ADVERTISEMENT

ഷാംപൂവും കണ്ടിഷണറും ഹെയര്‍ സിറവുമൊക്കെ സ്ഥിരമായി ഉപയോഗിച്ചിട്ടും മുടിക്ക് വേണ്ടത്ര തിളക്കവും മിനുസവും കിട്ടുന്നില്ല എന്നു തോന്നിയിട്ടുണ്ടോ? കെട്ടുപിണഞ്ഞതും ചുരുണ്ടതുമായ മുടിയിഴകള്‍ക്ക് യാതൊരു മാറ്റവുമുണ്ടാകുന്നില്ലെന്നും പരാതിയുണ്ടോ? എങ്കില്‍ മുടി കൂടുതല്‍ മൃദുലമാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കാം. ഇതിനു പാര്‍ശ്വഫലങ്ങളും കുറവായിരിക്കും. 

മുടി കഴുകുന്നത് തണുത്ത വെള്ളത്തില്‍
മുടി എപ്പോഴും തണുത്ത വെള്ളത്തില്‍ മാത്രം കഴുകാന്‍ ശ്രദ്ധിക്കണം. ചൂടുവെള്ളമുപയോഗിച്ച് മുടി കഴുകുന്നത് തലയിലെ ബാഹ്യചര്‍മത്തെ ഇളക്കുകയും, മുടി ചുരുളാനും പൊട്ടിപ്പോകാനുമുള്ള സാധ്യത കൂട്ടുകയും ചെയ്യും. നല്ല തണുപ്പുള്ള സമയത്തും മുടി തണുത്ത വെള്ളത്തില്‍ തന്നെ കഴുകുന്നതാണ് ഉചിതം. ചൂടുവെള്ളത്തില്‍ ദേഹം കഴുകിയതിനു ശേഷം മുടി കഴുകാന്‍ മാത്രമായി തണുത്ത വെള്ളമെടുക്കാം. ഏതെങ്കിലും നല്ല ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണര്‍ അപ്ലൈ ചെയ്യാന്‍ ഒരിക്കലും മറക്കരുത്. 

മുടി മൃദുലമാക്കാന്‍ വിനാഗിരി കൊണ്ട് കഴുകാം
മുടിയുടെ പി.എച്ച് 5.5 ആണ്. മുടി കഴുകാന്‍ ഒരു പ്രകൃതിദത്ത മാര്‍ഗമായി ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിക്കാം. മുടി ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിച്ച് കഴുകുന്നതു വഴി മിനുസവും, മൃദുലവും, തിളങ്ങുന്നതുമായ മുടി ലഭിക്കും. ഇത് ശിരോചര്‍മത്തിന്റെ പി.എച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും മറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചത് വഴി മുടിയില്‍ നിക്ഷേപിക്കപ്പെട്ട രാസവസ്തുക്കള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. 

ഇടയ്ക്കിടെ മുടി മുറിക്കാം
ഇടയ്ക്കിടെ മുടി മുറിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും മുടി ചുരുളുന്നതും വരണ്ടുപോകുന്നതുമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാനും ഈ ഇടക്കിടെയുള്ള മുടി വെട്ടല്‍ സഹായിക്കുന്നു. മുടിയുടെ ആരോഗ്യവും മിനുസവും സംരക്ഷിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ മുടി വെട്ടി ഒതുക്കേണ്ടത് അത്യാവശ്യമാണ്. നാലോ ആറോ ആഴ്ചകള്‍ കൂടുമ്പോള്‍ ഇങ്ങനെ മുടി മുറിക്കാവുന്നതാണ്. 

ചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം
ചൂടുള്ള എണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എണ്ണ ചെറുതായി ചൂടാക്കിയ ശേഷം ഇതുപയോഗിച്ച് തലയില്‍ നല്ല രീതിയില്‍ മസാജ് ചെയ്യാവുന്നതാണ്. ആരോഗ്യമുള്ളതും മിനുസമുള്ളതുമായ മുടി ലഭിക്കുന്നതിന് വെളിച്ചെണ്ണ, ഒലീവ് എണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ, ലാവണ്ടര്‍ ഓയില്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. 

ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കാം
മുടിയെ പരിപോഷിപ്പിക്കുന്നതിനും മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഹെയര്‍ മാസ്‌കുകള്‍ ഒരു മികച്ച പരിഹാരമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍, പ്രകൃതിദത്ത എണ്ണ, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ പഴങ്ങളും പ്രോട്ടീനുകളും, പോഷകങ്ങളുമടങ്ങിയ മുട്ട ഉപയോഗിച്ച് ഹെയര്‍ മാസ്‌കുകള്‍ തയാറാക്കാവുന്നതാണ്. കൃത്യമായ അനുപാതത്തില്‍ തയാറാക്കുന്ന മിശ്രിതം മുടിയുടെ അറ്റം മുതല്‍ വേരുകള്‍ വരെ നന്നായി തേച്ചുപിടിപ്പിക്കുക. 45 മിനിറ്റിന് ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകിക്കളയാം.

English Summary:

Expert Tips for Sustaining Silky Hair Naturally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com