get Rid of Puffy Dark Circles Under Your Eyes Naturally

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com