അലർജി, അണുബാധ, പാലുണ്ണി; മേക്കപ്പ് ചിലപ്പോൾ ചര്‍മത്തിന് വില്ലനാകാം, ശ്രദ്ധിക്കാം ഇവയെല്ലാം
Mail This Article
മേക്കപ്പ് ചെയ്ത് നന്നായി ഒരുങ്ങാൻ ഇഷ്ടമുള്ളവരായിരിക്കും പലരും. എന്നാൽ വേണ്ട രീതിയിൽ ചെയ്‌തില്ലെങ്കിൽ മേക്കപ്പ് ചർമത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മേക്കപ്പ് മൂലം ചർമം ചൊറിഞ്ഞു തടിക്കാം, മുഖക്കുരു ഉണ്ടാകാം, ചുണ്ടിലെ തൊലിയിളകാം...അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടാകാം. പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതി മേക്കപ്പ് ചെയ്യാതിരിക്കാൻ പറ്റുമോ? ഇനി പേടിക്കണ്ട, മേക്കപ്പിനൊരുങ്ങുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.
മറ്റൊരാളുടെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. കാരണം, ഒരേ മേക്കപ്പ് സാധനങ്ങൾ പലർ ഉപയോക്കുന്നത് വഴി കൺകുരു, അരിമ്പാറ, പാലുണ്ണി, ചുണ്ടിനു ചുറ്റും കുമിളകൾ എന്നിവ വരാം.
ത്രെഡിങ്, വാക്‌സിങ് ഇവ വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവ ചെയ്‌ത ശേഷം ആന്റിസെപ്‌ഫ്‌ഫിക് ക്രീം പുരട്ടണം. മേക്കപ്പ് സാധനങ്ങളിൽ ഈർപ്പം കയറാതെ സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈർപ്പമുള്ള വസ്‌തുക്കളിൽ എളുപ്പത്തിൽ ഫംഗസ് വരാൻ സാധ്യതയുണ്ട്. മേക്കപ്പ് നന്നായി കഴുകിയതിനു ശേഷം മാത്രം കിടന്നുറങ്ങാനെപ്പോഴും ശ്രമിക്കണം.
ഐലൈനറിന്റെ അലർജി മൂലം കൺപോളയ്‌ക്ക് ചൊറിച്ചിലും വീക്കവും ഉണ്ടാകാം. കണ്ണിനു ചുറ്റും ചൊറിച്ചിലും തൊലിയിളകി വരുന്നതും ഐഷാഡോയുടെ അലർജി മൂലമാകാം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കി ആരോഗ്യകരമായി മേക്കപ്പ് ഉപയോഗിക്കാം.
സ്‌ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നവർ അവരുടെ ചർമത്തിനിണങ്ങുന്ന നിറവും നല്ല ബ്രാൻഡും തിരഞ്ഞെടുക്കണം. ഒരു മേക്കപ്പ് സാധനവും രണ്ടു വർഷത്തിൽ കൂടുതൽ ഉപയോഗിക്കരുത്. മേക്കപ്പ് പ്രോഡക്റ്റ്സ് വാങ്ങുമ്പോള്‍ മാത്രമല്ല, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.