മുഖം തിളങ്ങും, ചർമത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി; വീട്ടിൽ തയാറാക്കാം കറ്റാർ വാഴ മാസ്ക്കുകൾ
Mail This Article
വളരെ എളുപ്പത്തിൽ മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാൻ കറ്റാർ വാഴ ഏറെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചർമത്തിന്റെ സംരക്ഷണത്തിനു വലിയ കരുതലാണ് കറ്റാർവാഴ നൽകുന്നത്. ഉദ്ദാഹരണമായി, വേനൽക്കാലത്ത് നിരജ്ജലീകരണം ഒഴിവാക്കാനായി ധാരളം വെള്ളം കുടിക്കാറില്ലേ. ഇതു പോലെ ചർമത്തിലും ജലാംശം നിലനിർത്തേണ്ടതുണ്ട്. അതിന് വെള്ളം കുടിച്ചാൽ മാത്രം മതിയാവില്ല. ജലാംശം നഷ്ടമാകുന്നത് ചർമത്തിന്റെ വരൾച്ചയ്ക്കും മൃദുത്വം നഷ്ടപ്പെടുന്നതിനും കാരണമാകും. കറ്റാർവാഴ മോയിസ്ച്യുറൈസറുകളും ഹൈഡ്രേഷൻ ജെല്ലും പുരട്ടുന്നത് ഈ പ്രശ്നങ്ങൾ പരിഹരിച്ച് ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു.
ചർമത്തിന്റെ പ്രശ്നങ്ങൾ അതിവേഗം പരിഹാരിക്കാനുള്ള കറ്റാർ വാഴയുടെ കഴിവ് ശ്രദ്ധേയമാണ്. അമിതമായ ചൂട് കൊണ്ടുള്ള അസ്വസ്ഥത, പാടുകൾ, ചർമത്തിന്റെ വരൾച്ചയും പിളർപ്പും ഉൾപ്പടെ പരിഹരിക്കാൻ കറ്റാർ വാഴയുടെ കൂളിങ് ഫാക്ടർ സഹായിക്കും. വളരെ എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്നതാണ് കറ്റാർ വാഴയുടെ മറ്റൊരു സവിശേഷത. കറ്റാർ വാഴ നീര് എടുത്ത് വെറുതെ മുഖത്തു പുരട്ടുന്നതു മുതൽ ഫെയ്സ് പാക്കുകളോ, ഹെയർ പാക്കുകളോ ഉണ്ടാക്കി ഉപയോഗിക്കാനും സാധിക്കുന്നു. കറ്റാർ വാഴ ഉപയോഗിച്ച്, വളരെ എളുപ്പത്തിൽ ചില ഫെയ്സ് മാസ്ക്കുകൾ തയാറാക്കാം. വളരെ മികച്ച ഫലം നൽകാൻ ഇവയ്ക്ക് സാധിക്കും. എളുപ്പത്തിൽ ചെയ്യാവുന്ന ചില മാസ്കുകൾ ചുവടെ.
∙ കറ്റാർ വാഴ-വിറ്റാമിൻ ഇ ഫെയ്സ് മാസ്ക്
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഈ ഫെയ്സ് മാസ്ക് പാടുകൾ നീക്കുകയും ചർമത്തിന് മൃദുത്വമേകുകയും ചെയ്യുന്നു.കറ്റാർവാഴ ജെല്ലിലേക്ക് ഒരു വിറ്റാമിൻ ഇ ടാബ്ലറ്റ് പൊട്ടിച്ചുചേർക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ ഒരുതവണ ഇത് ഉപയോഗിക്കാം.
∙ കറ്റാർവാഴ-വെളിച്ചെണ്ണ ഫെയ്സ് മാസ്ക്
വരണ്ട ചർമത്തിൽ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മോയിസ്ച്യുറൈസറുകളാണ് കറ്റാർവാഴയും വെളിച്ചെണ്ണയും.രണ്ട് സ്പൂൺ കറ്റാര്‍ വാഴനീര്, രണ്ട് സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തുപുരട്ടി, 15-20 മിനിറ്റിനുശേഷം കഴുകിക്കളയാം.
∙ കറ്റാർവാഴ-കാരറ്റ് ഫെയ്സ് മാസ്ക്
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു. സൂര്യതാപം, ചർമത്തിലെ ചുളിവുകൾ എന്നിവയ്ക്കുള്ള ഉത്തമപ്രതിവിധിയുമാണിവ. ഒരു ടീസ്പൂൺ സ്പൂണ്‍ കറ്റാർവാഴ ജെൽ, ഒരു ടീസ്പൂൺ കാരറ്റ് നീര്, ഒരു ടീസ്പൂൺ മുട്ടവെള്ള എന്നിവ ഒരു ബൗളിൽ എടുക്കുക. ഇതു നന്നായി പതപ്പിക്കണം. ഈ മിശ്രിതം മുഖത്തുപുരട്ടി, ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
* പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക.